കോപ്റ്റര്‍ ഇടപാട്: ഫിന്‍മെക്കാനിക്ക മുന്‍ മേധാവിക്ക് നാലര വര്‍ഷം തടവ്

മിലാന്‍/ന്യൂഡല്‍ഹി: ഇന്ത്യക്ക് 12 വിവിഐപി ഹെലികോപ്റ്റര്‍ വിറ്റതില്‍ അഴിമതി നടത്തിയെന്ന കേസില്‍ ഇറ്റലിയിലെ ഫിന്‍മെക്കാനിക്ക കമ്പനിയുടെ മുന്‍ മേധാവി ഗിയുസെപ്പെ ഓര്‍സിയെ മിലാന്‍ അപ്പീല്‍ കോടതി നാലരവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. 3,600 കോടിയുടേതാണ് കോപ്റ്റര്‍ ഇടപാട്. ഫിന്‍മെക്കാനിക്കയുടെ അനുബന്ധ സ്ഥാപനമായ അഗസ്ത വെസ്റ്റ് ലാന്റിന്റെ മുന്‍ ചെയര്‍മാന്‍ ബ്രൂണോ സ്പഗ്‌നോലിനിയെയും നാലരവര്‍ഷത്തെ തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഇരുവരും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയെന്ന് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ അന്‍സ അറിയിച്ചു. ഓര്‍സിക്കും സ്പഗ്നോലിനിക്കും യഥാക്രമം ആറും അഞ്ചും വര്‍ഷം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ അഭ്യര്‍ഥിച്ചത്.
കോടതിവിധി ഫിന്‍മെക്കാനിക്കയ്ക്ക് തിരിച്ചടിയാണ്. കോടതിവിധിയെക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഫിന്‍മെക്കാനിക്ക തീര്‍ത്തും മാറിയെന്നും ഇപ്പോള്‍ വ്യത്യസ്ത കമ്പനിയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കീഴ്‌ക്കോടതിയില്‍ നടന്ന ആദ്യ വിചാരണയില്‍ അഴിമതി കുറ്റത്തില്‍ നിന്ന് ഓര്‍സിയെയും സ്പഗ്‌നോലിനിയെയും ഒഴിവാക്കിയിരുന്നു. എന്നാല്‍, വ്യാജരേഖ ചമച്ചതിന് അവരെ രണ്ടുവര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. ഇതിനെതിരേ ഇരുവരും അപ്പീല്‍ നല്‍കി. അഴിമതി കുറ്റം ഒഴിവാക്കിയതിനെതിരേ പ്രോസിക്യൂഷനും ഹരജി നല്‍കിയിരുന്നു.
ഹെലികോപ്റ്റര്‍ ഇടപാട് ഉറപ്പിക്കുന്നതിന് 360 കോടി കോഴ നല്‍കിയെന്നായിരുന്നു കേസ്. ഇതെത്തുടര്‍ന്ന് കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. കേസ് ഇപ്പോഴും സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷിക്കുകയാണ്. വ്യോമസേനാ മുന്‍ മേധാവി എസ്പി ത്യാഗിയും അദ്ദേഹത്തിന്റെ ബന്ധുക്കളുമാണ് കോഴയുടെ ഗുണഭോക്താക്കള്‍ എന്നാണാരോപണം. അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഫിന്‍മെക്കാനിക്കയ്ക്കും അനുബന്ധ കമ്പനികള്‍ക്കും പ്രതിരോധമന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it