Pathanamthitta local

കോന്നി മെഡിക്കല്‍ കോളജ് അംഗീകാരം : എംസിഎക്ക് അപേക്ഷ നല്‍കിയില്ല - അടൂര്‍ പ്രകാശ്



കോന്നി: സംസ്ഥാന സര്‍ക്കാര്‍ മനസ്സുവച്ചിരുന്നെങ്കില്‍ കോന്നി മെഡിക്കല്‍ കോളജില്‍ ഇക്കൊല്ലം ക്ലാസുകള്‍ ആരംഭിക്കാമായിരുന്നുവെന്ന് അടൂര്‍ പ്രകാശ് എംഎല്‍എ. മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2013 ജനുവരി 25നു തുടക്കം കുറിച്ചതാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്. യുഡിഎഫ് സര്‍ക്കാരിനു തുടര്‍ഭരണം ലഭിച്ചിരുന്നുവെങ്കില്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഇതിനോടകം ആരംഭിക്കാനാവുമായിരുന്നെന്നും അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അനുവദിച്ച കോന്നി മെഡിക്കല്‍ കോളജിനുവേണ്ടി 50 ഏക്കര്‍ സ്ഥലം അനുവദിക്കുകയും നബാര്‍ഡില്‍ നിന്നാവശ്യമായ പണം കണ്ടെത്താന്‍ നടപടി സ്വീകരിച്ചതുമാണ്. 2011ല്‍ താന്‍ ആരോഗ്യമന്ത്രിയായിരിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ നടപ്പാക്കിയതെന്ന് പ്രകാശ് പറഞ്ഞു. നബാര്‍ഡില്‍ നിന്ന് 142 കോടി രൂപയും ബജറ്റില്‍ പറഞ്ഞ 25 കോടിയും ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ കോളജിന്റെ ഒന്നാംഘട്ട നിര്‍മാണം ആരംഭിച്ചത്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാണ് നിര്‍മാണ പ്രവര്‍ത്തനം നടന്നുവന്നത്. 300 കിടക്കകളുള്ള ആശുപത്രി സമുച്ചയവും അക്കാദമിക് ബ്ലോക്കുമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ചുമതലയിലുള്ള എച്ച്എല്‍എല്ലിനെയാണ് ഏല്‍പിച്ചത്. എച്ച്എല്‍എല്‍ ടെന്‍ഡര്‍ നടത്തി നാഗാര്‍ജുന കണ്‍സ്്ട്രക്ഷന്‍ കമ്പനിയെ ഏല്‍പിച്ചു. 2014 മെയ് 15 മുതല്‍ നാഗാര്‍ജുന കണ്‍സട്രക്ഷന്‍ കമ്പനി നിര്‍മാണ പ്രവര്‍ത്തനം അതിവേഗം മുന്നോട്ടു കൊണ്ടുപോവുകയാണ്. 300 കിടക്കകളുള്ള ആശുപത്രി സമുച്ചയത്തിന്റെ പണികള്‍ 80 ശതമാനവും പൂര്‍ത്തീകരിച്ചു. ടൈല്‍സ് ഇടീല്‍, വയറിങ്, പ്ലംബിങ്, എയര്‍ കണ്ടീഷനിങ് തുടങ്ങിയ പ്രവൃത്തികളാണ് ഇതോടൊപ്പംതന്നെ അക്കാദമിക് ബ്ലോക്കിന്റെ പണികളും നടന്നുവരികയാണ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയതിനുസരിച്ച് 2015-16ലേക്ക് പരിശോധന നടത്തിയിരുന്നു. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി നല്‍കാമെങ്കില്‍ അനുമതി ലഭിക്കാമായിരുന്നു. എന്നാല്‍ സംസ്ഥാനത്തു നിയമസഭ തിരഞ്ഞെടുപ്പും തുടര്‍ന്നു ഭരണമാറ്റവും ഉണ്ടായപ്പോള്‍ അനിശ്ചിതത്വമായി. തുടര്‍ന്ന് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിനു പിന്നീട് അപേക്ഷ നല്‍കിയിട്ടുണ്ടോയെന്നുപോലും സംശയിക്കുന്നു. അപേക്ഷ വച്ചിട്ടില്ലെന്നാണ് ആരോഗ്യ സെക്രട്ടറി പറഞ്ഞത്. പത്തനംതിട്ട ജില്ലക്കാരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പരിഹാരം എന്ന നിലയിലും ശബരിമല തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ ചികില്‍സാ സൗകര്യം എന്ന പരിഗണനയിലുമാണ് കോന്നി മെഡിക്കല്‍ കോളജ് അനുവദിച്ചത്. നിലവില്‍ കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലേക്കാണ് രോഗികളെ കൊണ്ടുപോവുന്നത്. രാഷ്ട്രീയ കാഴ്ചപ്പാടോടെ കോന്നി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ എല്‍ഡിഎഫ് ശ്രമിക്കരുതെന്നും അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it