Pathanamthitta local

കോന്നിയില്‍ സ്വകാര്യ ബസ്സുകളുടെ പാര്‍ക്കിങ് പെരുവഴിയില്‍

കോന്നി: രണ്ടുവര്‍ഷം മുമ്പ് കെഎസ്ആര്‍ടിസി ഓപറേറ്റിങ് സെന്റര്‍ കോന്നിയില്‍ ആരംഭിച്ചതിനെ തുടര്‍ന്ന്, സ്വകാര്യബസ്സുകളുടെ പാര്‍ക്കിങ് പെരുവഴിയിലായി. ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയ്ക്കായി പഞ്ചായത്തുവക പ്രൈവറ്റ് സ്റ്റാന്റ് താല്‍ക്കാലികമായി വിട്ടു നല്‍കേണ്ടി വന്നപ്പോള്‍ സ്വകാര്യബസ്സുകള്‍ക്ക് ആളെ കയറ്റിയിറക്കാനും പാര്‍ക്ക് ചെയ്യാനും തൊഴിലാളികള്‍ക്ക് വിശ്രമിക്കാനും ക്രമീകരണം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാതെ വന്നതിനെ തുടര്‍ന്ന് യാത്രക്കാരും സ്വകാര്യബസ്സ് ജീവനക്കാരും ബുദ്ധിമുട്ടുന്നു.
നിലവില്‍ സ്വകാര്യബസ് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നിലായി മെയിന്‍ റോഡില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ഇതു തങ്ങളുടെ കലക്ഷനെ പ്രതികൂലമായി ബാധിക്കുന്നതായി ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ പരാതിപ്പെടുന്നു. പ്രസ്തുത വിഷയത്തെചൊല്ലി ഇരുവിഭാഗവും തമ്മില്‍ തര്‍ക്കവും ബഹളവും ഉണ്ടാവാറുണ്ട്. സ്വകാര്യവ്യക്തി ലേലത്തില്‍ എടുക്കുന്ന കോന്നി ഗ്രാമപ്പഞ്ചായത്ത് വക സ്ഥലത്തായിരുന്നു വര്‍ഷങ്ങളായി സ്വകാര്യ ബസ് സ്റ്റാന്റ് പ്രവര്‍ത്തിച്ചു വന്നിരുന്നത്.
2014 ഫെബ്രുവരിയില്‍ കെഎസ്ആര്‍ടിസി ഓപറേറ്റിങ് സെന്റര്‍ അനുവദിച്ചപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ വിട്ടുനല്‍കിയതാണ് രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡിപ്പോ.
നാരായണപുരം ചന്തയോടു ചേര്‍ന്ന് വാങ്ങിയ രണ്ടര ഏക്കറോളം ഭൂമിയില്‍ കെഎസ്ആര്‍ടിസി ഡിപ്പോ നിര്‍മാണം ആരംഭിച്ചു.
മുന്‍പ് രണ്ടു വര്‍ഷകാലം കയര്‍മേള നടത്തിയിരുന്നത് ഈ മൈതാനത്തായിരുന്നു. സ്വകാര്യബസ്സുകള്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്യാന്‍ അനുയോജ്യമായ സ്ഥലം ഇല്ലാത്തതിനാല്‍ പുനലൂര്‍ - മൂവാറ്റുപുഴ ദേശീയപാതയോരത്ത് റിപ്പബ്ലിക്കന്‍ സ്‌കൂളിനു സമീപത്താണ് ഇപ്പോള്‍ നിര്‍ത്തിയിടുന്നത്. ഒരു സമയം ഒന്നോ രണ്ടോ ബസ്സുകളെ ഇവിടെ പാര്‍ക്കു ചെയ്യാന്‍ സ്ഥലസൗകര്യമുള്ളൂ. ജീവനക്കാര്‍ക്ക് വസ്ത്രം മാറാനോ ആഹാരം കഴിക്കാനോ പ്രാഥമിക ആവശ്യം നടത്താനോ ഇവിടെ സൗകര്യമില്ല.
ബസ്സുകള്‍ നിര്‍ത്തിയിട്ട് അടുത്ത ട്രിപ്പ് തുടങ്ങുന്നതുവരെ തൊഴിലാളികള്‍ വിശ്രമിക്കുന്നത് എംഎല്‍എ ഓഫിസിന്റെ സമീപത്തായിട്ടാണ്. എന്നാല്‍ പ്രസ്തുത ഓഫിസിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ പിക്കറ്റിംങോ മാര്‍ച്ചോ സംഘടിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലിസ് സ്വകാര്യബസ്സുകളെ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാതെ വരുന്നത് തങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നതായി ബസ് ജീവനക്കാര്‍.
സ്വകാര്യബസ് സ്റ്റാന്റ് ഒഴിപ്പിച്ചതോടെ തങ്ങളുടെ കച്ചവടത്തിന് ഇടിവ് ഉണ്ടായതായി സ്ഥലത്തെ വ്യാപാരികള്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ ബസ് കടന്നുചെല്ലാത്ത റൂട്ടുകളില്‍ സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്കും പ്രസ്തുത ബസ് കാത്തുനില്‍ക്കുവാന്‍ പ്രത്യേക സ്റ്റോപ്പ് ഇല്ലാതെ ആയതോടെ തങ്ങളുടെ യാത്രാ ക്ലേശവും ഏറിവരുകയാണെന്ന് പരിഭവപ്പെടുന്നു.
പുതിയ കെട്ടിടം നിര്‍മിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോ പ്രവര്‍ത്തനം അവിടേക്ക് മാറ്റിയാലെ പ്രശ്‌നത്തിനു പരിഹാരമാവുമെന്ന് പഞ്ചായത്ത് അധികൃതര്‍.
Next Story

RELATED STORIES

Share it