Flash News

കോപ്പലാശാന്റെ കീഴില്‍ ജംഷഡ്പൂര്‍ എഫ്‌സി



വിഷ്ണു സലി

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാമെല്ലാമായിരുന്ന സ്റ്റീവ് കോപ്പലെന്ന കോപ്പലാശാന്‍ തന്ത്രങ്ങളോതുന്ന ടീമാണ് ജംഷഡ്പൂര്‍ എഫ്‌സി. ഐഎസ്എല്ലിന്റെ നാലാം സീസണിലൂടെ   അരങ്ങേറ്റം  കുറിക്കാനൊരുങ്ങുന്ന  ജംഷഡ്പൂര്‍ എഫ്‌സിക്ക് പ്രതീക്ഷകള്‍ വാനോളം. അവസാന സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലേക്ക് കൈപിടിച്ച് നടത്തിയ കോപ്പലാശാന്റെ കൂള്‍ തന്ത്രങ്ങള്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് വേണ്ടിയും അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ടീം ഉള്ളത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകനായിരുന്ന  ഇഷ്ഫാഖ് അഹ്മദും ജംഷഡ്പൂര്‍ എഫ്‌സിക്കൊപ്പം പടയൊരുക്കം നടത്തുമ്പോള്‍ അരങ്ങേറ്റ സീസണില്‍ തന്നെ ജംഷഡ്പൂര്‍ എഫ്‌സിക്ക് കിരീടം സ്വപ്‌നം കാണാം.
പരിചയസമ്പന്നരായ മുന്‍നിരക്കാര്‍
ബ്ലാസ്റ്റേഴ്‌സിന്റെ പടിയിറങ്ങി ജംഷഡ്പൂര്‍ എഫ്‌സിക്കൊപ്പം ചേക്കേറിയ കോപ്പലാശാന്‍ കൃത്യമായ കണക്കുകൂട്ടലിലാണ് ഇത്തവണത്തെ സീസണിലെത്തുന്നത്. ഫോര്‍വേഡില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ താരമായിരുന്ന കെവിന്‍ ബെല്‍ഫോര്‍ട്ടിന്റെ കളി മികവ് തന്നെയാണ് ജംഷഡ്പൂര്‍ എഫ്‌സിയുടെ കുന്തമുന.  ഫ്രാന്‍സ്, സ്വിസര്‍ലന്‍ഡ്, സൈപ്രസ്, തുര്‍ക്കി  എന്നിവിടങ്ങളിലെ എഫ്‌സി മന്‍സ് , എഫ്‌സി സിയോണ്‍, എത്‌നിക്കോസ് അച്ചന എഫ്‌സി , 1461 ട്രാബ്‌സന്‍ എന്നീ ടീമുകളില്‍ കളിച്ച പരിചയ സമ്പത്തുള്ള ബെല്‍ഫോര്‍ട്ട് കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി 15 മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു. കില്ലര്‍ ആക്ഷന്‍ കൊണ്ട് ഐഎസ്എല്ലില്‍ ആരാധകര്‍ ഏറെയുള്ള താരംകൂടിയാണ് ബെല്‍ഫോര്‍ട്ട്. മുന്‍ നിരയില്‍ ബെല്‍ഫോര്‍ട്ടിനൊപ്പം ടാല ഏന്‍ഡ്യയെ,സുമേത് പാസി, ജെറി മവിഹമിംതംഗ, ഫറൂഖ് ചൗധരി, അസിം ബിസ്വാസ് എന്നിവരും ജംഷഡ്പൂര്‍ എഫ്‌സിക്കൊപ്പമുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചിട്ടില്ലെങ്കിലും 31 കാരനായ ടാല ഏന്‍ഡ്യയെ ഔരില്ലാക് എഫ് സി, എഫ് സി ചല്ലന്‍സ്, വീദിസീ എന്നീ ഫ്രഞ്ച് ക്ലബ്ബുകളില്‍ കളിച്ച അനുഭവ സമ്പത്തുള്ള താരമാണ്. അതേ സമയം കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഭാഗമായിരുന്ന സുമേത് പാസിക്ക് പരിക്ക് മൂലം ശ്രദ്ധിക്കപ്പെടാന്‍ കഴഞ്ഞിരുന്നില്ല. ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ അക്കാദമിക്ക് കീഴില്‍ ലഭിച്ച പരിശീലനത്തിന്റെ കരുത്തുമായെത്തുന്ന ജെറിയും കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച ഫാറൂഖ് ചൗധരിയും പ്രീ സീസണില്‍ രണ്ടു ഗോളുകളോടെ കളം നിറഞ്ഞ് കളിച്ച അസിം ബിസ്വാസും ജംഷഡ്പൂര്‍ എഫ്‌സിക്ക് കിരീടം സമ്മാനിക്കാന്‍ പ്രാപ്തിയുള്ള താരങ്ങള്‍ തന്നെയാണ്.
മധ്യനിരയും ശക്തം
മധ്യനിരയില്‍ മാന്ത്രികത കാട്ടാന്‍ ബ്രസീലില്‍ നിന്നുള്ള എമേഴ്‌സന്‍ ഗോമസ്, മുന്‍ എഫ്‌സി ഗോവതാരം ട്രിന്‍ഡാഡെ ഗോണ്‍സാല്‍വസ്, സമീഹ് സൗത്തി, ഇന്ത്യയുടെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ മെഹ്താബ് ഹുസൈന്‍ എന്നിവരാണ് ജംഷഡ്പൂരിന്റെ മധ്യനിരയില്‍ പന്ത് തട്ടാനെത്തുന്നത്.കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഡൈനാമോസ് എഫ്‌സി എന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫ്രാഞ്ചൈസിയില്‍ 10 മല്‍സരങ്ങള്‍ കളിച്ച താരമാണ് എമേഴ്‌സണ്‍ ഗോമസ്. ബ്രസീലിയന്‍ ക്ലബ്ലുകളായ ഫ്‌ലെമെംഗോ, സിയേറ,ഓഡക്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച് പരിചയമുള്ള താരമാണ് ട്രിന്‍ഡാഡെ ഗോണ്‍സാല്‍വസ്. ദക്ഷിണാഫ്രിക്കന്‍ ക്ലബ്ബുകളായ ഓര്‍ലാന്റേ പൈറേറ്റ്,  സൂപ്പര്‍സ്‌പോര്‍ട് യുനൈറ്റഡ്, ബിദ്വേസ്‌റ് വിട്‌സ് തുടങ്ങിയ ടീമുകള്‍ക്കൊപ്പം പന്ത് തട്ടിയ കരുത്തുമായാണ് സമീഹ് സൗത്തി എത്തുന്നത്. അതേ സമയം ഇന്ത്യന്‍ മൈതാനങ്ങളില്‍ ഏറെ അനുഭവസമ്പത്തുള്ള ഇന്ത്യയുടെ സ്വന്തം മെഹ്താബ് ഹുസൈന്‍ തന്നെയാവും മധ്യനിരയിലെ ജംഷഡ്പൂര്‍ എഫ്‌സിയുടെ വജ്രായുധം. 2015ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിടപറഞ്ഞെങ്കിലും കളിക്കരുത്ത് ഏറെയുള്ള മെഹ്താബ് ജംഷഡ്പൂര്‍ എഫ്‌സിയ്ക്ക് മുതല്‍ക്കൂട്ടാണ്.
അനസ് നയിക്കുന്ന പ്രതിരോധം
ഇന്ത്യന്‍ ദേശീയ ടീമിന്റെ സജീവ സാന്നിധ്യവും മലയാളികളുടെ അഭിമാനവുമായ അനസ് എടത്തൊടിക അണിനിരക്കുന്ന പ്രതിരോധനിരയാണ് ജംഷഡ്പൂര്‍ എഫ്‌സിയുടെ ശക്തി. ഐലീഗില്‍ മോഹന്‍ ബഗാന് വേണ്ടിയും ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിന് വേണ്ടിയും പന്ത് തട്ടിയിട്ടുള്ള അനസ് അണിനിരക്കുന്ന പ്രതിരോധ നിരയെ ഭേദിക്കാന്‍ എതിരാളികള്‍ക്ക് നന്നായി തന്നെ വിയര്‍ക്കേണ്ടി വരും. രണ്ടാം സീസണില്‍ 41 ലക്ഷത്തിന് ഡല്‍ഹി സ്വന്തമാക്കിയ അനസ് എടത്തൊടികയെ 2017 ല്‍ 1.1 കോടി മുടക്കിയാണ് ജംഷഡ്പൂര്‍ എഫ് സി സ്വന്തമാക്കിയത്. ഗ്രീസ്, പോര്‍ച്ചുഗല്‍, റഷ്യ എന്നിവിടങ്ങളില്‍ പരിചയ സമ്പത്തുള്ള ആന്ദ്രെ  ബൈക്കി, മുന്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത താരമായ ജോസ് ലൂയിസ്, ഐലീഗില്‍ ഡിഎസ്‌കെ ശിവജിയന്‍സ് താരമായ 19കാരന്‍ സെയ്‌റുത് കിമ എന്നിവരും പ്രതിരോധത്തില്‍ കോട്ടകെട്ടാനിറങ്ങും.ഗോള്‍വല കാക്കാന്‍ സുബ്രതോ പോള്‍ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സൂപ്പര്‍ ഗോളി സുബ്രതോ പോളാണ് ജംഷഡ്പൂര്‍ എഫ്‌സിയുടെ ഗോള്‍വല കാക്കാനിറങ്ങുന്നത്. ആദ്യ  സീസണില്‍ മുംബൈ സിറ്റി എഫ് സിക്ക് വേണ്ടിയും പിന്നീട് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് വേണ്ടിയും സുബ്രതോ പോള്‍ വലകാത്തു.
Next Story

RELATED STORIES

Share it