കോണ്‍ഗ്രസ്: മങ്ങുന്ന പ്രതീക്ഷകള്‍

എന്‍ പി ചെക്കുട്ടി
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേളികൊട്ട് ഉയര്‍ന്നുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രാജ്യത്തു തിരിച്ചെത്തിക്കഴിഞ്ഞു. പ്രസംഗവേദികളില്‍ മോദിയുടെ വാചകമടികള്‍ മുഴങ്ങിക്കേള്‍ക്കുന്നു. നാലു വര്‍ഷമായി കര്‍ഷകരുടെ കാര്യം പാടേ മറന്നുപോയ കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെയും മറ്റു വിളകളുടെയും സംഭരണവില കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നു. വീണ്ടും അധികാരം പിടിച്ചെടുക്കുന്നതിന് തങ്ങളുടെ ആവനാഴിയിലെ സകല അസ്ത്രങ്ങളും എടുത്തു പ്രയോഗിക്കാന്‍ തന്നെയാണ് സംഘപരിവാരത്തിന്റെ തീരുമാനം.
എന്താണ് മറുഭാഗത്ത് പ്രതിപക്ഷത്തിന്റെ പ്രതീക്ഷകള്‍? ബിഹാറില്‍ ഒരിക്കല്‍ പരീക്ഷിച്ചു വിജയിച്ച പ്രതിപക്ഷ മഹാസഖ്യം എന്നോ തകര്‍ന്നുതരിപ്പണമായി. കശ്മീരില്‍ സഖ്യകക്ഷിയെ പുറന്തള്ളി വീണ്ടും തീവ്രഹിന്ദുത്വ രാഷ്ട്രീയ താല്‍പര്യങ്ങളെ താലോലിക്കുന്ന നയം ബിജെപി സ്വീകരിച്ചുകഴിഞ്ഞു. ഗുജറാത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിടിച്ചുകുലുക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞുവെങ്കിലും അവരെ പുറത്താക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ നിന്നു സാമാജികരെ കാശുകൊടുത്ത് കാലുമാറ്റി തങ്ങളുടെ രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്താന്‍ കഴിയുമെന്ന് ബിജെപി തെളിയിച്ചിരിക്കുന്നു. കര്‍ണാടകയില്‍ എതിര്‍പക്ഷത്തു നിലയുറപ്പിച്ചിരുന്ന ജനതാദള്‍ കക്ഷിക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കി ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞുവെങ്കിലും മുന്നണിയില്‍ തുടക്കത്തില്‍ തന്നെ കല്ലുകടിയാണ്. മന്ത്രിസഭാ രൂപീകരണവും അധികാരവിഭജനവും സാധിച്ചുവെങ്കിലും മന്ത്രിസഭയിലെ പ്രമുഖ കക്ഷികള്‍ തമ്മിലുള്ള ശീതസമരം അടങ്ങുന്നില്ല.
ദേശീയതലത്തില്‍ ബിജെപിയെ നേരിടാനുള്ള ഒരു സംയുക്ത പ്രതിപക്ഷമെന്ന ആശയത്തെക്കുറിച്ചു പ്രതീക്ഷകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അതു പ്രായോഗികതലത്തില്‍ എത്രമാത്രം സാധ്യമാവുമെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഒരു കേന്ദ്രഭരണം വീണ്ടും തിരിച്ചുവരുകയെന്നത് എത്രമേല്‍ ആപല്‍ക്കരമാണ് എന്നതിനെ സംബന്ധിച്ചു വിവിധ കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടാവാം. പക്ഷേ, അതിനു ബദലായി ഒരു ശക്തമായ മുന്നണി കെട്ടിപ്പടുക്കാന്‍ പ്രായോഗികമായ സാധ്യതകളൊന്നും വേണ്ടവിധം നിലനില്‍ക്കുന്നില്ല. കോണ്‍ഗ്രസ് ശക്തമായ ഒരു ബദല്‍ നേതൃത്വമാണെന്ന് ദേശീയരാഷ്ട്രീയത്തില്‍ ഇന്നും ആര്‍ക്കും വലിയ ബോധ്യമൊന്നുമുള്ളതായി കാണാന്‍ കഴിയുന്നില്ല. പ്രാദേശിക കക്ഷികള്‍ക്കാവട്ടെ, അധികാരമാണ് പ്രധാനം. കാര്യം കാണാന്‍ ആരുമായും കൂട്ടുകൂടാന്‍ അവര്‍ക്കു മടിയൊന്നുമില്ല.
ഇങ്ങനെയുള്ള സങ്കീര്‍ണമായ ദേശീയപരിസരത്ത് രാജ്യത്തിനു മതേതര രാഷ്ട്രീയദര്‍ശനത്തിന്റെ മാതൃകയായി ഉയര്‍ന്നുനില്‍ക്കുന്ന പ്രവിശ്യകളിലൊന്നാണ് കേരളം. കേരളത്തില്‍ ഒരിക്കല്‍ പോലും സംഘപരിവാര രാഷ്ട്രീയത്തിന് കാര്യമായ ജനപിന്തുണ നേടാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളും സാധാരണനിലയില്‍ ബിജെപി വിരുദ്ധ സമീപനം സ്വീകരിക്കുന്ന ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കുക. അതുകൊണ്ടുതന്നെ കേരളത്തില്‍ തങ്ങളുടെ രാഷ്ട്രീയ അടിത്തറ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നേതൃത്വം കരുക്കള്‍ നീക്കുകയാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം അതു ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം തികയ്ക്കലുമായി ബന്ധപ്പെട്ട ഒരു വിഷയമല്ല. മറിച്ച്, കേരളത്തിന്റെ ശക്തമായ മതേതര പ്രതിബദ്ധതയുടെ രാഷ്ട്രീയം തകര്‍ത്ത് അവിടെ സംഘപരിവാര പ്രത്യയശാസ്ത്രത്തിന്റെ കൊടിക്കൂറ ഉയര്‍ത്തുക എന്നതാണ് അവരുടെ ആത്യന്തികലക്ഷ്യം. ത്രിപുര പോലെ ശക്തമായ ഇടതുപക്ഷ മതേതര രാഷ്ട്രീയം നിലനിന്ന സംസ്ഥാനം പോലും കൈയടക്കിയ ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തിലെ വിജയം തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ അന്തിമ വിജയപ്രഖ്യാപനമായിരിക്കും എന്നു തീര്‍ച്ചയാണുതാനും.
എന്തുകൊണ്ടാണ് ബിജെപിക്ക് കേരളത്തില്‍ ശക്തമായ അടിത്തറ കെട്ടിപ്പടുക്കാന്‍ കഴിയാതെ പോയത്? കേരളീയ നവോത്ഥാനമൂല്യങ്ങളുടെ അടിത്തറയില്‍ ഇടതു മതേതര രാഷ്ട്രീയത്തിന്റെ വിത്തുപാകാന്‍ കഴിഞ്ഞതാണ് വര്‍ഗീയ പ്രത്യയശാസ്ത്രത്തെ തടഞ്ഞുനിര്‍ത്താന്‍ സഹായകമായത് എന്ന് ഇടതുപക്ഷം നിരന്തരം കൊട്ടിഘോഷിച്ചുവരാറുള്ളതാണ്. വര്‍ഗീയ പ്രത്യയശാസ്ത്രങ്ങളെ തടയുന്നതിന് ഏറ്റവും കരുത്തുള്ള ഒറ്റമൂലി ഇടതുരാഷ്ട്രീയമാണെങ്കില്‍ എന്തുകൊണ്ടാണ് ബംഗാളിലും ത്രിപുരയിലും അതു ഫലിക്കാതെ പോയത്? ബംഗാളില്‍ സിപിഎമ്മിന്റെ തകര്‍ച്ച പോലെത്തന്നെ ശ്രദ്ധിക്കേണ്ടതാണ് ബിജെപിയുടെ ശീഘ്രഗതിയിലുള്ള രാഷ്ട്രീയ വളര്‍ച്ചയും. ത്രിപുരയില്‍ കോണ്‍ഗ്രസ് പാടേ അപ്രത്യക്ഷമായി. ഇപ്പോള്‍ സംസ്ഥാനം സിപിഎമ്മും ബിജെപിയും തങ്ങള്‍ക്കിടയില്‍ പങ്കിട്ടെടുത്തിരിക്കുകയാണ് എന്നത് ഓര്‍ക്കേണ്ടതാണ്.
ഈ സങ്കീര്‍ണമായ പശ്ചാത്തലത്തിലാണ് ഭാവികേരളത്തിലെ രാഷ്ട്രീയ ദിശാമാറ്റങ്ങളെക്കുറിച്ചു പരിചിന്തിക്കേണ്ടിവരുന്നത്. കേരളം മാറുകയാണെന്നു തീര്‍ച്ച. സ്വാതന്ത്ര്യാനന്തരം പൊതുവില്‍ മതേതരമായ ഒരു രാഷ്ട്രീയ സമീപനമാണ് കേരളത്തിലെ വിവിധ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ പിന്‍പറ്റിവന്നത്. 1980നുശേഷം കേരളത്തില്‍ ഭരണം നിലനിര്‍ത്തിയ രണ്ടു മുന്നണികളും പൊതുവില്‍ ഇത്തരം നയങ്ങളില്‍ യോജിപ്പു പ്രകടിപ്പിച്ചിരുന്നു. സാമ്പത്തിക-സാമൂഹിക നയങ്ങളില്‍ 1957 മുതല്‍ തന്നെ വിവിധ സര്‍ക്കാരുകള്‍ പൊതുവില്‍ ഒരു സമീപന തുടര്‍ച്ച പ്രകടിപ്പിക്കുന്നതായി കാണാവുന്നതാണ്. കേരളത്തിലെ ഭൂപരിഷ്‌കരണ-വിദ്യാഭ്യാസ നയങ്ങളിലും സാമൂഹികക്ഷേമ നടപടികളിലും പൊതുവിതരണ ശൃംഖലയിലും ഒക്കെയുള്ള സവിശേഷമായ മാതൃകകള്‍ രണ്ടു മുന്നണികളും ഒരേപോലെ മുന്നോട്ടുകൊണ്ടുപോവുകയുണ്ടായി. മതേതരത്വത്തിനും സാമൂഹികക്ഷേമ സങ്കല്‍പങ്ങള്‍ക്കും വികേന്ദ്രീകൃത ജനാധിപത്യമൂല്യങ്ങള്‍ക്കും പൊതുവില്‍ വളക്കൂറുള്ള മണ്ണായി കേരളം നിലനില്‍ക്കുകയും ചെയ്തു.
ഇപ്പോള്‍ അത്തരമൊരു പശ്ചാത്തലത്തിന് ഇടര്‍ച്ച സംഭവിക്കുകയാണ് എന്നു തീര്‍ച്ച. നേമം മണ്ഡലത്തില്‍ വിജയിച്ച് ഒ രാജഗോപാല്‍ നിയമസഭയില്‍ പ്രവേശിച്ചത് അതിന്റെ ആദ്യത്തെ പ്രകടമായ ഉദാഹരണമാണ്. കേരളത്തില്‍ നിന്നു ബിജെപിക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു കേന്ദ്രമന്ത്രിയടക്കം ഇപ്പോള്‍ മൂന്ന് അംഗങ്ങളുണ്ട് എന്ന കാര്യം ഓര്‍ക്കുക. പ്രാദേശികതലത്തില്‍ ബിജെപി തങ്ങളുടെ വേരുകള്‍ പടര്‍ത്തുകയാണ് എന്ന് കഴിഞ്ഞ തദ്ദേശസ്വയംഭരണ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ അവരുടെ വോട്ടുനില പരിശോധിച്ചാലും കാണാന്‍ കഴിയും. ബിഡിജെഎസിന്റെ പിന്തുണയോടു കൂടിയാണെങ്കിലും 15 ശതമാനം വോട്ട് നേടിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ട്. അതു നിലനിര്‍ത്താനും കൂടുതല്‍ വിപുലമാക്കാനും പര്യാപ്തമായ തന്ത്രങ്ങള്‍ അവര്‍ ആവിഷ്‌കരിക്കുമെന്നും തീര്‍ച്ച.
അങ്ങനെയുള്ള സാഹചര്യത്തില്‍ കേരളത്തെ സംഘപരിവാരത്തിന്റെ വിഭാഗീയ രാഷ്ട്രീയതന്ത്രങ്ങളുടെ വിജയകരമായ മാതൃക എന്ന അവസ്ഥയിലേക്കു നിപതിക്കുന്നതില്‍ നിന്നു തടയാനുള്ള മാര്‍ഗങ്ങള്‍ എന്തെന്നു ഗൗരവത്തോടു കൂടി ആലോചിക്കേണ്ട സമയമാണിത്. ജമ്മുകശ്മീരിലെ പോലെ സാമുദായികമായി സംസ്ഥാനത്തെ വിഭജിക്കാനും വര്‍ഗീയ പ്രത്യയശാസ്ത്രങ്ങളെ ഓരോ പ്രദേശത്തിന്റെയും പരമാധികാരിയായി വാഴിക്കാനുമുള്ള നീക്കങ്ങള്‍ തടയപ്പെടേണ്ടതാണ്. അതിനു പറ്റിയ രാഷ്ട്രീയതന്ത്രങ്ങള്‍ കേരളത്തിലെ ഇടതുപക്ഷവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് മുന്നണിയും ആവിഷ്‌കരിക്കുന്നുണ്ടോ എന്ന ചോദ്യവും പ്രസക്തം.
സിപിഎം നിയന്ത്രിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തങ്ങളുടെ തന്ത്രങ്ങള്‍ കൃത്യമായി ആവിഷ്‌കരിച്ചു പ്രയോഗത്തില്‍ വരുത്താന്‍ കഴിയുന്നുണ്ട്. അതു വളരെ വിജയകരമായ ഒരു രാഷ്ട്രീയതന്ത്രമായി അവര്‍ നടപ്പാക്കിവരുന്നുമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഗംഭീരമായ വിജയത്തിനുശേഷം അവര്‍ തങ്ങളുടെ മുന്നണി വിപുലപ്പെടുത്തുന്നതിനു ശക്തമായ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നേരത്തേ യുഡിഎഫിലേക്കു പോയ കക്ഷികളില്‍ ജനതാദള്‍-എസിനെ തിരിച്ചുപിടിക്കുന്നതില്‍ അവര്‍ വിജയിച്ചു. ആര്‍എസ്പിയെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്. മാണിയുടെ കേരളാ കോണ്‍ഗ്രസ്സിനെ പിടിച്ചെടുക്കുന്നതില്‍ തല്‍ക്കാലം വിജയിച്ചില്ലെങ്കിലും ആ കക്ഷിയുമായി വേണ്ടിവന്നാല്‍ ചില കൊടുക്കല്‍വാങ്ങലുകള്‍ക്കുള്ള കോപ്പ് ഇപ്പോഴും സിപിഎമ്മിനു സ്വായത്തമാണ്.  കുഞ്ഞാലിക്കുട്ടിയുടെ മുസ്‌ലിംലീഗ് ഇടത്തോട്ട് ഒരു കോണി ചാരിവച്ചാല്‍ അതിലൊന്ന് കേറിനോക്കാന്‍ ഒട്ടും മടികാണിക്കുകയുമില്ല.
ഇത് മുഖ്യധാരയിലുള്ള രാഷ്ട്രീയകക്ഷികളുടെ അവസ്ഥ. കേരളത്തില്‍ രാഷ്ട്രീയകക്ഷികളെപ്പോലെ തന്നെ പ്രധാനമാണ് വിവിധ സമുദായങ്ങളും സാമുദായിക പ്രസ്ഥാനങ്ങളും എന്നതു വേറെ കാര്യം. കേരളത്തിലെ പ്രബല സമുദായങ്ങളുടെ പിന്തുണ ഉറപ്പിച്ചെടുക്കാതെ ഇവിടെ തിരഞ്ഞെടുപ്പില്‍ വിജയം എളുപ്പമല്ലെന്നു സമീപകാല തിരഞ്ഞെടുപ്പുകളൊക്കെയും തെളിയിച്ചതാണ്. സാമുദായികശക്തികളോട് ഏറ്റുമുട്ടി ഭരണം നടപ്പില്ലെന്ന കാര്യം 1957-59 കാലത്തെ വിമോചന സമരത്തിന്റെ അനുഭവങ്ങളില്‍ നിന്നു തന്നെ വ്യക്തവുമാണ്.
സമുദായങ്ങളുടെയും സാമുദായികശക്തികളുടെയും പിന്തുണ ഉറപ്പിക്കുന്നതില്‍ ആരാണ് വിജയിച്ചുകൊണ്ടിരിക്കുന്നത്? 2016ലെ യുഡിഎഫിന്റെ കനത്ത പരാജയം ഇക്കാര്യത്തില്‍ ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. കേരളത്തിലെ പ്രബല സമുദായങ്ങളില്‍ മുസ്‌ലിം വോട്ടുകള്‍ വന്‍തോതില്‍ ഇടതുപക്ഷത്തേക്ക് ഒഴുകിയെത്തിയ തിരഞ്ഞെടുപ്പാണത്. സിപിഎമ്മിനോട് മുസ്‌ലിംകള്‍ക്ക് പ്രത്യേകിച്ചു പ്രേമമൊന്നും തോന്നിയതായിരുന്നില്ല കാരണം. കോണ്‍ഗ്രസ്സിന്റെ മതേതര പ്രതിബദ്ധതയില്‍ അവരുടെ വിശ്വാസം നഷ്ടപ്പെട്ടുപോയതാണ് ആ മാറ്റത്തിനു കാരണമായത്. സംഘപരിവാരത്തിന്റെ ആക്രമണങ്ങളില്‍ സിപിഎം തങ്ങളുടെ രക്ഷയ്‌ക്കെത്തുമെന്ന പ്രതീക്ഷ അവരില്‍ വളര്‍ന്നുവന്നു. ബീഫ് ഫെസ്റ്റിവലുകള്‍ പോലുള്ള സിപിഎമ്മിന്റെ പ്രകടനാത്മകമായ അഭ്യാസങ്ങള്‍ അത്തരമൊരു അന്തരീക്ഷനിര്‍മിതിയില്‍ വലിയ പങ്കുവഹിക്കുകയുണ്ടായി.
ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ മിന്നുന്ന വിജയം ചൂണ്ടിക്കാണിക്കുന്നത് സാമുദായിക താല്‍പര്യങ്ങളെ വോട്ടുകളാക്കി മാറ്റുന്ന ഞാണിന്‍മേല്‍ക്കളിയില്‍ പുതിയൊരു അധ്യായം തന്നെ സിപിഎം തുന്നിച്ചേര്‍ത്തിരിക്കുന്നു എന്നാണ്. അവിടെ പ്രബലമായ അടിത്തറയുള്ള പരമ്പരാഗത സിറിയന്‍ ക്രൈസ്തവ വിഭാഗങ്ങളെയും എല്ലാകാലത്തും ഇടതുപക്ഷത്തോട് അകലം പാലിച്ചുനിന്ന നായര്‍ സമുദായത്തെയും തങ്ങളുടെ പാളയത്തില്‍ കൊണ്ടുവരുന്നതില്‍ സിപിഎം വിജയം വരിച്ചു. കേരളത്തിലെ സമുദായങ്ങളില്‍ സംവരണകാര്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതില്‍ ഉല്‍ക്കണ്ഠയുള്ള ഈഴവ-മുസ്‌ലിം-ദലിത് വിഭാഗങ്ങളെ നോക്കുകുത്തിയാക്കി നിര്‍ത്തി ദേവസ്വം നിയമനങ്ങളിലെ സംവരണ വിഷയത്തില്‍ അവര്‍ നടത്തിയ അദ്ഭുതകരമായ അഭ്യാസം എന്‍എസ്എസിനെ തങ്ങളുടെ ഭാഗത്തേക്കു കൊണ്ടുവരുന്നതില്‍ പ്രയോജനകരമായി. ഒരേസമയം മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഈ ദ്വിമുഖ രാഷ്ട്രീയ അഭ്യാസത്തെ തുറന്നുകാണിക്കുന്നതില്‍ പോലും കേരളത്തിലെ യുഡിഎഫ് നേതൃത്വം വിജയിക്കുകയുണ്ടായില്ല.
എന്തുകൊണ്ടാണ് യാഥാസ്ഥിതിക സിറിയന്‍ ക്രൈസ്തവ നേതൃത്വത്തെയും ബാലകൃഷ്ണപിള്ള പോലുള്ള ഫ്യൂഡല്‍ പ്രമാണിമാരെയും ചങ്ങനാശ്ശേരിയിലെ എന്‍എസ്എസ് നേതൃത്വത്തെയും വിവിധ മുസ്‌ലിം വിഭാഗങ്ങളെയും ഒരേസമയം തങ്ങളുടെ മോഹവലയത്തില്‍ ഒന്നിപ്പിച്ചുനിര്‍ത്തുന്നതില്‍ കേരളത്തിലെ സിപിഎം വിജയിക്കുന്നത്?
ആ ചോദ്യം കേരളത്തിലെ യുഡിഎഫ്-കോണ്‍ഗ്രസ് നേതൃത്വം ഒരിക്കലും കാര്യമായി ഉന്നയിക്കുകയുണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം. കോണ്‍ഗ്രസ് പാര്‍ട്ടി എന്നത് ഇപ്പോള്‍ 1970കളില്‍ നേതൃത്വം പിടിച്ചെടുത്ത ഒരു സംഘത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. നാലു പതിറ്റാണ്ടോളമായി പാര്‍ലമെന്റിലും നിയമസഭയിലും തങ്ങളുടെ സ്ഥിരം ലാവണങ്ങളില്‍ അവസരസേവകരായ സ്തുതിപാഠകരാല്‍ ചുറ്റപ്പെട്ട് ഒരു വലിയ പരിധിവരെ സാധാരണജനങ്ങളില്‍ നിന്ന് അകന്ന് ദന്തഗോപുരങ്ങളില്‍ അധിവസിക്കുന്ന കുറേ കടല്‍ക്കിഴവന്‍മാരുടെ വിശ്രമകേന്ദ്രമാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. പഴയകാലത്തെ ജന്മിത്തറവാട്ടിലെ കാരണോര് പറഞ്ഞമാതിരി, 'പത്തായം പെറും, ചക്കി കുത്തും, ഞാന്‍ ഉണ്ണും' എന്ന മാനസികാവസ്ഥയിലാണ് എ കെ ആന്റണി മുതല്‍ താഴോട്ടുള്ള ഈ നേതൃസംഘം എന്നു പറയാതെ വയ്യ. തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോവുന്ന കാര്യം തന്നെ അവര്‍ക്ക് അറിയാന്‍ കഴിയുന്നുവോ എന്നു സംശയം. എന്നിട്ടല്ലേ, എന്താണ് അതിനു പരിഹാരം, എന്തു ബദല്‍ തന്ത്രങ്ങള്‍ എന്നൊക്കെ ആലോചിക്കുന്ന വിഷയം!
കേരളത്തില്‍ സിപിഎമ്മും സംഘപരിവാരവും രണ്ടു വിരുദ്ധ ധ്രുവങ്ങളായി നിന്ന് സാമുദായികവും വര്‍ഗീയവുമായ രാഷ്ട്രീയ ബലപരീക്ഷണത്തിലൂടെ സമൂഹത്തെ വിഭജിച്ചു തങ്ങളുടെ കീഴില്‍ കല്‍പാന്തകാലത്തോളം നിലനിര്‍ത്താനുള്ള തന്ത്രമാണ് ഇപ്പോള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ തനതായ മതേതര അന്തരീക്ഷത്തെ അട്ടിമറിച്ച് തികഞ്ഞ വര്‍ഗീയ ഭ്രാന്തിന്റെ ഒരു പുതിയ കാലഘട്ടത്തിലേക്ക് മലയാളി സമൂഹത്തെ നയിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ നിലനില്‍ക്കണമെങ്കില്‍ കൈയൂക്കുള്ളവന്റെ തണലില്‍ നില്‍ക്കുകയല്ലാതെ രക്ഷയില്ല എന്നൊരു തോന്നല്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുകയാണ്. കേരളം ഇപ്പോള്‍ കൊലക്കത്തിയുടെയും ക്വട്ടേഷന്‍ രാജാക്കന്‍മാരുടെയും രാഷ്ട്രീയ വിജയത്തിന്റെ നാടായി മാറുകയാണ്.
അതില്‍ നിന്നു വ്യത്യസ്തമായ ഒരു പന്ഥാവിലൂടെ സമൂഹത്തെ മുന്നോട്ടുനയിക്കാന്‍ സാധ്യതയുള്ള ഒരു പ്രസ്ഥാനമായാണ് സാധാരണജനം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ കണ്ടിരുന്നത്. സമുദായങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുമ്പോള്‍ തന്നെ ദേശീയ പാരമ്പര്യത്തിന്റെ ഭാഗമായ മതേതര-ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞിരുന്ന പ്രസ്ഥാനമാണത്.
പക്ഷേ, ഹോമറിന്റെ യുലീസസ്, തന്റെ ദീര്‍ഘമായ അലച്ചിലുകള്‍ക്കിടയില്‍ കണ്ടുമുട്ടിയ കറുപ്പുതീനികളുടെ നാട്ടിലെ അവസ്ഥ തന്നെയാണ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലും നമുക്കു കാണാന്‍ കഴിയുന്നത്.                       ി
Next Story

RELATED STORIES

Share it