കോണ്‍ഗ്രസ് സഖ്യം: ബംഗാള്‍ ഘടകം ചര്‍ച്ചചെയ്യും

കൊല്‍ക്കത്ത: രാജ്യത്ത് മതേതരസഖ്യം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിന് സിപിഎം നേതൃത്വം വഹിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ്സുമായുള്ള സഖ്യസാധ്യതകള്‍ പൂര്‍ണമായും തള്ളാതെയായിരുന്നു ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് യെച്ചൂരിയുടെ മറുപടി. കൊല്‍ക്കത്തയില്‍ നടക്കുന്ന പാര്‍ട്ടി പ്ലീനത്തോടനുബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കണോ എന്ന കാര്യം സംസ്ഥാന കമ്മിറ്റിയാണു ചര്‍ച്ചചെയ്യേണ്ടത്. അന്തിമ തീരുമാനം കേന്ദ്രകമ്മിറ്റിയുടേതായിരിക്കും. സഖ്യങ്ങളെക്കുറിച്ച് ഒരു ഘടകത്തിനും സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല. തിരഞ്ഞെടുപ്പു സഖ്യങ്ങളെക്കുറിച്ച് പ്ലീനത്തിനുശേഷം തീരുമാനിക്കും. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ പുതിയ രീതികള്‍ പരീക്ഷിക്കും. തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ആദ്യം തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റികളാണെന്നു വ്യക്തമാക്കിയ യെച്ചൂരി പ്ലീനത്തില്‍ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യില്ലെന്നു വ്യക്തമാക്കി. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ നേരത്തെ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ബൂര്‍ഷ്വാ പാര്‍ട്ടികളുടെ രീതിയാണ്. ഇത് സിപിഎം പിന്തുടരില്ല.
കേന്ദ്രകമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവായ വി എസ് അച്യുതാനന്ദന് പ്ലീനം വേദിയില്‍ ഇരിപ്പിടം നല്‍കിയത് ബംഗാള്‍ ഘടകമാണെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കി. വിശാഖപട്ടണത്ത് ഇതു ചെയ്യാത്തതിനു താന്‍ മറുപടി നല്‍കേണ്ടതില്ല. വിഭാഗീയതയ്‌ക്കെതിരേ ശക്തമായ നടപടിയെടുക്കും. കേരളത്തില്‍ അവശേഷിക്കുന്ന വിഭാഗീയതയും തുടച്ചുനീക്കുമെന്നും യെച്ചൂരി പറഞ്ഞു.
പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള അഞ്ചിന കര്‍മ പരിപാടികള്‍ സീതാറാം യെച്ചൂരി പ്ലീനത്തില്‍ അവതരിപ്പിച്ചു. ജനകീയസമരങ്ങള്‍ ഏറ്റെടുക്കുക, ദേശീയതലത്തില്‍ മുതലാളിത്തവ്യവസ്ഥയ്ക്കു ബദലായി ഇടത് ഐക്യം ശക്തിപ്പെടുത്തുക, വെല്ലുവിളികളെ നേരിടാന്‍ പാര്‍ട്ടിയെ സ്വയം സജ്ജമാക്കുക, പാര്‍ട്ടിയെ സ്വതന്ത്രമായി ശക്തിപ്പെടുത്തി പുത്തന്‍ ഉണര്‍വേകുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
നേതൃത്വത്തിലുള്ളവരുടെ ഉയര്‍ന്ന സാമൂഹിക പശ്ചാത്തലം കാരണം അടിസ്ഥാനവര്‍ഗ പാര്‍ട്ടിയെന്ന സിപിഎമ്മിന്റെ പ്രതിച്ഛായ നഷ്ടമാവുന്നുവെന്ന് പ്ലീനം രേഖയില്‍ വിമര്‍ശനമുണ്ട്. പാര്‍ട്ടിയുടെ സാമൂഹികഘടനയും ചില സംസ്ഥാനസമിതികളിലെ അംഗത്വവും തമ്മില്‍ വലിയ പൊരുത്തക്കേടുണ്ടെന്നും പ്ലീനം റിപോര്‍ട്ട് വ്യക്തമാക്കുന്നു. എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ട്ടിയുടെ ഉന്നത കമ്മിറ്റികളില്‍ നാമമാത്രമായ പ്രാതിനിധ്യമേ ഉള്ളുവെന്നും രേഖ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it