കോപ്പിയടി വിവാദം: സസ്‌പെന്‍ഷനിലായ ടി ജെ ജോസിനെ തിരിച്ചെടുത്തു

തിരുവനന്തപുരം: കോപ്പിയടി വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ഐജി ടി ജെ ജോസിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ടി ജെ ജോസിനെ കേഡര്‍ തസ്തികയായ ഹോം ഗാര്‍ഡ്‌സ്, കമ്മ്യൂണിറ്റി പോലിസിങ് ആന്റ് ജെന്‍ഡര്‍ ജസ്റ്റിസ് ഐജിയായി നിമയിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. എസ്പി, ഡിവൈഎസ്പി തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി ഉത്തരവായി. കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ നടന്ന എംജി സര്‍വകലാശാലയുടെ എല്‍എല്‍എം ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെയാണ് ഐജി ടി ജെ ജോസ് കോപ്പിയടിക്കു പിടിക്കപ്പെട്ടത്. തുടര്‍ന്ന് ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍.
അതേസമയം, മലപ്പുറം എസ്പി ആയിരുന്ന ദേബേഷ് കുമാര്‍ ബെഹ്‌റയെ പാലക്കാട് എസ്പിയായി സ്ഥലംമാറ്റി നിയമിച്ചു. പാലക്കാട് എസ്പിയായിരുന്ന എന്‍ വിജയകുമാര്‍ സ്ഥലംമാറിയ ഒഴിവിലേക്കാണു നിയമനം. എന്‍ വിജയകുമാറിന്റെ സ്ഥലംമാറ്റം സംബന്ധിച്ചു പീന്നീട് ഉത്തരവിറക്കും. ഉത്തരമേഖലാ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ സെല്‍ എസ്പിയായിരുന്ന കെ വിജയനെ മലപ്പുറം എസ്പിയായി നിയമിച്ചു. ആന്റി പൈറസി സെല്‍ എസ്പി പ്രതീഷ് കുമാറിനെ കോഴിക്കോട് റൂറല്‍ എസ്പിയായി സ്ഥലംമാറ്റി നിയമിച്ചു.
കൊച്ചി സിറ്റി ലോ ആന്റ് ഓര്‍ഡര്‍, ട്രാഫിക് ഡിവൈഎസ്പിയായിരുന്ന ഹരി ശങ്കറിനെ ആന്റി പൈറസി സെല്‍ എസ്പിയായി നിയമിച്ചു. നോണ്‍ ഐപിഎസ് വിഭാഗത്തിലുള്ള രണ്ട് എസ്പിമാരെയും ഒമ്പത് ഡിവൈഎസ്പിമാരെയും സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. വിജിലന്‍സ് മധ്യമേഖല എസ്പി കെ എം ആന്റണിയെ ഉത്തരമേഖലാ വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ എസ്പിയായി നിയമിച്ചു. ദക്ഷിണ മേഖലാ ട്രാഫിക് എസ്പി ആയിരുന്ന എന്‍ വിജയകുമാറിനെ ടെലി കമ്മ്യൂണിക്കേഷന്‍സ് എസ്പിയായി നിയമിച്ചു.
സ്ഥലംമാറ്റിയ ഡിവൈഎസ്പിമാര്‍.
പേര്, പുതിയ നിയമനം, എന്ന ക്രമത്തില്‍. എം കെ സുല്‍ഫിക്കര്‍- ഡിവൈഎസ്പി, പാലക്കാട്. സി കെ രാമചന്ദ്രന്‍- ഡിവൈഎസ്പി, ആലത്തൂര്‍. പി ഡി ശശി- ഡിവൈഎസ്പി, സ്‌പെഷ്യല്‍ ബ്രാഞ്ച്, ആലപ്പുഴ. ജോര്‍ജ് ചെറിയാന്‍-ഡിവൈഎസ്പി, വിജിലന്‍സ്, പാലക്കാട്. സി കെ ഉത്തമന്‍- ഡിവൈഎസ്പി, അഡ്മിനിസ്‌ട്രേഷന്‍, ആലപ്പുഴ. എന്‍ പാര്‍ഥസാരഥി പിള്ള- ഡിവൈഎസ്പി, സ്‌പെഷ്യല്‍ ബ്രാഞ്ച്, പത്തനംതിട്ട. എം എ മുരളീധരന്‍- ഡിവൈഎസ്പി, എസ്ബിസിഐഡി, ആലപ്പുഴ. പി ടി ബാലന്‍- ഡിവൈഎസ്പി, നാര്‍ക്കോട്ടിക് സെല്‍, മലപ്പുറം. കെ അശോക് കുമാര്‍- ഡിവൈഎസ്പി, എസ്എംഎസ്, വയനാട്.
Next Story

RELATED STORIES

Share it