Middlepiece

കോണ്‍ഗ്രസ് ബാന്ധവ സാധ്യതകള്‍

ഭായ് വീര്‍സിങ് മാര്‍ഗിലെ എകെജി ഭവനില്‍ കുറേക്കാലമായി ഒച്ചയും അനക്കവുമൊന്നും ഇല്ലാതിരിക്കുകയായിരുന്നു. ഒന്നാം യുപിഎ ഭരണകാലത്ത് തലസ്ഥാനത്തെ ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധയിലുള്ള രാഷ്ട്രീയകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു വിപ്ലവപ്പാര്‍ട്ടിയുടെ ഈ ആസ്ഥാനകേന്ദ്രം. അന്ന് കേന്ദ്രം ഭരിക്കുന്നത് മന്‍മോഹനാണെങ്കിലും അതിന്റെ പിന്നിലെ ബുദ്ധികേന്ദ്രം സഖാക്കള്‍ സുര്‍ജിത്തും ജ്യോതിബസുവും ഒക്കെയായിരുന്നു. അതിനാല്‍ പാര്‍ട്ടിയുടെ യുവനേതാക്കളായ കാരാട്ടിനും യെച്ചൂരിക്കും ഒക്കെ തിരക്കോടു തിരക്കായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും സംസാരിക്കുന്ന ടിവിക്കാര്‍ക്ക് ബൈറ്റുകള്‍ നല്‍കണം. നാട്ടിലെങ്ങുമുള്ള പത്രക്കാര്‍ക്ക് ഇന്റര്‍വ്യൂ നല്‍കണം. പാര്‍ട്ടി സെക്രട്ടറിയായ അവസരത്തില്‍ കാരാട്ട് സഖാവ് നിരീക്ഷകന് ഇന്റര്‍വ്യൂവിന് സമയം അനുവദിച്ചത് വൈകീട്ടാണ്. ചെന്നുനോക്കുമ്പോള്‍ റേഷന്‍കടയിലെ തിരക്ക്. അത്രയേറെ പത്രക്കാര്‍ കാത്തിരിപ്പാണ്. അഞ്ചും പത്തും മിനിറ്റ് ഓരോരുത്തര്‍ക്കും കൊടുക്കണ്ടേ? കാരാട്ട് എന്തുചെയ്യും? ഏതായാലും അവസാനത്തെ ആളായി നിരീക്ഷകന്‍ കയറി. ഇന്റര്‍വ്യൂവും സാധിച്ചെടുത്തു. അതൊക്കെ പഴയ കഥ. ഇപ്പോള്‍ ആട് കിടന്നിടത്ത് പൂടപോലുമില്ല എന്നായി സ്ഥിതി. കേരളത്തില്‍ ഇപ്പോഴും ചെങ്കൊടി കാണപ്പെടുന്നതിനാല്‍ മലയാളി പത്രക്കാരും ടിവിക്കാരും ഇടയ്ക്കിടെ വന്നുപോവും. അവര്‍ക്ക് 93ാം വയസ്സിലും വിഎസ് വാര്‍ത്തയാണല്ലോ. അതുകൊണ്ട് ആ വകയില്‍ എന്തെങ്കിലും ഉണ്ടോ എന്നു തിരക്കാനായി ചിലര്‍ വരും. അങ്ങനെ ഉണങ്ങിക്കിടന്ന പാര്‍ട്ടി ഓഫിസ് ഇപ്പോള്‍ സജീവമായിവരുന്ന ലക്ഷണമാണു കാണുന്നത്. ഒരു കാരണം ഇപ്പോള്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ തന്നെ. അഞ്ചു സംസ്ഥാനങ്ങളില്‍ രണ്ടെണ്ണം ബംഗാളും കേരളവുമാണ്. ബംഗാളില്‍ പാര്‍ട്ടിയുടെ സ്ഥിതി പരിക്ഷീണമാണെങ്കിലും പുതിയൊരു അങ്കത്തിനുള്ള പുറപ്പാടിലാണു പാര്‍ട്ടി അവിടെ. കോണ്‍ഗ്രസ്സുമായി ഇപ്പോള്‍ നീക്കുപോക്ക്. ഇനി വേണ്ടിവന്നാല്‍ ഒന്നിച്ച് വേദി പങ്കിടുന്ന കാലവും വന്നേക്കാം. കാരണം, മമതയെ ഒതുക്കാന്‍ വേറെ വഴിയില്ല. അതു ദേശീയരാഷ്ട്രീയത്തിലും ഭാവിയെ സംബന്ധിച്ച ചില സൂചനകള്‍ നല്‍കുന്നതാണ്. കോണ്‍ഗ്രസ്സിനെ അയിത്തം പറഞ്ഞ് ഇനി എത്രനാള്‍ മാറ്റിനിര്‍ത്താം എന്ന ചിന്ത പാര്‍ട്ടിയില്‍ ഇപ്പോള്‍ ബംഗാളില്‍ മാത്രമല്ല നിലനില്‍ക്കുന്നത്. കേന്ദ്രകമ്മിറ്റിയിലും ഒരുപാട് നേതാക്കള്‍ അങ്ങനെ ആലോചിക്കുന്നവരാണ്. പഴയ വൈരാഗ്യവും ശത്രുതയും ഇന്ന് പ്രസക്തമല്ല എന്ന് ചിന്തിക്കുന്നവരില്‍ പ്രധാനി ജനറല്‍ സെക്രട്ടറി സഖാവ് യെച്ചൂരി തന്നെയാണ്. പക്ഷേ, കക്ഷി ഇപ്പോഴും പിബിയില്‍ ഒരു ന്യൂനപക്ഷ സമീപനത്തിന്റെ ഭാഗമാണ്. ഭൂരിപക്ഷവും പഴയ കടുംപിടിത്ത സഖാക്കളാണ്. പണ്ട് മാര്‍ക്‌സ് പറഞ്ഞ മര്‍ക്കടമുഷ്ടി രാഷ്ട്രീയലൈനിന്റെ വക്താക്കള്‍. കോണ്‍ഗ്രസ് എന്നു കേള്‍ക്കുമ്പോഴേ അവര്‍ക്ക് ഓക്കാനം വരും. ആ പേരു കേള്‍ക്കുമ്പോള്‍ ഓര്‍മവരുക നെഹ്‌റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസ്സിന്റെ അധികാരക്കുത്തകയ്‌ക്കെതിരേ പോരാടിയ വീരചരിത്രമാണ്. ഇന്ദിരാഗാന്ധിയുടെ ദുര്‍ഭരണമാണ്. ബംഗാളില്‍ സിദ്ധാര്‍ഥ് ശങ്കര്‍ റായിയുടെ കാലത്തെ അര്‍ധഫാഷിസ്റ്റ് അതിക്രമങ്ങളാണ്. പക്ഷേ, അക്കാലം കഴിഞ്ഞിട്ടിപ്പോള്‍ ഒരു കാല്‍നൂറ്റാണ്ടെങ്കിലുമായി. കോണ്‍ഗ്രസ് പഴയ ഗജപോക്കിരി കോണ്‍ഗ്രസ്സല്ല. സിപിഎമ്മിനെപ്പോലെ തന്നെ മെലിഞ്ഞുണങ്ങിയ പാവം ഒരു കക്ഷിയാണ്. പല്ലുകൊഴിഞ്ഞ സിംഹം. എന്നാലും വിപ്ലവപ്പാര്‍ട്ടിയുടെ മാതിരി അതിനും ഒരു മഹാപാരമ്പര്യമുണ്ട്. 2004ല്‍ വാജ്‌പേയി ഭരണം തിളങ്ങിനില്‍ക്കുന്ന നേരത്ത് ആരും പാര്‍ട്ടിയെ തിരിഞ്ഞുനോക്കിയിരുന്നില്ല. പക്ഷേ, തിരഞ്ഞെടുപ്പില്‍ ജയിച്ചത് സോണിയാമ്മയുടെ പാര്‍ട്ടിയാണ്. അതും ചരിത്രം. പക്ഷേ, ഇന്നും കോണ്‍ഗ്രസ്സില്‍ ഒരു തിരിച്ചുവരവിനുള്ള ശക്തി ബാക്കിനില്‍ക്കുന്നുണ്ടെന്ന് ആര്‍ക്കും കാണാം. ഈ പശ്ചാത്തലത്തില്‍ യെച്ചൂരി സഖാവ് വീണ്ടും ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയനാവുകയാണ്. കാരണം, സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ബംഗാളിലെ മാത്രമല്ല, അഖിലഭാരതത്തിലെയും തകര്‍ച്ച അനിവാര്യമായ ഒരു ചരിത്രദുരന്തമാണ്. ആ ദുരന്തം ആഗോളതലത്തില്‍ തന്നെ സംഭവിച്ചുകഴിഞ്ഞു. ഇവിടെ മാത്രം എത്രനാള്‍ പിടിച്ചുനില്‍ക്കാനാവും!അതിനാല്‍ പുതിയ തന്ത്രങ്ങളും പരിപാടികളും വേണ്ടിവരും. ബൂര്‍ഷ്വാ പാര്‍ട്ടികളുമായി തന്ത്രപരമായ ബന്ധങ്ങള്‍ സ്ഥാപിക്കേണ്ടിവരും. പ്രാദേശിക പാര്‍ട്ടികളുമായി നേരത്തേ ഉണ്ടാക്കിയ കൂട്ടുകെട്ടുകള്‍ ഇപ്പോള്‍ വലിയ കുരിശായി മാറി. പഴയ സുഹൃത്തുക്കള്‍ പലരും ഇന്ന് ബിജെപി പാളയത്തിലാണ്. അത് പാര്‍ട്ടിക്ക് അംഗീകരിക്കാനാവുകയില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനോടുള്ള ബാന്ധവം അങ്ങനെയങ്ങ് തള്ളിക്കളയാനാവില്ലെന്ന് കണ്ണുള്ളവര്‍ക്കൊക്കെ കാണാം. എന്നാല്‍, അതു കാണാന്‍ കേരളസഖാക്കള്‍ തയ്യാറല്ല. അവര്‍ പഴയ ഓര്‍മകളില്‍ വിപ്ലവസ്വപ്‌നങ്ങള്‍ കാണുന്നു. യെച്ചൂരി ഭാവിയിലേക്കു നോക്കി ഇനിയെന്തു വഴി എന്ന് ആലോചിക്കുകയുമാണ്.                ഹ
Next Story

RELATED STORIES

Share it