കോന്നിയില്‍ ആദിവാസി ബാലന് വെടിയേറ്റു

പത്തനംതിട്ട: കോന്നി വനമേഖലയില്‍പ്പെട്ട ആദിവാസി ബാലന് വെടിയേറ്റു. കൊക്കാത്തോട് ഗുരുനാഥന്‍മണ്ണ് വാലിക്കന്‍ ഭാഗത്ത് താമസിക്കുന്ന കുഞ്ഞുപിള്ളയുടെ മകന്‍ ശശിക്കാ(14)ണ് വെടിയേറ്റത്. കഴിഞ്ഞ 23ന് ഉച്ചകഴിഞ്ഞ് ഉള്‍വനത്തിലെ കുടിലില്‍ വച്ചാണ് വെടിയേറ്റത്.
വെടിയേറ്റ ശശിയെ കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 23ന് ഉച്ചകഴിഞ്ഞു വെടിയേറ്റ ശശിയെ ക്രിസ്മസ് ദിനത്തിലാണ് ആശുപത്രിയിലെത്തിക്കാനായത്. ഉള്‍വനത്തില്‍ നടന്ന സംഭവമായതിനാല്‍ വനപാലകരും ശശിയെ കാടിനു പുറത്തെത്തിച്ചപ്പോഴാണ് സംഭവമറിയുന്നത്. ശശിയുടെ സഹോദരി സിന്ധുവുമായി രാജന്‍ എന്ന ആദിവാസി യുവാവിനുള്ള പ്രണയബന്ധമാണ് വെടിവയ്പിനു കാരണമായതെന്ന് അന്വേഷണസംഘം പറയുന്നു. സിന്ധുവിനെ കടത്തിക്കൊണ്ടുപോകാന്‍ സമീപ ഊരിലുള്ള രാജനും ആങ്ങമൂഴി സ്വദേശികളായ സുഹൃത്തുക്കളും ചേര്‍ന്ന് 23ന് ഉച്ചകഴിഞ്ഞ് കുഞ്ഞുപിള്ളയുടെ കുടിലില്‍ എത്തിയെങ്കിലും ഈ സമയം ശശി മാത്രമാണ് ഉണ്ടായിരുന്നത്.
തുടര്‍ന്ന് രാജനും ശശിയും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടയ്ക്ക് രാജന്‍ വെടിവയ്ക്കുകയായിരുന്നു. വെടിവയ്പിനുശേഷം ഉള്‍വനത്തിലേക്കു കടന്ന രാജനും സുഹൃത്തുക്കള്‍ക്കുമായി വനപാലകരും പോലിസും തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. ആദിവാസിയുടെ കൈയില്‍ തോക്ക് എത്തപ്പെട്ടതും സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പുറത്തുനിന്നുള്ള സംഘങ്ങള്‍ ഉള്‍വനത്തില്‍ കടന്നിട്ടുണ്ടോയെന്നതും പോലിസ് പരിശോധിച്ചുവരുകയാണ്. കുടുംബാംഗങ്ങളുടെ മൊഴിയനുസരിച്ചാണ് ശശിയെ വെടിവച്ചത് രാജനാണെന്ന നിഗമനത്തില്‍ പോലിസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. സംഭവത്തിനു പിന്നില്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നും പോലിസും വനംവകുപ്പും അന്വേഷിച്ചുവരുന്നുണ്ട്.
Next Story

RELATED STORIES

Share it