Districts

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം: ഹൈക്കോടതി

സ്വന്തം പ്രതിനിധി

കൊച്ചി: കൊല്ലം ഏരൂര്‍ കോ ണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റായിരുന്ന രാമഭദ്രന്റെ കൊലപാതകം സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. 2010 ഏപ്രില്‍ 10ന് വീട്ടില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇതുസംബന്ധിച്ച അന്വേഷണം ഫലപ്രദമല്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ വി എസ് ബിന്ദു നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് ബി കെമാല്‍ പാഷയുടേതാണ് ഉത്തരവ്.  സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ സിബിഐ അന്വേഷണത്തിന് ആവശ്യമുന്നയിച്ചിട്ടും ഏറ്റെടുക്കാ ന്‍ തയ്യാറാവാത്ത നടപടി അംഗീകാരിക്കാനാവില്ലെന്നു വ്യക്തമാക്കിയാണു കോടതി ഉത്തരവ്.

അന്വേഷണം കാര്യക്ഷമമല്ലെന്നും അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഹരജിയിലെ ആരോപണം. അന്വേഷണം നടത്തി അന്തിമ റിപോര്‍ട്ട് നല്‍കാതിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവുണ്ടായത്. എന്നാല്‍, അവരും ലോക്കല്‍ പോലിസിന്റെ വഴിയേയാണ് അന്വേഷണം നടത്തുന്നത്. ഇതുസംബന്ധിച്ച പരാതിയെത്തുടര്‍ന്ന് കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചതാണ്. എന്നാല്‍, സിബിഐ ഏറ്റെടുക്കാന്‍ തയ്യാറായില്ല. പോലിസ് അന്വേഷണത്തിലെ വിശ്വാസ്യതയില്ലായ്മയും സ്വതന്ത്രമായ അന്വേഷണം വേണമെന്ന ആഗ്രഹവും മൂലമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജിക്കാര്‍ കോടതിയെ സമീപിക്കുന്നത്. സിബിഐ അന്വേഷണത്തിനു സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മറ്റു കാരണങ്ങള്‍ പറഞ്ഞ് അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സിബിഐക്ക് കഴിയില്ല. അതിനാല്‍, അന്വേഷണം എത്രയുംവേഗം സിബിഐ ഏറ്റെടുക്കണമെന്ന് കോടതി ഉത്തരവിട്ടു.
Next Story

RELATED STORIES

Share it