കോപ്റ്റിക് വിവര്‍ത്തനങ്ങളുടെ ഗ്രീക്ക് പതിപ്പ് കണ്ടെത്തി

ലണ്ടന്‍: യേശുക്രിസ്തുവിന്റെ സഹോദരന്‍ എന്നു കരുതപ്പെടുന്ന ജെയിംസിനു നല്‍കിയ ഉപദേശങ്ങള്‍ അടങ്ങിയ രേഖകള്‍ കണ്ടെത്തി. ഓക്‌സ്ഫഡ് സര്‍വകലാശാലാ വിവരശേഖരത്തില്‍ നിന്നാണ് ഗ്രീക്ക് ഭാഷയിലുള്ള രേഖകള്‍ ലഭിച്ചത്. ഇത്തരത്തിലുള്ള ആദ്യത്തെ ഗ്രീക്ക് രേഖയാണിതെന്നാണ് കണക്കാക്കുന്നത്. മുമ്പ് ഈജിപ്തിലെ നാഗ് ഹമ്മാദി ലൈബ്രറിയില്‍ നിന്ന് ഇത്തരത്തിലുള്ള ഏതാനും രേഖകള്‍ ലഭിച്ചിരുന്നു. രചനകളുടെ കോപ്റ്റിക് വിവര്‍ത്തനങ്ങളുടെ ശേഖരം ഹമ്മാദി ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കിലും ഗ്രീക്ക് ഭാഷയില്‍ പ്രസിദ്ധീകരിച്ച യഥാര്‍ഥ പതിപ്പില്‍ നിന്നുള്ള രേഖകള്‍ കുറച്ചു മാത്രമാണ് ഇതിനു മുമ്പ് ലഭിച്ചത്.
അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍ പുറത്തുവന്ന ഫസ്റ്റ് അപോകാലിപ്‌സ് ഓഫ് ജെയിംസില്‍ നിന്നുള്ള ഭാഗങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്. കോപ്റ്റിക് രചനകള്‍ എന്ന നിലയില്‍ പലപ്പോഴും വിലയിരുത്തപ്പെടാറുള്ള ഫസ്റ്റ് അപോകാലിപ്‌സ് ഓഫ് ജെയിംസിന്റെ ഗ്രീക്ക് ഭാഷയിലുള്ള യഥാര്‍ഥ പതിപ്പിന്റെ ഭാഗങ്ങള്‍ ഇതാദ്യമായാണ് ലഭിക്കുന്നത്. ഗ്രന്ഥത്തിന്റെ കോപ്റ്റിക് വിവര്‍ത്തനങ്ങളാണ് ഇതുവരെ സംരക്ഷിക്കപ്പെട്ടിരുന്നത്.
ജെയിംസും യേശുവുമായുള്ള രഹസ്യമായ ആശയവിനിമയത്തെ സംബന്ധിച്ചു രേഖകളില്‍ പറയുന്നു. സ്വര്‍ഗരാജ്യം, ഭാവി സംഭവങ്ങള്‍, ജെയിംസിന്റെ അനിവാര്യമായ മരണം എന്നിവ സംബന്ധിച്ചു യേശു പറയുന്നു. തന്റെ മരണശേഷം നല്ല അധ്യാപകനാവാന്‍ യേശു ജെയിംസിനെ ഉപദേശിക്കുന്ന ഭാഗങ്ങളും പുതുതായി കണ്ടെത്തിയ രേഖകളിലുള്‍പ്പെടുന്നു. അലക്‌സാന്‍ഡ്രിയ ബിഷപ്പായിരുന്ന അത്തനാസിയസ് നിര്‍ണയിച്ച് വൈദിക അതിര്‍ത്തികള്‍ക്ക് പുറത്തുനിന്നുള്ളവയാണ് രേഖകളെന്ന് ഈ വിഷയത്തില്‍ പഠനം നടത്തുന്ന ടെക്‌സസ് സര്‍വകലാശാലാ ഗവേഷകര്‍ പറഞ്ഞു. കത്തോലിക്കാ സഭയുടെ അധ്യാപനങ്ങള്‍ പലതും തിരസ്‌കരിച്ച ഒരു ക്രൈസ്തവ വിഭാഗത്തിന്റേതാണ് രേഖകള്‍ എന്നാണ് കരുതപ്പെടുന്നത്.
Next Story

RELATED STORIES

Share it