Second edit

കോപ്പിയടി തടയാന്‍

മാബൈല്‍ ഫോണും ഇന്റര്‍നെറ്റും വന്നതോടെ പരീക്ഷാഹാളില്‍ കോപ്പിയടി വല്ലാതങ്ങു വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ പല രാജ്യങ്ങളും പരീക്ഷയ്ക്കു വരുന്നവരെ പലവിധ പരിശോധനകളും നടത്തിയാണ് അകത്തുവിടാറുള്ളത്. മെറ്റല്‍ ഡിറ്റക്റ്റര്‍, നിരീക്ഷണ കാമറ, മൊബൈല്‍ഫോണ്‍ ജാമര്‍ എന്നിവയ്ക്കു പുറമേ ചില രാജ്യങ്ങള്‍ ആകാശനിരീക്ഷണത്തിനായി ഡ്രോണുകള്‍ വരെ ഉപയോഗിക്കുന്നു.
അതൊന്നും വേണ്ടത്ര ഫലപ്രദമാവാത്തതിനാല്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷയ്ക്ക് കോപ്പിയടി വളരെ വ്യാപകമായതിനെ തുടര്‍ന്ന് ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ അല്‍ജീരിയയും മൗറിത്താനിയയും കുറേക്കൂടി കടന്ന പ്രയോഗങ്ങള്‍ക്കാണു മുതിരുന്നത്. ഈ രണ്ടു രാജ്യങ്ങളും പരീക്ഷക്കാലത്ത് ഇന്റര്‍നെറ്റ് സംവിധാനം തന്നെയങ്ങ് അടച്ചുപൂട്ടി. അവര്‍ ഇറാഖ്, എത്യോപ്യ തുടങ്ങിയ രാജ്യങ്ങള്‍ പയറ്റിയ അതേ തന്ത്രം തന്നെ അനുകരിക്കുകയായിരുന്നു.
മികച്ച സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിന് നല്ല മാര്‍ക്ക് വേണ്ടതിനാല്‍ വിദ്യാര്‍ഥികളും അധ്യാപകരും പരിശീലകരും പല സൂത്രപ്പണികളും ഒപ്പിക്കാറുണ്ട്. സിബിഎസ്ഇയുടെ ചോദ്യപേപ്പര്‍ നേരത്തേ എത്തിച്ചുകൊടുത്ത് കാശു വാങ്ങുന്നതിന് ഡല്‍ഹിയിലും മറ്റു നഗരങ്ങളിലും ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നേരത്തേ വാട്‌സ്ആപ്പ് മുഖേന അയക്കുന്ന സംഘങ്ങള്‍ പല രാജ്യങ്ങളിലുമുണ്ട്. 2016ല്‍ അല്‍ജീരിയയില്‍ ഫേസ്ബുക്കിലാണ് സ്‌കൂള്‍ ഫൈനല്‍ പരീക്ഷയുടെ ഉത്തരങ്ങളിട്ടത്. എന്നാല്‍, ഇന്റര്‍നെറ്റ് അടച്ചുപൂട്ടിയത് മൊത്തത്തില്‍ വലിയ നഷ്ടമാണു വരുത്തിവയ്ക്കുക. യുഎസിലെ ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്റെ കണക്കുപ്രകാരം നഷ്ടം 240 കോടി ഡോളര്‍ വരും.
Next Story

RELATED STORIES

Share it