Middlepiece

കോപ്പിയടിക്കാതിരിക്കാന്‍ വസ്ത്രമഴിക്കണോ?

മുഹമ്മദ് ഷമീര്‍

കൈയക്ഷരം നന്നാവാത്തതിനു പേനയെ കുറ്റംപറയുന്നവരുടെ സ്വഭാവമാണ് ഇപ്പോള്‍ സിബിഎസ്ഇ അധികൃതര്‍ കാണിക്കുന്നത്. സുതാര്യമായി പരീക്ഷകള്‍ നടത്താനുള്ള തങ്ങളുടെ കഴിവുകുറവ് മറച്ചുവച്ച് യഥാര്‍ഥ കാരണം വിദ്യാര്‍ഥികളുടെ വസ്ത്രമാണെന്ന വമ്പിച്ച കണ്ടുപിടിത്തമാണ് സിബിഎസ്ഇ നടത്തിയിട്ടുള്ളത്. എന്നോ നടന്ന ഒരു പരീക്ഷയില്‍ കോപ്പിയടി നടന്നതിനു പ്രതിവിധിയായും ഇനി നടക്കാന്‍പോവുന്ന പരീക്ഷകളില്‍ കോപ്പിയടിക്ക് കാരണമാവാതിരിക്കാനുംകൂടി എടുത്ത അപൂര്‍വങ്ങളില്‍ അപൂര്‍വമായ മുന്‍കരുതലാണ് വിദ്യാര്‍ഥികള്‍ ധരിക്കുന്ന വസ്ത്രത്തെ നിയന്ത്രിക്കുക. അതിലൂടെ സമ്പൂര്‍ണ കോപ്പിയടിമുക്ത പരീക്ഷകള്‍ നടത്താന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സിബിഎസ്ഇയുടെ പകല്‍സ്വപ്‌നം. വിദ്യാര്‍ഥികള്‍ വാച്ച്, ഷൂസ്, ആഭരണങ്ങള്‍, സ്‌കാര്‍ഫ്, ഫുള്‍കൈയുള്ള വസ്ത്രങ്ങള്‍, ശിരോവസ്ത്രം മുതലായവയൊന്നും ധരിക്കാന്‍ പാടില്ല. ചുരുക്കിപ്പറഞ്ഞാല്‍ വീട്ടില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ധരിക്കുന്ന വസ്ത്രം ധരിച്ചുവേണം വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കു വരാന്‍. ഈ കാര്യങ്ങള്‍ വ്യക്തമാക്കി സിബിഎസ്ഇ ഇറക്കിയ സര്‍ക്കുലര്‍ തന്നെ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. അതു വായിച്ചു മനസ്സിലാക്കാന്‍ തന്നെ വേണം ഒരു പരീക്ഷയ്ക്ക് പഠിക്കുന്ന സമയം. പക്ഷേ, ഇത്തരമൊരു വിഷയം ഉയര്‍ന്നിട്ട് മതേതര വിദ്യാര്‍ഥിസംഘടനകളുടെയോ ബുദ്ധിജീവികളുടെയോ ഒരു പ്രസ്താവനപോലും ഉണ്ടായിട്ടില്ല. വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ വസ്ത്രം ധരിക്കാനുള്ള അവകാശസമരത്തെ പിന്തുണയ്ക്കാത്തത് കപടത തന്നെയാണ്.
ഡിജിറ്റല്‍ ഇന്ത്യയിലേക്കു രാജ്യത്തെ വളര്‍ത്താന്‍(?) പരിശ്രമിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനു കീഴിലുള്ള ഭരണം പൊടിപൊടിക്കുമ്പോഴാണ് സിബിഎസ്ഇയുടെ ഈ തുഗ്ലക്ക് പരിഷ്‌കാരം.

[related]വിദ്യാര്‍ഥികളുടെ കോപ്പിയടി തടയാന്‍ കണ്ടെത്തിയ മാര്‍ഗം കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍പോലും മൂക്കത്ത് വിരല്‍ വച്ചുപോവും. എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരം പഴയ മനുസ്മൃതിയിലും പുരാണങ്ങളിലും ഉണ്ടെന്നു കരുതുന്ന സംഘികള്‍ക്ക് ഒരുപക്ഷേ, കോപ്പിയടിക്കുള്ള പരിഹാരം ആധുനിക സാങ്കേതികവിദ്യകളില്‍നിന്ന് ഉള്‍ക്കൊള്ളാനുള്ള വിമുഖതയാവും പ്രാകൃതരീതിയായ വസ്ത്രമഴിപ്പിക്കല്‍ നടത്തുന്നതിനു പിന്നില്‍. വിദ്യാര്‍ഥികളെ വസ്ത്രമൂരി പരീക്ഷ എഴുതിക്കുന്ന സിബിഎസ്ഇയുടെ ഈ രീതി ഫലപ്രദമാണെന്ന് ഇന്ത്യന്‍ സൈന്യത്തിനും കൂടി തോന്നിയിട്ടുണ്ടെന്നുവേണം കരുതാന്‍. അതുകൊണ്ടാണല്ലോ ബിഹാറിലെ മുസഫര്‍പൂരില്‍ നടന്ന ആര്‍മി പ്രവേശനപ്പരീക്ഷയ്ക്ക് കോപ്പിയടി തടയാന്‍ ഉദ്യോഗാര്‍ഥികളെ അടിവസ്ത്രത്തില്‍ പരീക്ഷ എഴുതിച്ചത്. ഇവിടെ ഉയരുന്ന വളരെ നിഷ്‌കളങ്കമായ ഒരു ചോദ്യമുണ്ട്. അരകൈയിട്ടിട്ടും വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ചാല്‍ ആര്‍മി ചെയ്തതുപോലെ സിബിഎസ്ഇയും വിദ്യാര്‍ഥികളെ അടിവസ്ത്രത്തില്‍ പരീക്ഷയെഴുതിക്കുമോ?
പ്രതിവര്‍ഷം ആറുലക്ഷത്തിനടുത്ത് വിദ്യാര്‍ഥികള്‍ എഴുതുന്ന ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ 2015ല്‍ വിദ്യാര്‍ഥികള്‍ ഇലക്ട്രോണിക് യന്ത്രങ്ങള്‍ ഉപയോഗിച്ച് പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സുപ്രിംകോടതി ഇടപെട്ട് ശക്തമായ മേല്‍നോട്ടത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ മറപിടിച്ചാണ് സിബിഎസ്ഇ ഈ വര്‍ഷവും പരീക്ഷയ്ക്ക് വിദ്യാര്‍ഥികളുടെ വസ്ത്രസ്വാതന്ത്ര്യം ഹനിക്കാന്‍ തീരുമാനിച്ചത്. രണ്ടു പ്രധാന പ്രശ്‌നങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്. ഒന്ന്, വിദ്യാര്‍ഥികളുടെ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ ഭരണകൂടം നടത്തുന്ന അനാവശ്യമായ ഇടപെടല്‍. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണത്തില്‍ കയറിയതു മുതല്‍ തന്നെ വിദ്യാര്‍ഥികളുടെ മാത്രമല്ല, സാധാരണക്കാരായ പൗരന്മാരുടെ തിന്നാനും എഴുതാനും പറയാനുമുള്ള സ്വാതന്ത്ര്യത്തിനുമേല്‍ അന്യായ കൈയേറ്റം ആരംഭിച്ചിരുന്നു. ജനങ്ങള്‍ എന്തു കഴിക്കണമെന്നും എന്തു പറയണമെന്നും എന്തു ഭക്ഷിക്കണമെന്നും വരെ തങ്ങള്‍ തീരുമാനിക്കുമെന്ന ധാര്‍ഷ്ട്യത്തോടെ ജനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഭരണത്തിലിരിക്കുന്നതാണ് ഇത്തരത്തില്‍ വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ സിബിഎസ്ഇക്ക് പ്രചോദനമായതെന്നുവേണം കരുതാന്‍. മറ്റൊന്ന് മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ് ന്യൂനപക്ഷ വിഭാഗങ്ങളുടെ മതസ്വാതന്ത്ര്യത്തിനുമേലുള്ള സിബിഎസ്ഇയുടെ കടന്നുകയറ്റമാണ്. ഇന്ത്യന്‍ ഭരണഘടന ഈ രാജ്യത്തെ ഓരോ പൗരനും അവന്‍ വിശ്വസിക്കുന്ന ആദര്‍ശത്തില്‍/മതത്തില്‍ വിശ്വസിക്കാനും ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം നല്‍കുന്നുണ്ട്. അത് ലംഘിക്കാന്‍ സിബിഎസ്ഇക്ക് ആരാണ് അധികാരം നല്‍കുന്നത്? ഇവിടെ സിബിഎസ്ഇ ഇങ്ങനെ വസ്ത്രനിയന്ത്രണം എര്‍പ്പെടുത്തി ഒരു സര്‍ക്കുലര്‍ ഇറക്കുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മുസ്‌ലിം വിദ്യാര്‍ഥിനികളെയും ക്രിസ്ത്യന്‍ സമുദായത്തിലെ കന്യാസ്ത്രീകളെയുമാണ്. അവരുടെ മതപരമായ വിശ്വാസപ്രകാരം തലമറയ്ക്കല്‍ നിര്‍ബന്ധമായി ചെയ്തുവരുന്നതാണ്. ഇങ്ങനെയൊരു സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വരുത്തുമ്പോള്‍ അവര്‍ക്ക് തങ്ങളുടെ ഹിജാബുകള്‍ അഴിച്ചുവയ്‌ക്കേണ്ടിവരും. ഇങ്ങനെയൊരു കീഴ്‌വഴക്കം മറ്റു പരീക്ഷ നടത്തുന്നവര്‍ക്കു മാത്രമല്ല, സ്ഥാപനങ്ങള്‍ക്കു വരെ പ്രചോദനമായെന്നും വരാം. അത് ഇപ്പോഴുള്ളതിനെക്കാള്‍ വലിയ അരക്ഷിതാവസ്ഥ തന്നെ ന്യൂനപക്ഷങ്ങള്‍ക്ക് സമൂഹത്തില്‍ ഉണ്ടാക്കും. കുറച്ചുനാള്‍ മുമ്പുവരെ കേരളത്തിലെ കന്യാസ്ത്രീകളാല്‍ നടത്തപ്പെടുന്ന പല ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളും മുസ്‌ലിം വിദ്യാര്‍ഥിനികളുടെ ഹിജാബുകള്‍ അനുവദിക്കാത്ത പ്രശ്‌നം ഉയര്‍ന്നിട്ടുണ്ട്. പല കോളജുകളിലും മുസ്‌ലിം വിദ്യാര്‍ഥികള്‍ സമരം നടത്തിയാണ് ഹിജാബ് ധരിക്കാന്‍ അവകാശം നേടിയെടുത്തത്.
Next Story

RELATED STORIES

Share it