Flash News

കോണ്‍ഗ്രസ് വിമതന്റെ വോട്ടില്‍ കണ്ണൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫിന്

കോണ്‍ഗ്രസ് വിമതന്റെ വോട്ടില്‍ കണ്ണൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫിന്
X
ldf-meyors



[related]

കണ്ണൂര്‍: കണ്ണൂര്‍: അവസാന നിമിഷം വരെ നീണ്ട നാടകീയതയ്‌ക്കൊടുവില്‍ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ നിര്‍ണായക പിന്തുണയിലൂടെ പ്രഥമ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന്. കോര്‍പറേഷനിലെ പ്രഥമ മേയറായി മേലെചൊവ്വ വാര്‍ഡില്‍നിന്നു വിജയിച്ച സിപിഎമ്മിലെ  ഇ പി ലത തിരഞ്ഞെടുക്കപ്പെട്ടു. 27നെതിരേ 28 വോട്ടുകള്‍ക്കാണ് ലതയുടെ വിജയം.

തിരഞ്ഞെടുപ്പില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ഐ ഗ്രൂപ്പിലെ പ്രമുഖയുമായ സുമ ബാലകൃഷ്ണനാണു പരാജയപ്പെട്ടത്. വോട്ട് ചെയ്തയുടന്‍ കൗണ്‍സില്‍ ഹാളില്‍നിന്ന് രാഗേഷ് ഇറങ്ങിപ്പോവുകയായിരുന്നു. വാര്‍ഡ്് ക്രമനമ്പര്‍ അടിസ്ഥാനത്തിലാണ് വോട്ടിങ് എന്നതിനാല്‍ ഏറ്റവും അവസാനമായിരുന്നു പഞ്ഞിക്കീല്‍ വാര്‍ഡില്‍നിന്നു ലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ രാഗേഷിന്റെ ഊഴം. വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ ഫലം പ്രഖ്യാപിച്ചു.

എല്‍ഡിഎഫിനു ചരിത്രവിജയം സമ്മാനിച്ച രാഗേഷിന് നന്ദി അര്‍പ്പിക്കുന്നതായി ഇ പി ലത പറഞ്ഞു. ഇതിനുശേഷം ജില്ലാ കലക്ടര്‍ മുമ്പാകെ ലത മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എല്‍ഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്നും തോറ്റതില്‍ദുഖമില്ലെന്നും എന്നാല്‍ ആണും പെണ്ണും കെട്ട സമീപനമാണ് രാഗേഷ് സ്വീകരിച്ചതെന്നും സുമ ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫിന്റെ പരാജയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് കെ സുധാകരനും വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസ്സില്‍നിന്ന് തനിക്കു നീതി ലഭിച്ചില്ലെന്നും ഇനി എപ്പോഴാണ് നീതി ലഭിക്കുകയെന്നും രാഗേഷ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കെപിസിസിയും ഡിസിസിയും അംഗീകരിച്ചില്ല. തുടര്‍ന്നാണ് എല്‍ഡിഎഫിനെ പിന്തുണച്ചത്-രാഗേഷ് വ്യക്തമാക്കി.

രാഗേഷിനെ അനുനയിപ്പിക്കാന്‍  കെസി ജോസഫ്, സതീശന്‍ പാച്ചേനി, സണ്ണി ജോസഫ് എന്നിവര്‍ അടങ്ങുന്ന കെപിസിസി നിയോഗിച്ച പ്രത്യേക സമിതി നടത്തിയ ശ്രമങ്ങളത്രയും പരാജയപ്പെടുകയായിരുന്നു. ഇന്നു രാവിലെ 9.30 വരെ, മന്ത്രി കെ സി ജോസഫ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാഗേഷ് എല്‍ഡിഎഫിനു നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്. രാഗേഷ് ഉന്നയിച്ച ആവശ്യങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. നേരത്തെ സുമ ബാലകൃഷ്ണനെ അംഗീകരിക്കില്ലെന്നു പറഞ്ഞിരുന്ന രാഗേഷ് പിന്നീട് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേയ്ക്ക് ലീഗ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കില്ലെന്നാണു പറഞ്ഞത്. കോര്‍പറേഷനിലെ പഞ്ഞിക്കീല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ച രാഗേഷ് 21 വോട്ടിനാണു വിജയിച്ചത്.
Next Story

RELATED STORIES

Share it