Flash News

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നാളെ ; രാഹുലിനെ അധ്യക്ഷനായി അവരോധിക്കല്‍ മുഖ്യ അജണ്ട



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നാളെ നടക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ അധ്യക്ഷനായി അവരോധിക്കലാണ് യോഗത്തിലെ മുഖ്യ അജണ്ട. മോദി സര്‍ക്കാരിനെതിരേ ഉയര്‍ന്നുവന്ന പ്രതിപക്ഷ ഐക്യനിരയ്ക്ക് രാഹുല്‍ നേതൃത്വം നല്‍കും. യോഗത്തില്‍ രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുക്കുകയോ അധ്യക്ഷപദവി ഏറ്റെടുക്കുന്നതിനുള്ള ദിവസം പ്രഖ്യാപിക്കുകയോ ചെയ്യും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബിജെപിക്കെതിരേ മതേതര കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കല്‍, രാഷ്ട്രപതി തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും സമിതി ചര്‍ച്ച ചെയ്യുക.  രാഷ്ട്രപതി തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന പഞ്ചാബ് ഒഴിച്ചുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലൊക്കെയും കോണ്‍ഗ്രസ്സിനു തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പാര്‍ട്ടിയെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കായി സജ്ജമാക്കുകയാണ് രാഹുലിന്റെ ദൗത്യം. വര്‍ഷങ്ങളോളം രാജ്യം തനിച്ചു ഭരിച്ച പാര്‍ട്ടിയാണെങ്കിലും വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയോട് നിലവിലുള്ള യുപിഎ മുന്നണിയെ മുന്‍നിര്‍ത്തി മല്‍സരിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് വിശാല പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ് സജീവമായി മുന്നിട്ടിറങ്ങിയതും. എന്‍ഡിഎ പ്രഖ്യാപിക്കുന്ന രാഷ്ട്രപതി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അവര്‍ക്ക് നിഷ്പ്രയാസം കഴിയും. എന്നാല്‍, വിജയിച്ചില്ലെങ്കിലും ബിജെപിക്കെതിരേ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തി പ്രതിപക്ഷനിരയില്‍ ആത്മവിശ്വാസമുണര്‍ത്തുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇത് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് കരുതുന്നു. കോണ്‍ഗ്രസ് നേതാവ് കൂടിയായ പ്രണബ് മുഖര്‍ജിക്ക് ഒരു തവണ കൂടി നല്‍കുന്നതിനോട് നേതൃത്വത്തിനു താല്‍പര്യമുണ്ട്. എന്നാല്‍, ഭരണപക്ഷം കൂടി പിന്തുണയ്ക്കുകയാണെങ്കില്‍ മാത്രമേ രണ്ടാമൂഴത്തിനുള്ളൂ എന്ന നിലപാടിലാണ് പ്രണബ്. ഇതിനു മുമ്പ് നവംബര്‍ 7നാണ് കോണ്‍ഗ്രസ്സിന്റെ ഉന്നത നയരൂപീകരണവേദിയായ പ്രവര്‍ത്തക സമിതി കൂടിയത്. ഈ യോഗം രാഹുലിനോട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ യുപി തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലായതിനാല്‍ സമയമായില്ലെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ നിര്‍ദേശം നിരസിച്ചിച്ചത്.നാളത്തെ യോഗം ഈ ആവശ്യം ആവര്‍ത്തിച്ചാലും കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ പദവി ഏറ്റെടുക്കാനിടയില്ല. ഡിസംബറോടെ സ്ഥാനാരോഹണമെന്ന തീരുമാനത്തിലാണ് രാഹുല്‍.
Next Story

RELATED STORIES

Share it