Flash News

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 15നകം പൂര്‍ത്തിയാക്കും ; സോണിയ അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും



ന്യൂഡല്‍ഹി: സംഘടനാ തിരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ തീരുമാനം. ഇതോടെ ഒക്ടോബര്‍ 15നകം സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പായി. സംഘടനാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം സോണിയാഗാന്ധി ഒഴിഞ്ഞേക്കുമെന്നാണ് സൂചന. മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധിയാണ് പകരം നേതൃസ്ഥാനത്തെത്തുക. ഇന്നലെ സോണിയാഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍  രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകള്‍, ബിജെപിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര ശക്തമാക്കല്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ യോഗം നിശ്ചയിച്ചില്ലെങ്കിലും പൊതുസമ്മത സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനായി പ്രതിപക്ഷ നേതാക്കളടങ്ങിയ സബ് കമ്മിറ്റി രൂപീകരിക്കാന്‍ യോഗം അനുമതി നല്‍കി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെ കുറിച്ചാലോചിക്കാനായി കഴിഞ്ഞയാഴ്ച സോണിയാഗാന്ധി ഡല്‍ഹിയില്‍ യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ പ്രതിപക്ഷ നിരയിലെ 18 പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ചെന്നൈയില്‍ ഡിഎംകെ നേതാവ് എം കരുണാനിധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഒത്തുചേര്‍ന്നിരുന്നു. ഈ യോഗത്തിലുണ്ടായ സബ്കമ്മിറ്റി രൂപീകരണ തീരുമാനത്തിനാണ് പ്രവര്‍ത്തക സമിതി യോഗം അംഗീകാരം നല്‍കിയത്.നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിച്ചെടുക്കാന്‍ കഴിയില്ലെങ്കിലും സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിലൂടെ പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പ്രതിപക്ഷ നിരയിലെ ഐക്യം കൂടുതല്‍ ദൃഢമാക്കാന്‍ ഇത്തരമൊരു നീക്കം സഹായകരമാവുമെന്ന് യോഗം വിലയിരുത്തി.നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികളും സംഘടനാ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ക്കും യോഗം രൂപം നല്‍കി. കര്‍ണാടകയിലെ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. അംഗത്വ വിതരണം ആരംഭിച്ച് സംഘടനാ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളിലേക്ക് കടന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച അവലോകനവും യോഗത്തിലുണ്ടായി.
Next Story

RELATED STORIES

Share it