Sports

കോപ അമേരിക്ക ഗ്രൂപ്പ് ഡി: മെസ്സി ഹാട്രിക്കില്‍ അര്‍ജന്റീന കസറി

കോപ അമേരിക്ക ഗ്രൂപ്പ് ഡി: മെസ്സി ഹാട്രിക്കില്‍  അര്‍ജന്റീന കസറി
X
messi-celebചിക്കാഗോ: സൂപ്പര്‍താരം ലയണല്‍ മെസ്സി ഹാട്രിക്കുമായി കസറിയപ്പോള്‍ മുന്‍ ചാംപ്യന്‍മാരായ അര്‍ജന്റീന കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീന എതിരില്ലാത്ത അഞ്ച് ഗോളിന് പാനമയെയാണ് തുരത്തിയത്.

ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം ജയം കൂടിയാണിത്. പരിക്കിനെ തുടര്‍ന്ന് ചിലിക്കെതിരായ ആദ്യ മല്‍സരത്തില്‍ കളത്തിന് പുറത്തിരുന്ന മെസ്സി പാനമയ്‌ക്കെതിരേ രണ്ടാംപകുതിയിലാണ് കളത്തിലിറങ്ങിയത്. 61ാം മിനിറ്റില്‍ അഗസ്റ്റോ മാത്തിയസ് ഫെര്‍ണാണ്ടസിന്റെ പകരക്കാരക്കാരനായി കളത്തിലിറങ്ങിയാണ് മെസ്സി മല്‍സരത്തിലെ ഹീറോയായി മാറിയത്.
കളിയുടെ 68, 78, 87 മിനിറ്റുകളിലായിരുന്നു ബാഴ്‌സലോണ സൂപ്പര്‍താരം കൂടിയായ മെസ്സിയുടെ ഗോള്‍ നേട്ടം. നികോളാസ് ഒട്ടമെന്‍ഡിയും സെര്‍ജിയോ അഗ്വേറോയും അര്‍ജന്റീന ഗോള്‍ നേട്ടത്തില്‍ ഓരോ തവണ പങ്കാളിയായി.

അര്‍ജന്റീനയെ വിറപ്പിച്ച ആദ്യപകുതി
ഒട്ടമെന്‍ഡിയിലൂടെ കളിയുടെ ഏഴാം മിനിറ്റില്‍ തന്നെ അര്‍ജന്റീന ആദ്യ ഗോള്‍ നേടിയിരുന്നു. എയ്ഞ്ചല്‍ ഡിമരിയയുടെ ഫ്രീകിക്ക് മികച്ചൊരു ഹെഡ്ഡറിലൂടെ ഒട്ടമെന്‍ഡി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാല്‍, പിന്നീടങ്ങോട്ട് മികച്ച ഗോള്‍ മുന്നേറ്റങ്ങള്‍ നടത്തുന്നതില്‍ അര്‍ജന്റീന പരാജയപ്പെടുകയായിരുന്നു.
അതേസമയം, 31ാം മിനിറ്റില്‍ അനിബല്‍ ഗോഡോയ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും പാനമ മികച്ച കളിയാണ് ആദ്യപകുതിയില്‍ കെട്ടഴിച്ചുവിട്ടത്. അര്‍ജന്റീന താരം ഗെയ്റ്റന്റെ കണ്ണില്‍ കുത്തിയതിനാണ് മല്‍സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഗോദോയിക്ക് പുറത്തുപോവേണ്ടിവന്നത്.
10 പേരായി ചുരുങ്ങിയ പാനമ പ്രതിരോധിച്ച് കളിക്കാതെ ആക്രമിച്ചു കളിക്കുകയായിരുന്നു. ചുവപ്പ് കാര്‍ഡിന് പുറമേ ആദ്യപകുതിയില്‍ ഇരു ടീമിനും കൂടിയായി അഞ്ച് മഞ്ഞക്കാര്‍ഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടിവന്നു. ആദ്യപകുതി അവസാനിക്കാനിരിക്കേ പേശിവലിവ് മൂലം ഡിമരിയക്കു പകരം എറിക് ലമേലയെ അര്‍ജന്റീന കളത്തിലിറക്കി.
Lionel-Messi-celebrates-aft

മെസ്സി വന്നു, എല്ലാം ശരിയായി
രണ്ടാംപകുതിയുടെ തുടക്കത്തിലും അര്‍ജന്റീനയ്ക്ക് കാര്യമായ മികവ് പുറത്തെടുക്കാനായില്ല. എന്നാല്‍, 61ാം മിനിറ്റില്‍ മെസ്സിയുടെ വരവോടെ കളിയുടെ ഗതി ആകെ മാറി. മെസ്സിയുടെ വരവോടെ ഉണര്‍ന്നു കളിച്ച അര്‍ജന്റീന പാനമയുടെ ഗോള്‍ പോസ്റ്റിലേക്ക് നാല് തവണയാണ് നിറയൊഴിച്ചത്. ഇതില്‍ ഹാട്രിക്കുമായി മെസ്സിയായിരുന്നു പടത്തലവന്‍.
മെസ്സിയുടെ മാസ്മരികത കണ്ടതോടെ അതുവരെ ഉര്‍ജസ്വലതയില്‍ കളിച്ചിരുന്ന പാനമ പിന്നീട് നിറംമങ്ങുകയായിരുന്നു. മെസ്സിയുടെ ആദ്യ ഗോള്‍ പാനമയുടെ പ്രതിരോധത്തില്‍ വന്ന പിഴവായിരുന്നു. ഫ്രീകിക്കിലൂടെ രണ്ടാം ഗോള്‍ നേടിയ മെസ്സി മികച്ചൊരു നീക്കത്തിനൊടുവില്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കുകയും ചെയ്തു. 90ാം മിനിറ്റില്‍ അഗ്വേറോ അര്‍ജന്റീനയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

[related]
Next Story

RELATED STORIES

Share it