കോപ്റ്റര്‍ ഇടപാട്: അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂഡല്‍ഹി: 3,600 കോടി രൂപയുടെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതി സംബന്ധിച്ച അന്വേഷണം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 12 ഹെലിക്കോപ്റ്ററുകള്‍ വാങ്ങുന്നതിനായി കൈപ്പറ്റിയ കോഴയുടെ സ്രോതസ്സ് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി.
ദൃക്‌സാക്ഷികളുടെയും പ്രതികളുടെയും രണ്ടാംഘട്ട ചോദ്യംചെയ്യല്‍ ആരംഭിച്ച ഇഡി മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിയെ ഇന്നു ചോദ്യംചെയ്യും. ത്യാഗിയില്‍നിന്നുള്ള സിബിഐ മൊഴിയെടുക്കല്‍ ഇന്നലെ അവസാനിച്ചിരുന്നു. കേസിലെ പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. ത്യാഗിയുടെ ബന്ധുക്കള്‍ക്കും എമാര്‍ എംജിഎഫ് മേധാവി ശ്രാവണ്‍ ഗുപ്തയ്ക്കും ഇഡി സമന്‍സ് അയച്ചിട്ടുണ്ട്. 2009 സപ്തംബറിനും ഡിസംബറിനും ഇടയില്‍ വിവാദ മധ്യവര്‍ത്തി ഗ്വിഡോ ഹാഷ്‌ക്കി ഈ കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായിരുന്നുവെന്ന റിപോര്‍ട്ട് പുറത്തുവന്നതോടെയാണു ഗുപ്തയും അന്വേഷണപരിധിയില്‍ വന്നത്. ഗുപ്ത അന്വേഷണത്തോടു സഹകരിക്കുമെന്ന് അദ്ദേഹത്തിന്റെ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
കേസില്‍ പ്രതിയായ ഗൗതം ഖേതാന്റെയും ത്യാഗിയുടെ ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കു വിദേശത്തുനിന്നയച്ച കോഴപ്പണം ലഭിച്ചതായി കണ്ടെത്തിയെന്ന് ഇഡി കഴിഞ്ഞ വര്‍ഷം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. തുണീസ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍നിന്നുള്ള ലക്ഷക്കണക്കിന് യൂറോ കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ ത്യാഗിയുടെ ബന്ധുക്കള്‍ കൈപ്പറ്റിയതായി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ഇടനിലക്കാരായ ഹാഷ്‌ക്കി, ഗെറോസ എന്നിവരില്‍നിന്ന് ത്യാഗിയും ബന്ധുക്കളും പണം കൈപ്പറ്റിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, ഗൗതം ഖേതാനെയും സിബിഐ ചോദ്യംചെയ്തു. കേസുമായി ബന്ധപ്പെട്ട് ഗൗതം ഖേതാനെ ആദ്യമായാണ് സിബിഐ ചോദ്യംചെയ്യുന്നത്. അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ കമ്പനി ഫിന്‍മെക്കാനിക്ക അധികൃതരുമായി ചര്‍ച്ചനടത്തിയെന്നു ത്യാഗി മൊഴിനല്‍കിയിരുന്നു. ഇടനിലക്കാര്‍ക്കിടയില്‍ ത്യാഗി അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നതെന്നും സിബിഐ കണ്ടെത്തി.
ആകര്‍ഷകത്വമുള്ള പെണ്‍കുട്ടി എന്നര്‍ഥമുള്ള ഇറ്റാലിയന്‍ വാക്ക് ഗിലി എന്നായിരുന്നു അപരനാമം. പിടിച്ചെടുത്ത ടേപ്പുകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇടനിലക്കാരും ത്യാഗിയുടെ സഹോദരന്‍മാരും അടക്കം 14 പേര്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ് പി ത്യാഗി വ്യോമസേനാ തലവനായിരിക്കെ 2005 മാര്‍ച്ച് എഴിനു നടന്ന യോഗത്തില്‍ വിവിഐപി ഹെലികോപ്റ്ററുകളുടെ സാങ്കേതിക മാനദണ്ഡങ്ങള്‍ അഗസ്ത വെസ്റ്റ്‌ലാന്റിന് അനുകൂലമായി മാറ്റിയെന്നാണ് കേസ്.
Next Story

RELATED STORIES

Share it