കോന്നിയില്‍ നിന്ന് രണ്ടാംഘട്ടം 60,000 മെട്രിക് ടണ്‍ പാറ കൊണ്ടുപോവും

എച്ച്  സുധീര്‍
പത്തനംതിട്ട: ചവറയിലെ കെഎംഎംഎല്‍ കരിമണല്‍ ഖനനം നടത്തിയ പ്രദേശത്ത് കടല്‍ഭിത്തി കെട്ടി ബലപ്പെടുത്താനുള്ള പാറകള്‍ കോന്നിയില്‍ നിന്ന്. നിര്‍മാണം പുരോഗമിക്കുന്ന കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കോംപൗണ്ടില്‍ നിന്നു പൊട്ടിച്ചെടുത്തതില്‍ 60,000 മെട്രിക് ടണ്‍ പാറയാണ് ചവറയിലേക്കു കൊണ്ടുപോവുന്നത്. കഴിഞ്ഞ ദിവസം മുതല്‍ പാറനീക്കം ആരംഭിച്ചു. ആകെ ഒരുലക്ഷം മെട്രിക് ടണ്‍ പാറയാണ് ഇവിടെ നിന്നു കൊണ്ടുപോവാന്‍ കെഎംഎംഎല്ലിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കോന്നി മെഡിക്കല്‍ കോളജിന്റെ അക്കാദമിക് ബ്ലോക്കിന്റെയും ഹോസ്പിറ്റല്‍ ബ്ലോക്കിന്റെയും പണികള്‍ പുരോഗമിക്കുകയാണ്. നിര്‍മാണസ്ഥലത്ത് പൊട്ടിച്ചുകൂട്ടിയ പാറ നീക്കംചെയ്തില്ലെങ്കില്‍ അത് മെഡിക്കല്‍ കോളജിന്റെ തുടര്‍ന്നുള്ള നിര്‍മാണത്തെ സാരമായി ബാധിക്കും. തുടര്‍ന്ന് കെഎംഎംഎല്ലിന് 10,000 മെട്രിക് ടണ്ണില്‍ നിജപ്പെടുത്തി പാറ കൊണ്ടുപോവാന്‍ ആദ്യം അനുമതി നല്‍കിയിരുന്നു. ബാക്കിയുള്ള പാറ സമയബന്ധിതമായി ലേലംചെയ്തു നീക്കാന്‍ മെഡിക്കല്‍ കോളജ് നിര്‍മാണ ഏജന്‍സിയായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. എന്നാല്‍, കടലോര സംരക്ഷണഭിത്തി നിര്‍മാണത്തിന് ഒരുലക്ഷം മെട്രിക് ടണ്‍ പാറയെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് 19ന് കെഎംഎംഎല്‍ എംഡി ആരോഗ്യവകുപ്പിന് വീണ്ടും കത്ത് നല്‍കി. കരിമണല്‍ ഖനനം നടത്തിയ പ്രദേശത്ത് ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്താല്‍ തീരുമാനിച്ചിരുന്നു. ഇതിന് കെഎംഎംഎല്‍ നേരിട്ട് പാറ ലഭ്യമാക്കണം. ഒരുലക്ഷം മെട്രിക് ടണ്‍ പാറ കൂടി വിട്ടുനല്‍കിയാല്‍ സ്വന്തം നിലയില്‍ ജൂണ്‍ 30നു മുമ്പ് നീക്കം ചെയ്യാമെന്നും കത്തിലൂടെ കെഎംഎംഎല്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് വസ്തുതാന്വേഷണം നടത്തിയശേഷം ഒരുലക്ഷം മെട്രിക് ടണ്‍ പാറ കെഎംഎംഎല്ലിന് നല്‍കാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഉത്തരവിട്ടു. നിയമപ്രകാരമുള്ള വിലയും റോയല്‍റ്റിയും മറ്റു ചെലവുകളും സര്‍ക്കാരിലേക്ക് കൃത്യമായി ഒടുക്കണമെന്നും എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ എല്ലാ നഷ്ടങ്ങള്‍ക്കും കെഎംഎംഎല്‍ ഉത്തരവാദിയായിരിക്കുമെന്നുമുള്ള വ്യവസ്ഥയോടെയാണ് അനുമതി നല്‍കിയത്.
പാറ സമയബന്ധിതമായി നീക്കം ചെയ്യുന്നുണ്ടെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ ഉറപ്പുവരുത്തണം. ബാക്കിവരുന്ന പാറ ഭാരത്തിന്റെ അടിസ്ഥാനത്തില്‍ ലേലം ചെയ്യണം. അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ കെഎംഎംഎല്‍ പാറ നീക്കിയില്ലെങ്കില്‍ ശേഷിക്കുന്ന പാറയും കൂടിയ വിലയ്ക്ക് ലേലം കൊണ്ടിട്ടുള്ള വ്യക്തിക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ, ജൂണ്‍ 30നകം 60,000 മെട്രിക് ടണ്‍ പാറ നീക്കം ചെയ്യാന്‍ ദീപ്തി ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് എന്ന കോണ്‍ട്രാക്ടറെ ചുമതലപ്പെടുത്തിയതായി കെഎംഎംഎല്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഇതേത്തുടര്‍ന്ന് മുമ്പിറങ്ങിയ ഉത്തരവില്‍ ഭേദഗതി വരുത്തി രണ്ടാംഘട്ടമായി 60,000 മെട്രിക് ടണ്‍ പാറ കൊണ്ടുപോവാന്‍ കെഎംഎംഎല്ലിന് മുന്‍ ജില്ലാ കലക്ടര്‍ കഴിഞ്ഞ 15ന് അനുമതി നല്‍കി. പാറവിലയായി ഒരു മെട്രിക് ടണ്ണിന് 155 രൂപയും നിയമപ്രകാരമുള്ള മറ്റു നിരക്കുകളും അടച്ചിട്ടുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റും കോന്നി തഹസില്‍ദാരും ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. ഓരോ ദിവസവും കൊണ്ടുപോവുന്ന പാറയുടെ അളവ് കെഎംഎംഎല്‍ ഉദ്യോഗസ്ഥര്‍ കോന്നി തഹസില്‍ദാര്‍ക്കും ജിയോളജിസ്റ്റിനും ജില്ലാ കലക്ടര്‍ക്കും ഇ-മെയില്‍ ചെയ്യണമെന്നും ഉത്തരവിലുണ്ട്.
Next Story

RELATED STORIES

Share it