Pathanamthitta local

കോന്നിയിലെ പട്ടയം റദ്ദാക്കല്‍ ; ആശങ്കയോടെ മലയോര കര്‍ഷകര്‍



കോന്നി: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച കോന്നിയിലെ 1,843 പട്ടയങ്ങള്‍ റദ്ദാക്കിയതിലൂടെ മലയോരകര്‍ഷകരെ നിരാശയിലാഴ്ത്തി. കോന്നി, റാന്നി താലൂക്കുകളിലായി വര്‍ഷങ്ങളായി പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന കര്‍ഷക കുടുംബങ്ങള്‍ അടക്കമുള്ളവരെയാണ് റവന്യുവകുപ്പിന്റെ നടപടികള്‍ നിരാശയിലാഴ്ത്തിയിരിക്കുന്നത്. കോന്നി താലൂക്കിലെ ചിറ്റാര്‍, തണ്ണിത്തോട്, സീതത്തോട്, കോന്നി താഴം, അരുവാപ്പുലം, കലഞ്ഞൂര്‍    വില്ലേജുകളിലായി 4126 കൈവശക്കാര്‍ക്ക് അനുവദിച്ച പട്ടയമാണ് റദ്ദാക്കിയത്. 2016 ഫെബ്രുവരി 27ന് പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ഫെബ്രുവരി 28നു ചിറ്റാറില്‍ നടത്തിയ പട്ടയമേളയില്‍ വിതരണം ചെയ്ത 40 പട്ടയങ്ങളും വിതരണത്തിനു തയാറാക്കിയിരുന്ന 1803 പട്ടയങ്ങളുമാണ് കഴിഞ്ഞദിവസം കോന്നി തഹസീല്‍ദാര്‍ റദ്ദാക്കിയത്. 4835 ഏക്കറിനാണ് പട്ടയം അനുവദിച്ചിരുന്നത്. 1977 ജനുവരി ഒന്നിനു മുമ്പ് കൈവശമാക്കിയ ഭൂമിയായിരുന്നു ഇവ. പ്രത്യേകിച്ച് ഭക്ഷ്യോത്പാദന മേഖലയില്‍പെട്ട സ്ഥലങ്ങളായി ഇതിനെ കണക്കാക്കിയിരുന്നു. ഇത്തരം സ്ഥലങ്ങളില്‍ നിലവിലെ നിയമപ്രകാരം വനംവകുപ്പ് വ്യവസ്ഥകളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കൈവശ കര്‍ഷകര്‍, ആരാധനാലയങ്ങള്‍, സെമിത്തേരികള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയുടെ പട്ടയങ്ങള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടും. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ റവന്യുമന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് സ്വന്തം നിയോജകമണ്ഡലത്തില്‍ പെട്ട കൈവശക്കാര്‍ക്ക് പട്ടയം അനുവദിച്ചത് വിവാദമുയര്‍ത്തിയ സാഹചര്യത്തിലാണ് പിന്നീടുവന്ന സര്‍ക്കാര്‍ പട്ടയംവിതരണത്തേക്കുറിച്ച് അന്വേഷിച്ച് റദ്ദാക്കാന്‍ നീക്കം തുടങ്ങിയത്. വനംവകുപ്പ് 2015 ഡിസംബറില്‍ ഉന്നയിച്ചിരുന്ന തടസവാദങ്ങള്‍ മുഖവിലയ്‌ക്കെടുത്താണ് തഹസീല്‍ദാര്‍ പട്ടയം റദ്ദാക്കിയത്. വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നും പട്ടയം നല്‍കുമ്പോള്‍ ഇതു പാലിച്ചില്ലെന്നുമാണ് റവന്യു ഉന്നത ഉദ്യോഗസ്ഥരുടെ വാദം. റാന്നി, കോന്നി താലൂക്കുകളില്‍ പട്ടയം ലഭിക്കാനുള്ള നിരവധി പ്രദേശങ്ങളുണ്ട്. ഇവിടെയെല്ലാം ഇത്തരം വാദഗതികളാണ ്‌വനം, റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്. കോന്നിയിലെ പട്ടയം റദ്ദാക്കിയതോടെ കൊല്ലമുള, അത്തിക്കയം, പെരുനാട് തുടങ്ങിയ വില്ലേജുകളില്‍ പട്ടയത്തിനുവേണ്ടി നടന്നുവന്ന നടപടികളെയും ബാധിക്കും.
Next Story

RELATED STORIES

Share it