Pathanamthitta local

കോന്നിയില്‍ പട്ടയം റദ്ദാക്കിയ നടപടി രാഷ്ട്രീയപ്രേരിതം: രമേശ് ചെന്നിത്തല



പത്തനംതിട്ട: വാസ യോഗ്യമായ ഭൂമിയിലെ ജനങ്ങളെ ഇറക്കിവിടുന്ന നടപടിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോന്നിയില്‍ റദ്ദുചെയ്ത പട്ടയങ്ങള്‍ സ്ഥാപിക്കണമെന്ന്  ആവശ്യപ്പെട്ട് ഡിസിസി നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോന്നി താലൂക്കിലെ  പട്ടയങ്ങള്‍  റദ്ദാക്കിയ നടപടി രാഷ്ട്രീയ പ്രേരിതവുമാണ്. അടൂര്‍ പ്രകാശ് റവന്യു മന്ത്രിയായിരുന്നപ്പോഴാണ് ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി കൊടുത്തത്.  ഇത്  സംബന്ധിച്ചുള്ള നടപടിയില്‍  യുഡിഎഫ് ഉറച്ചു നില്‍ക്കുകയാണ്. യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കോന്നിയില്‍ പട്ടയം റദ്ദാക്കിയ നടപടി പുനപരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വനംവകുപ്പുമായി നടത്തിയ സംയുക്ത പരിശോധനയില്‍ ജണ്ടകള്‍ക്കു പുറത്ത് തിരിച്ചിട്ട ഭൂമിയിലാണ് പട്ടയം കൊടുത്തതെന്ന് പരിപാടിയില്‍ സംസാരിച്ച അടൂര്‍ പ്രകാശ് എംഎല്‍എ പറഞ്ഞു. കോന്നിയിലെയും മലയോരമേഖലയിലെയും ജനങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിച്ചിരിക്കുകയാണ്. പാവങ്ങള്‍ക്ക്  ജീവിക്കാനാവശ്യമായ ഭൂമി ഇല്ലാതാക്കിയാല്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു.  ആന്റോ ആന്റണി എംപി, അടൂര്‍പ്രകാശ് എംഎല്‍എ,   മുന്‍ ഡിസിസി പ്രസിന്റ് പി മോഹന്‍രാജ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പന്തളം സുധാകരന്‍,  കെപിസിസി സെക്രട്ടറി പഴകുളം മധു, മുന്‍ എംഎല്‍എ മാലേത്ത് സരളാ ദേവി സംസാരിച്ചു.
Next Story

RELATED STORIES

Share it