Flash News

കോപാ ഇറ്റാലിയ : തുടര്‍ച്ചയായി മൂന്നാം തവണയും യുവന്റസ് ജേതാക്കള്‍



റോം: ഇറ്റാലിയന്‍ കാല്‍പന്തില്‍ യുവന്റസിനെ മറികടക്കാന്‍ ആരുമില്ലെന്ന് അവര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ഇന്നലെ ഫൈനലില്‍ ലസിയോയെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് തകര്‍ത്താണ് യുവന്റസ് തുടര്‍ച്ചയായ മൂന്നാം തവണയും കോപാ ഇറ്റാലിയ ചാംപ്യന്മാരായത്. സീരി എയില്‍ കിരീടം ഏതാണ്ട് ഉറപ്പിച്ചിരിക്കുന്ന യുവന്റസ് ചാംപ്യന്‍സ് ലീഗില്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. അല്ലെഗ്രിയുടെ ശിക്ഷണത്തില്‍ തളര്‍ച്ചയില്ലാതെ കുതിക്കുന്ന യുവന്റസിന്റെ കിരീടത്തില്‍ ഇതോടെ മറ്റൊരു പൊന്‍തൂവല്‍ കൂടിയായി. ഒരു ടീം തുടര്‍ച്ചയായി മൂന്ന് തവണ കോപാ ഇറ്റാലിയ കിരീടം നേടുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.ചാംപ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഫോമിലായ ഡാനി ആല്‍വസിലൂടെയാണ് കോപാ ഇറ്റാലിയ ഫൈനലില്‍ യുവന്റസ് ആദ്യഗോള്‍ നേടിയത്. അലെക്‌സാന്‍ട്രോയുടെ പാസ്സില്‍ വോളിയിലൂടെയാണ് ആല്‍വസ് 12ാം മിനിറ്റില്‍ തന്നെ ഇറ്റാലിയന്‍ വമ്പന്മാരെ മുന്നിലെത്തിച്ചത്. പിന്നീട് 25ാം മിനിറ്റില്‍ ബൊനൂച്ചി ലീഡ് ഇരട്ടിയാക്കി. ഇത്തവണയും ഗോള്‍ അവസരം സൃഷ്ടിച്ചത് അലെക്‌സാന്‍ട്രോയായിരുന്നു. രണ്ടാംപകുതിയില്‍ യുവന്റസിന് അവസരങ്ങള്‍ കുറവായിരുന്നു. നാലു തവണ മാത്രമാണ് യുവന്റസ് എതിരാളികള്‍ക്കെതിരേ ഗോളിന് ശ്രമിച്ചത്. എന്നാല്‍, 13 തവണ കരുത്തന്മാരുടെ വല കുലുക്കാന്‍ ശ്രമിച്ച ലസിയോയുടെ ശ്രമങ്ങള്‍ ഒന്നും വിജയം കണ്ടില്ല. ഗോള്‍ രഹിതമായി രണ്ടാം പകുതി അവസാനിച്ചതോടെ, കോപാ ഇറ്റാലിയയില്‍ ട്രിപ്പിള്‍ തികച്ചുകൊണ്ട് യുവന്റസ് ചരിത്രത്തിലേറി. ഇനി ചാംപ്യന്‍സ് ലീഗ് കിരീടവും കൂടി സ്വന്തമാക്കുക എന്നതാണ് അല്ലെഗ്രിയുടെയും ശിഷ്യഗണങ്ങളുടെയും അടുത്ത ലക്ഷ്യം.
Next Story

RELATED STORIES

Share it