കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗം തുടങ്ങി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കുന്നതിനുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ഡല്‍ഹിയില്‍ തുടങ്ങി. ഒരേ മണ്ഡലത്തില്‍ ഏഴും എട്ടും സ്ഥാനാര്‍ഥികളെ വരെ ഉള്‍പ്പെടുത്തിയ ജംബോ പട്ടികയുമായാണു സംസ്ഥാന നേതാക്കളുടെ വരവ്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും നേതൃത്വംനല്‍കുന്ന സ്‌ക്രീനിങ് കമ്മിറ്റി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ഒരോ മണ്ഡലങ്ങളിലും ഒന്നുമുതല്‍ മൂന്നു പേരുകള്‍ മാത്രമാക്കി പട്ടിക ചുരുക്കി പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൈമാറുകയാണ് സ്‌ക്രീനിങ് കമ്മിറ്റിയുടെ ചുമതല. ഇന്നലെ ഉച്ചയ്ക്കുശേഷം ഡല്‍ഹിയിലെത്തിയ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍  എ കെ ആന്റണിയെ  സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ഒരുക്കിയ ജിആര്‍ജി റോഡിലെ ഓഫിസിലേക്ക് നേതാക്കളെത്തി. ഇവിടെവച്ചാണ് ഇന്നലെ രാത്രി ഏറെനേരം വരെ ചര്‍ച്ചകള്‍ നടന്നത്. സോണിയ ഡല്‍ഹിയില്‍ ഇല്ലാത്തതിനാല്‍ ഉപാധ്യക്ഷന്‍ രാഹുലുമായാണു ചര്‍ച്ച പുരോഗമിക്കുന്നത്.കേരളത്തില്‍ നിന്നെത്തിയ നേതാക്കള്‍ക്കൊപ്പം ഡല്‍ഹിയിലെ പ്രമുഖ നേതാക്കളെയും പല ഘട്ടങ്ങളിലായി രാഹുല്‍ വിളിപ്പിച്ചു. രാവിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലും ചര്‍ച്ച നടന്നിരുന്നു. കെ വി തോമസ്, പി സി ചാക്കോ എന്നിവരുമായി ചര്‍ച്ച നടത്തിയ ഖാര്‍ഗെ, വയലാര്‍ രവിയുമായി ഫോണില്‍ ബന്ധപ്പെട്ടു. മുല്ലപ്പള്ളി രാമചന്ദ്രന്‍, എം കെ രാഘവന്‍ തുടങ്ങിയ നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കാളികളായി.
Next Story

RELATED STORIES

Share it