ernakulam local

കോതമംഗലത്ത് കൊടിപാറിക്കാന്‍ മുന്നണികള്‍

റഫീക്ക് നെല്ലിക്കുഴി

കോതമംഗലം: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ ഉറച്ച മണ്ഡലമായി അറിയപ്പെടുന്ന കോതമംഗലം ഇടതിനോടും ആഭിമുഖ്യം പുലര്‍ത്തിയ ചരിത്രമുള്ളതിനാല്‍ ഇത്തവണ നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ ഏതു മുന്നണിയെ വരിക്കുമെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. 1965 ല്‍ മണ്ഡലം രൂപീകരിച്ചതിനു ശേഷം നടന്ന പന്ത്രണ്ട് തിരഞ്ഞെടുപ്പുകളില്‍ പത്തെണ്ണത്തിലും യുഡിഎഫിന് ഒപ്പം നിന്ന ചരിത്രമാണ് മണ്ഡലത്തിനുള്ളത്. രണ്ട് തവണ മാത്രമാണ് എല്‍ഡിഎഫിന് ഇവിടെ ചെങ്കൊടി പാറിക്കാന്‍ സാധിച്ചിട്ടുള്ളു .
1967 ല്‍ സിപിഎമ്മിലെ ടി എം മീതിയന്‍ കേരളാ കോണ്‍ഗ്രസിലെ എം ഐ മാര്‍ക്കോസിനെ 6388 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫിന് കന്നി വിജയം സമ്മാനിച്ചത്. പിന്നീട് നീണ്ട ഇടവേളക്ക് ശേഷം 2006ല്‍ അന്ന് എല്‍ഡിഎഫിനൊപ്പമായിരുന്ന ജോസഫ് ഗ്രൂപ്പിലെ ടി യു കുരുവിളയാണ് അന്നത്തെ സിറ്റിങ് എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസിലെ വി ജെ പൗലോസിനെ 1814 വോട്ടിന് പരാജയപ്പെടുത്തി എല്‍ഡിഎഫിനായി മണ്ഡലം തിരിച്ച് പിടിച്ചത്. പിന്നീട് ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ചതോടെ ടി യു കുരുവിള യുഡിഎഫിനൊപ്പമായി. കഴിഞ്ഞ തവണ ടി യു കുരുവിള മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 12,222 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ സ്‌കറിയാ തോമസിനെ മലര്‍ത്തിയടിച്ചത്. ചരിത്രം ഇങ്ങനെ ഒക്കെ ആണെങ്കിലും ഇത്തവണ വലിയ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് മല്‍സരത്തെ നോക്കി കാണുന്നത്.
കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുണ്ടായ മുന്നേറ്റമാണ് ഇത്തരത്തില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ ഇടതുമുന്നണിയെ പ്രേരിപ്പിക്കുന്ന ഘടകം. എട്ട് പഞ്ചായത്തും നഗരസഭയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നാലു പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഭരിക്കുന്നത് എല്‍ഡിഎഫാണ്. നാലു പഞ്ചായത്തും നഗരസഭയിലും ഭരണം കയ്യാളുന്നത് യുഡിഎഫാണ്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ നേരിയ മുന്‍തൂക്കം നിയമസഭയിലേക്കും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. മണ്ഡലം തിരിച്ച് പിടിക്കുന്നതിനായി ഇടതുപക്ഷം രംഗത്ത് ഇറക്കിയിരിക്കുന്നത് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ആന്റണി ജോണിനെയാണ്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടിള്ള ആന്റണി ജോണ്‍ നിലവില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയാണ്.
വലതുപക്ഷത്തിന് അനുകൂലമായ മണ്ഡലത്തില്‍ സഭയുടെ പിന്തുണയും യുവാവ് എന്ന പരിഗണനയും വോട്ടായി മാറും എന്ന പ്രതീക്ഷയാണ് ഇടതുപക്ഷത്തിനുള്ളത്. നീണ്ട ഇടവേളക്ക് ശേഷം ഘടകകക്ഷികളില്‍ നിന്നും സീറ്റ് പിടിച്ചെടുത്ത് സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പ്രചരണത്തില്‍ യുഡിഎഫിനെ അപേക്ഷിച്ച് വളരേയധികം മുന്നേറ്റം നടത്താനും ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്.
ടി യു കുരുവിള തന്നെയാണ് ഇത്തവണയും യുഡിഎഫിനായി കളത്തിലുള്ളത്. നിലവില്‍ രണ്ട് വട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ച ടി യു കുരുവിള, മണ്ഡലത്തില്‍ നടപ്പാക്കിയ വികസനം മുന്‍നിര്‍ത്തിയാണ് വോട്ട് അഭ്യര്‍ഥിക്കുന്നത്. മാറിയ രാഷ്ട്രീയ സാഹചര്യവും സ്ഥാനാര്‍ഥിത്വത്തില്‍ യുഡിഎഫിലെ പടലപിണക്കവും മാണി ഗ്രൂപ്പിലുണ്ടായ പിളര്‍പ്പും വിജയത്തെ ബാധിക്കുമോയെന്ന ആശങ്ക യുഡിഎഫ് കേന്ദ്രങ്ങളില്‍ സജീവമാണ്.
കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തിലെ പി സി സിറിയക്കാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കോതമംഗലം സീറ്റ് എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസ്സിനാണ് നല്‍കിയതെങ്കിലും മല്‍സരിക്കാന്‍ ആരും തയ്യാറാവാതിരുന്നത് മൂലം അവസാന നിമിഷം സീറ്റ് പി സി തോമസ് വിഭാഗത്തിന് നല്‍കുകയായിരുന്നു. അങ്ങനെയാണ് പി സി സിറിയക് സ്ഥാനാര്‍ഥിയായി വന്നത്.
എസ്ഡിപിഐക്കും മികച്ച വേരോട്ടമുള്ള മണ്ഡലമാണ് കോതമംഗലം. പ്രഫ. അനസാണ് എസ്ഡിപിഐയുടെ സ്ഥാനാര്‍ഥി. ജനവിരുദ്ധമുന്നണികള്‍ക്കെതിരേ ജനപക്ഷ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി മണ്ഡലത്തില്‍ മികച്ച പ്രചരണമാണ് എസ്ഡിപിഐ നടത്തുന്നത്.
അഴിമതിയും അശ്ലീലതയും അക്രമവും കൈമുതലാക്കിയ മുന്നണികള്‍ക്കെതിരേ ജനപക്ഷ വികസനത്തിന് ഒരു വോട്ട് ഇതാണ് എസ്ഡിപിഐ മണ്ഡലത്തിലെ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നത്. മണ്ഡലത്തില്‍ ഏറ്റവും ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയത് എസ്ഡിപിഐയാണ്. അതുകൊണ്ട് തന്നെ പ്രചരണത്തില്‍ ഏറെ മുന്നേറുവാന്‍ എസ്ഡിപിഐക്ക് സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രചരണം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. യഹിയ തങ്ങള്‍ ആണ് പിഡിപി സ്ഥാനാര്‍ഥി.
Next Story

RELATED STORIES

Share it