കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 83 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. പയ്യന്നൂര്‍, കല്യാശ്ശേരി, കാഞ്ഞങ്ങാട് മണ്ഡലങ്ങളാണ് ഒഴിച്ചിട്ടത്. ഇവിടങ്ങളില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധി സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അംഗീകാരം നല്‍കി. തൃക്കാക്കര മണ്ഡലത്തില്‍നിന്ന് ബെന്നി ബഹനാനെ മാറ്റി പകരം പി ടി തോമസിനെ ഉള്‍പ്പെടുത്തി.
ഉമ്മന്‍ചാണ്ടി കേരളത്തില്‍ തിരിച്ചെത്തിയതിനു തൊട്ടുപിന്നാലെ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹത്തിന്റെ പക്ഷക്കാരില്‍ ഒരാളുടെ പേരു വെട്ടിയത്. എന്നാല്‍, ഹൈക്കമാന്‍ഡ് തീരുമാനം പുറത്തുവരുന്നതിന് മുമ്പുതന്നെ ബെന്നി ബഹനാന്‍ പിന്മാറിയിരുന്നു. സ്ഥാനാര്‍ഥിയാവാനില്ലെന്നും മല്‍സരരംഗത്തുനിന്ന് പിന്മാറുകയാണെന്നും ബെന്നി ബഹനാന്‍ കാക്കനാട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മന്ത്രിമാരായ അടൂര്‍ പ്രകാശിനെയും കെ ബാബുവിനെയും കെ സി ജോസഫിനെയും ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എയെയുമാണ് ബെന്നിക്കു പുറമേ മാറ്റണമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഒരാഴ്ച നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഉമ്മന്‍ചാണ്ടിയുടെ വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുകയായിരുന്നു.
കെ സി ജോസഫിനെ മാറ്റാന്‍ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ശ്രമിച്ചെങ്കിലും ഉമ്മന്‍ചാണ്ടി ഭീഷണിയിലൂടെ സീറ്റ് ഉറപ്പിച്ചു. സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി നിന്ന ബെന്നി ബഹനാനെ എ ഗ്രൂപ്പിന്റെ പ്രധാന കുന്തമുനയെന്ന നിലയിലാണ് മാറ്റിനിര്‍ത്താന്‍ രാഹുല്‍ തിരഞ്ഞെടുത്തത്. സരിതയുടെ വിവാദ വെളിപ്പെടുത്തലുണ്ടാവുകയും മുഖ്യമന്ത്രി പ്രതിരോധത്തിലാവുകയും ചെയ്ത സാഹചര്യം തന്നെയാണ് ഹൈക്കമാന്‍ഡ് ഇതിനായി തിരഞ്ഞെടുത്തതെന്നതും ശ്രദ്ധേയമാണ്.
ഇന്നലെ മുഖ്യമന്ത്രിയെ തീരുമാനം അറിയിച്ചതോടെ അംഗീകരിക്കാനാവില്ലെന്ന് ആദ്യം അദ്ദേഹം ശഠിച്ചു. എങ്കിലും മുഖ്യമന്ത്രി പ്രതിരോധത്തിലായതിനാല്‍ നിലപാട് മാറ്റാതെ ഹൈക്കമാന്‍ഡ് ഉറച്ചുനിന്നു. സമവായ നീക്കവുമായി ചെന്നിത്തലകൂടി ഇടപെട്ടതോടെ ബെന്നിയെ മാറ്റാന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനായി. അതേസമയം, കെപിസിസി പ്രസിഡന്റിന് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ മറ്റു ചില താല്‍പര്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതായി ബെന്നി ബഹനാന്‍ പറഞ്ഞു. മറ്റു ചില പേരുകളില്‍ സുധീരന്‍ താല്‍പര്യമെടുത്തെന്ന് അറിയാന്‍ കഴിഞ്ഞു. തന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളെ പ്രതിസന്ധിയിലാക്കാന്‍ ആഗ്രഹിക്കുന്നില്ല. വ്യക്തിപരമായി ആരെയും ദ്രോഹിച്ചിട്ടില്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക മികച്ചതാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കഴിയുന്നത്ര കുറ്റമറ്റരീതിയില്‍ ജനാധിപത്യപരമായി തയ്യാറാക്കിയ പട്ടികയാണിത്. ഇത് തുടര്‍ഭരണം യാഥാര്‍ഥ്യമാക്കുന്നതിന് ഉത്തേജനം നല്‍കും. സാങ്കേതിക കാരണങ്ങള്‍കൊണ്ടാണ് മൂന്ന് സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it