കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച പാര്‍ലമെന്റ് വളയും; പ്രക്ഷോഭം വിവിധ വിഷയങ്ങള്‍ ഉന്നയിച്ച്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെയ് ആറിനു വെള്ളിയാഴ്ച പാര്‍ലമെന്റ് വളയും. ഉത്തരാഖണ്ഡ്, വരള്‍ച്ച, പ്രതിപക്ഷത്തിനെതിരായ നുണപ്രചാരണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരിക്കും പ്രക്ഷോഭമെന്ന് കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സുര്‍ജെവാല അറിയിച്ചു.
പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും മറ്റു നേതാക്കളും പ്രവര്‍ത്തകരും വെള്ളിയാഴ്ച അതിരാവിലെ ജന്തര്‍മന്ദറില്‍ നിന്ന് പാര്‍ലമെന്റ് ഘെരാവോ ചെയ്യാന്‍ മാര്‍ച്ച് നടത്തും.
കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് വിവാദപരമായ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരേ രാംലീലാ മൈതാനിയില്‍ റാലി സംഘടിപ്പിച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകവിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമാണെന്നാണ് അന്നു പാര്‍ട്ടി പറഞ്ഞിരുന്നത്.
ഇതേ വിഷയത്തില്‍ അതിനുമുമ്പ് സോണിയയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി ഭവനിലേക്കു മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ജനാധിപത്യത്തെ രക്ഷിക്കുക എന്ന ബാനറിനു കീഴില്‍ നടക്കുന്ന മാര്‍ച്ചിന്റെ സമാപനമായിരിക്കും പാര്‍ലമെന്റ് വളയലെന്ന് സുര്‍ജെവാല പറഞ്ഞു.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് വളയുന്നത്. അരുണാചല്‍ പ്രദേശും ഉത്തരാഖണ്ഡും ഇത്തരം ഗൂഢാലോചനയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
അഗസ്ത വെസ്റ്റ്‌ലാന്റ് വിഷയത്തില്‍ ബിജെപിയും സര്‍ക്കാരും നടത്തുന്ന നാടകത്തിനും നുണപ്രചാരണത്തിനുമെതിരേയുമാണ് പാര്‍ലമെന്റ് മാര്‍ച്ച്. രാജ്യത്തെ വരള്‍ച്ചയും കാര്‍ഷിക പ്രതിസന്ധിയും മാര്‍ച്ച് ഉയര്‍ത്തിക്കാണിക്കും. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിമൂലം കര്‍ഷക ആത്മഹത്യ തുടരുകയാണ്. വരള്‍ച്ച 40 കോടി ജനങ്ങളെ ബാധിച്ചു- അദ്ദേഹം പറഞ്ഞു.
മാര്‍ച്ചില്‍ ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, പശ്ചിമ ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കും. അരുണാചലിലും ഉത്തരാഖണ്ഡിലും മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ മുഖമാണ് കാണുന്നതെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സചിന്‍ പൈലറ്റ് ജയ്പൂരില്‍ പറഞ്ഞു. പാര്‍ലമെന്റ് മാര്‍ച്ചില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് ഘടകം പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it