Flash News

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്‌ : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നോട്ടീസ്



പത്തനംതിട്ട: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്ന പ്രകാരം നടത്തണമെന്ന ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യാ സെക്രട്ടറിയും പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റുമായ അനില്‍ തോമസാണ് ഹരജി നല്‍കിയത്. ഭരണഘടനയുടെ 324ാം അനുഛേദ പ്രകാരം സ്ഥാപിതമായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനപ്രാതിനിധ്യ നിയമം 29 (എ) പ്രകാരമാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അംഗീകാരം നല്‍കുന്നത്. ജനാധിപത്യ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മാത്രമേ തിരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകാരം നല്‍കാറുള്ളൂ. തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പ്രകാരം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന് അവരവരുടെ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ജനാധിപത്യ രീതിയിലുള്ള സംഘടനാ തിരഞ്ഞെടുപ്പ് അനിവാര്യമാണ്. ഇതു കൃത്യമായ ഇടവേളകളില്‍ നടത്തി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കേണ്ടത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ അംഗീകാരം നിലനിര്‍ത്തുന്നതിന് അത്യാവശ്യവുമാണ്. കോണ്‍ഗ്രസ്സിന്റെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഉണ്ടായിരുന്ന അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായ ജനാര്‍ദ്ദന്‍ ദ്വിവേദി 10-05-2011ല്‍ കേന്ദ്ര ഇലക് ഷന്‍ കമ്മീഷന് നല്‍കിയ പിജി 9എ/1163ാം നമ്പര്‍ കത്ത് പ്രകാരം 2010 മെയ് മാസത്തിലാണു കോണ്‍ഗ്രസ്സില്‍ അവസാനമായി സംഘടനാ സമിതികളുടെ തിരഞ്ഞെടുപ്പു നടന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ്സിന്റെ ഭരണഘടന പ്രകാരം അഞ്ചു കൊല്ലം പൂര്‍ത്തിയാക്കിയ 2015ല്‍ കോണ്‍ഗ്രസ്സിലെ വിവിധ സമിതികള്‍ പുനസ്സംഘടിപ്പിക്കേണ്ടതായിരുന്നുവെന്നും ഹരജിയില്‍ പറയുന്നു. എന്നാല്‍, സംഘടനാ തിരഞ്ഞെടുപ്പു യഥാസമയം നടത്തുന്നതില്‍ വീഴ്ച വരുത്തിയതുമൂലം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇടപെടുകയും തിരഞ്ഞെടുപ്പ് നടത്തുന്നതിനു സമയപരിധി നിശ്ചയിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇപ്രകാരം സംഘടനാ തിരഞ്ഞെടുപ്പു നടത്തുന്നതിനു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയ സമയം ഈ വര്‍ഷം ഡിസംബര്‍ 31ന് അവസാനിക്കുകയാണെന്നതും ഹരജിക്കാരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്സിന്റെ ഭരണഘടന പ്രകാരം അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി, പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി, പ്രാഥമിക കോണ്‍ഗ്രസ് കമ്മിറ്റി അഥവാ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി എന്നിങ്ങനെ അഞ്ചുതലങ്ങളിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. പ്രാഥമിക കോണ്‍ഗ്രസ് കമ്മിറ്റി ഒഴികെ മറ്റ് കോണ്‍ഗ്രസ് കമ്മിറ്റികളില്‍ രഹസ്യ ബാലറ്റിലൂടെയുള്ള തിരഞ്ഞെടുപ്പിലൂടെയാണു ഭൂരിപക്ഷം പ്രതിനിധികളെയും തിരഞ്ഞെടുക്കേണ്ടത്. ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിന്ന് ആരംഭിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെയും കോണ്‍ഗ്രസ് പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പില്‍ അവസാനിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയാണ് കോണ്‍ഗ്രസ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിന്നും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയിലേക്കും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലേക്കും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലേക്കും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിന്ന് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയിലേക്കും അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കും പ്രതിനിധികളെ തിരഞ്ഞെടുക്കാനാണു ഭരണഘടന നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. അപ്രകാരം തിരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടി അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും കേന്ദ്ര ഇലക്ഷന്‍ അതോറിറ്റിയെ നിശ്ചയിച്ചിട്ടുണ്ട്.മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയാണ് ഇതിന്റെ ചെയര്‍മാനെന്നും ചൂണ്ടികാട്ടുന്നു.. ഭരണഘടന അനുശാസിക്കുന്ന പ്രകാരം പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it