കോണ്‍ഗ്രസ് സഖ്യം: സിപിഎമ്മില്‍ പൊട്ടിത്തെറി; കേന്ദ്രകമ്മിറ്റിയംഗം രാജിവച്ചു

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയ ബംഗാള്‍ ഘടകത്തിനെതിരേ നടപടിയെടുക്കാത്തതിനെച്ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി. കേന്ദ്രകമ്മിറ്റി അംഗവും ഹരിയാനയില്‍നിന്നുള്ള ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ജഗ്മതി സാങ്‌വാന്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു.
ഇതിന് തൊട്ടുപിന്നാലെ ജഗ്മതിയെ പുറത്താക്കുന്നതായി കാണിച്ച് പോളിറ്റ്ബ്യൂറോ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ജഗ്മതി പാര്‍ട്ടി നയത്തില്‍ നിന്നു വ്യതിചലിച്ചെന്നായിരുന്നു വിശദീകരണം. താന്‍ പാര്‍ട്ടിയില്‍നിന്നു പുറത്തുപോവുകയാണെന്നു ജഗ്മതിയും പുറത്താക്കിയെന്നു പാര്‍ട്ടിയും വ്യക്തമാക്കിയതിനു പിന്നാലെ പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഇവരുമായി സംസാരിച്ചെങ്കിലും സമവായമുണ്ടായില്ല.
കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒഴിഞ്ഞുമാറി. യോഗത്തിനിടെ എഴുന്നേറ്റുനിന്ന ജഗ്മതി രാജി പ്രഖ്യാപിക്കുകയായിരുന്നു.
താങ്കള്‍ ഇരിക്കൂ, പ്രശ്‌നം ചര്‍ച്ചചെയ്യാമെന്നു ത്രിപുര മുഖ്യമന്ത്രികൂടിയായ മണിക് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ചെവിക്കൊള്ളാതെ ഇറങ്ങിപ്പോയി. ഇന്നലെ വൈകുന്നേരംവരെ ഡല്‍ഹി അശോക റോഡില്‍ എ സമ്പത്ത് എംപിയുടെ വസതിയിലുണ്ടായിരുന്ന ജഗ്മതി കൂടിക്കാഴ്ചയ്‌ക്കോ കൂടുതല്‍ പ്രതികരണങ്ങള്‍ക്കോ തയ്യാറായില്ല. എകെജി ഭവനില്‍നിന്നു പുറത്തുവന്ന ജഗ്മതി അതിവൈകാരികമായി പൊട്ടിക്കരഞ്ഞു കൊണ്ടാണു മാധ്യമങ്ങളോടു സംസാരിച്ചത്. പാര്‍ട്ടിനയത്തിനും പിബി നയരേഖയ്ക്കും വിരുദ്ധമായി സഖ്യമുണ്ടാക്കിയ ബംഗാള്‍ ഘടകത്തിനെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണു രാജിയെന്നും പാര്‍ട്ടി പ്രാഥമികാംഗത്വവും കേന്ദ്രകമ്മിറ്റി അംഗത്വവും ഒഴിയുകയാണെന്നും അവര്‍ പറഞ്ഞു. ബൂര്‍ഷ്വ പാര്‍ട്ടിയുമായി കൈകോര്‍ത്ത ബംഗാള്‍ ഘടകത്തിനെതിരേ നടപടിയെടുക്കാന്‍ കേന്ദ്രനേതൃത്വം മടിക്കുകയാണ്. നയങ്ങളില്‍ നിന്നു പാര്‍ട്ടി വ്യതിചലിച്ചതായും ജഗ്മതി കുറ്റപ്പെടുത്തി. [related]
ഇതിനിടെ, അനുനയിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും അവരെ കൂസാതെ ജഗ്മതി ഓട്ടോറിക്ഷയില്‍ കയറിപ്പോവുകയായിരുന്നു. പാര്‍ട്ടിയുടെ രാഷ്ട്രീയ അടവുനയത്തിനു വിരുദ്ധമാണ് ബംഗാളിലെ കോണ്‍ഗ്രസ് സഖ്യമെന്ന് പോളിറ്റ് ബ്യൂറോ തന്നെ വിമര്‍ശിച്ചതാണ്. നേരത്തെ ചേര്‍ന്ന പിബി യോഗത്തില്‍ സഖ്യതീരുമാനത്തോട് 16ല്‍ 13 അംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
ബംഗാള്‍ ഘടകത്തെ തിരുത്താനുള്ള നടപടികളാണു കേന്ദ്രകമ്മിറ്റി ഇന്നലെ പരിഗണിച്ചത്. ബംഗാള്‍ നിലപാടിനെ 75 പേര്‍ എതിര്‍ത്തു. അഞ്ചുപേര്‍ വിട്ടുനിന്നു. എന്നാല്‍ പരസ്യശാസനയുടെ രൂപത്തില്‍ ഒറ്റവരി പ്രമേയം മാത്രമാണു പുറത്തുവന്നത്. ഇതിനെതിരേ ജഗ്മതി പ്രതികരിച്ചെങ്കിലും ആരും പിന്തുണച്ചില്ല. ബംഗാള്‍ ഘടകവുമായി ചര്‍ച്ചചെയ്തു തുടര്‍നടപടി സ്വീകരിക്കുമെന്നു യെച്ചൂരി പറഞ്ഞു.
Next Story

RELATED STORIES

Share it