Flash News

കോണ്‍ഗ്രസ് ബൂത്ത്തല അംഗത്വ വിതരണത്തിനു തുടക്കമായി



തിരുവനന്തപുരം: കോണ്‍ഗ്രസ് ബൂത്ത്തല അംഗത്വ വിതരണത്തിനു തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് എം എം ഹസനില്‍നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി അംഗത്വം സ്വീകരിച്ച് നിര്‍വഹിച്ചു. തിരുവനന്തപുരം ജില്ലയിലെ ജഗതി വാര്‍ഡിലെ 92ാം നമ്പര്‍ ബൂത്തിലെ എ കെ ആന്റണിയുടെ വസതിയായ അഞ്ജനത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ജഗതി വാര്‍ഡിലെ താമസക്കാരന്‍കൂടിയായ കെപിസിസിസി പ്രസിഡന്റ് എം എം ഹസന് ബൂത്ത് പ്രസിഡന്റ് ശ്യാം അദ്ദേഹത്തിന്റെ വസതിയിലെത്തി മെംബര്‍ഷിപ്പ് നല്‍കി. മെയ് 15 വരെയാണ് അംഗത്വവിതരണ കാലാവധി. കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മുന്‍മന്ത്രിമാര്‍, മുന്‍ എംപിമാര്‍, മുന്‍ എംഎല്‍എമാര്‍ തുടങ്ങി എല്ലാ തലത്തിലുമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അവരവരുടെ ബൂത്തുകളില്‍ അംഗത്വവിതരണത്തിനു നേതൃത്വം നല്‍കും. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്രപ്രസാദ്, സി ആര്‍ ജയപ്രകാശ്, എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ്, കെപിസിസി ഖജാഞ്ചി ജോണ്‍ എബ്രഹാം, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെപിസിസി സെക്രട്ടറിമാരായ മണക്കാട് സുരേഷ്, എം എം നസീര്‍, എംഎല്‍എമാരായ വി എസ് ശിവകുമാര്‍, ശബരീനാഥന്‍, എക്‌സിക്യൂട്ടീവ് അംഗം ശാസ്തമംഗലം മോഹനന്‍, പി കെ വേണുഗോപാല്‍ പങ്കെടുത്തു. കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യം പ്രഖ്യാപിച്ചുകൊണ്ട് അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിനെ നാമാവശേഷമാക്കാന്‍ കേന്ദ്രഭരണത്തിന് നേതൃത്വംനല്‍കുന്ന ബിജെപിയും സംഘപരിവാരവും ശ്രമങ്ങള്‍ നടത്തുന്നെന്ന് ഹസന്‍ പറഞ്ഞു. കോണ്‍ഗ്രസ്സിനെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോല്‍പ്പിക്കാന്‍ ഇന്ത്യയിലെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എം എം ഹസന്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it