ernakulam local

കോതമംഗലത്തെ മാലിന്യനീക്കം പൂര്‍ണമായും നിലച്ചു

കോതമംഗലം: കുമ്പളത്ത്മുറിയിലെ ഡംമ്പിങ്ങ് യാര്‍ഡില്‍ മാലിന്യ നിക്ഷേപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് നഗരത്തിലെ മാലിന്യ നീക്കം പൂര്‍ണ്ണമായും നിലച്ചു. അതോടെ കട കമ്പോളങ്ങള്‍ക്ക് മുന്നില്‍മാലിന്യം കെട്ടിക്കിടന്ന് ദുര്‍ഗന്ധംവമിക്കുകയാണ്.
മാലിന്യം നിറച്ച വാഹനങ്ങള്‍ നഗരസഭ ഓഫിസിനു മുന്നില്‍ ദുര്‍ഗന്ധം പരത്തുന്നു. നഗരസഭയിലെ മാലിന്യങ്ങള്‍ യാതൊരു വിധ സംസ്‌ക്കരണ പ്രക്രിയകളും നടത്താതെ ഡംമ്പിങ്ങ് യാര്‍ഡില്‍ നിക്ഷേപിച്ചുവരികയായിരുന്നു. മാലിന്യം കുന്നുകൂടി മാലിന്യ വണ്ടികള്‍ക്ക് യാര്‍ഡിന് അകത്ത് പ്രവേശിക്കാനാവാത്ത അവസ്ഥയില്‍ മാലിന്യം കവാടത്തിന് മുന്നില്‍ തള്ളാന്‍ ജീവനക്കാര്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ തടയുകയായിരുന്നു. ഒരു കോടി 25 ലക്ഷം രൂപ അനുവദിച്ച് 2014 മെയ് മാസത്തില്‍ മന്ത്രി രമേശ് ചെന്നിത്തല ആധുനിക സംസ്‌കരണ പ്ലാന്റ്‌റിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു.
പ്ലാന്റിന്റെ അടിത്തറ പണിത ശേഷം തറയില്‍ മണ്ണിന് പകരം മാലിന്യം നിറയ്ക്കുകയായിരുന്നു. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയും ചെയ്തു. തുടര്‍ന്ന് പണികള്‍ പുനരാരംഭിച്ചെങ്കിലും ശുചിത്വ മിഷന്റെ അംഗീകാരം നേടാത്തത് വീണ്ടും
പ്രവര്‍ത്തനങ്ങള്‍ തടസപെടാന്‍ ഇടയായി. ജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യാതൊരു തരം തിരിവും നടത്താതെ ഇവിടെ നിക്ഷേപിച്ചുവന്നിരുന്നത്. മഴക്കാലത്ത് മാലിന്യങ്ങള്‍ ഒലിച്ചിറങ്ങി കുടിവെള്ള സ്രോതസുകളിലേക്ക് എത്തി ചേരുകയും പരിസരവാസികള്‍ക്ക് ത്വക്ക് രോഗങ്ങള്‍ അടക്കം പിടിപെടുകയും ചെയ്തതോടെ നിരന്തര സമരത്തിനൊടുവിലാണ് ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ നഗരസഭ മുന്നോട്ടുവന്നത്.
പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷത്തോട് അടക്കുമ്പോഴും നിര്‍മാണം പൂര്‍ത്തിയാവാത്തതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ചൊവ്വാഴ്ച കവാടത്തില്‍ മാലിന്യം തള്ളാന്‍ ശ്രമിച്ചത്. ഇതോടെ പ്രദേശവാസികള്‍ മാലിന്യം കയറ്റിവന്ന വണ്ടികള്‍ തടഞ്ഞ് തിരിച്ചയച്ചു.
രണ്ടുദിവസമായി മാലിന്യം നിറച്ച വണ്ടികള്‍ നഗരസഭ ഓഫിസിന് മുന്നിലെ വനംവകുപ്പിന്റെ സ്ഥലത്ത് കിടക്കുന്നു. യാര്‍ഡില്‍ മാലിന്യം തള്ളാന്‍ കഴിയാതെ വന്നതോടെ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ്.
Next Story

RELATED STORIES

Share it