കോണ്‍ഗ്രസ് സഖ്യം: സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കെ സിപിഎം ബംഗാള്‍ ഘടകത്തിലെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ തുടങ്ങും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം 16ന് നടക്കുന്ന സാഹചര്യത്തിലാണ് നാളെ ബംഗാള്‍ ഘടകം യോഗം ചേരുന്നത്.
നയപരമായ തീരുമാനങ്ങള്‍ ഇരു പാര്‍ട്ടികളും കൈക്കൊണ്ടിട്ടില്ലെങ്കിലും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ സിപിഎം നേതാക്കള്‍ സജീവമായി നടത്തുന്നുണ്ട്. സിപിഎം ബാംഗാള്‍ ഘടകത്തിലെ നേതാക്കളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണ വേണമെന്ന പക്ഷക്കാരാണ്. സംസ്ഥാന സമിതിയിലെ 24 പേരൊഴികെ മറ്റുള്ളവരെല്ലാം കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. ബംഗാള്‍ ഘടകം പാര്‍ട്ടി സെക്രട്ടറി സൂര്യകാന്ത് മിശ്ര, എല്‍ഡിഎഫ് കണ്‍വീനര്‍ ബിമന്‍ബസു എന്നിവര്‍ ജില്ലാ സെക്രട്ടറിമാരെ നേരിട്ട് കണ്ട് അനുകൂല നിലപാട് സ്വീകരിപ്പിക്കുന്നതിനുള്ള ചര്‍ച്ചയിലാണ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഈ നീക്കത്തിന് അനുകൂലമാണ്.
കോണ്‍ഗ്രസുമായുള്ള നീക്കുപോക്കിന്റെ പേരില്‍ കേരള, ബംഗാള്‍ ഘടകങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അതിരൂക്ഷമായ അഭിപ്രായ ഭിന്നത കേന്ദ്ര ഘടകത്തിലേക്കും പടര്‍ന്നിരിക്കെയാണ് സഖ്യചര്‍ച്ച പുരോഗമിക്കുന്നത്. സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ നിര്‍ദേശിച്ച സംസ്ഥാന നേതൃത്വം ധാരണ നിലവില്‍ വന്നാല്‍ പല സീറ്റുകളും കോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കേണ്ടിവരുമെന്നും ജില്ലാ സെക്രട്ടറിമാര്‍ക്ക് സൂചന നല്‍കുന്നുണ്ട്. ബംഗാളില്‍ നിന്നുള്ള പിബി അംഗങ്ങളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇത്തരമൊരു തീരുമാനം സിപിഎമ്മിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടിന് എതിരാണെന്നും അതുകൊണ്ട് ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നുമാണ് മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനുള്ളത്. കാരാട്ട് പക്ഷത്തിനാണ് പിബിയിലും കേന്ദ്ര കമ്മിറ്റിലും ഭൂരിപക്ഷം. ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോണ്‍ഗ്രസ് ധാരണ വേണമെന്ന് തീരുമാനിച്ചാലും കേന്ദ്ര കമ്മിറ്റി യോഗം അത് തള്ളാനാണ് സാധ്യത.
ബംഗാളില്‍ ഇത്തരമൊരു കൂട്ടുകെട്ടുണ്ടായാല്‍ കേരളത്തില്‍ അത് കനത്ത നഷ്ടത്തിനിടയാക്കുമെന്നാണ് കാരാട്ട് പക്ഷത്തിന്റേയും കേരള ഘടകത്തിന്റേയും മുന്നറിയിപ്പ്. മാത്രമല്ല, വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സിലും കൊല്‍ക്കത്ത പ്ലീനത്തിലും കൈക്കൊണ്ട രാഷ്ട്രീയ നിലപാടുകള്‍ക്ക് തീര്‍ത്തും എതിരാണ് ഇത്തരമൊരു നീക്കമെന്നും കാരാട്ട് പക്ഷം വാദിക്കുന്നു. അതേസമയം ഇത്തരമൊരു ധാരണ ബംഗാളിലുണ്ടാക്കിയാല്‍ കേരളത്തിലെ എല്ലാ സാധ്യതകളും അസ്തമിക്കുമെന്ന് കാരാട്ട് പക്ഷവും കേരളഘടകവും ചൂണ്ടികാട്ടുന്നു. കോണ്‍ഗ്രസ്സിന്റെ ബി ടീം എന്ന പ്രചാരണമായിരിക്കും ബിജെപി കേരളത്തില്‍ നടത്തുക. നിലവില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തി തുടങ്ങിയ ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇത്തരമൊരു പ്രചാരണം ശക്തിപകരുമെന്നും സിപിഎമ്മിന് വന്‍ നഷ്ടമായിരിക്കും ഇതുവഴി സംഭവിക്കുകയെന്നും കേരള ഘടകം വാദിക്കുന്നു.
Next Story

RELATED STORIES

Share it