കോണ്‍ഗ്രസ് പട്ടിക : എന്തേ സര്‍ സരിതയെയും ജോപ്പനെയും ഒഴിവാക്കിയത് ?

കോണ്‍ഗ്രസ് പട്ടിക :  എന്തേ സര്‍ സരിതയെയും ജോപ്പനെയും ഒഴിവാക്കിയത് ?
X
chandyoommen

ഇംതിഹാന്‍ ഒ അബ്ദുല്ല

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ സമാപിച്ചിരിക്കുന്നു. നേതാക്കള്‍ കേരളത്തിലേക്കും പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്കും തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. ഒരാഴ്ച നീണ്ടു നിന്ന ചര്‍ച്ചകള്‍ അവസാനിച്ചപ്പോള്‍ മല എലിയെ പ്രസവിച്ച പ്രതീതി. തൂവെളള ഖദറിന്റെ ഗാന്ധിയന്‍ വിശുദ്ധി വീണ്ടെടുക്കാന്‍ മരണം വരെ നിരാഹാരമടക്കമുളള എല്ലാ വിധ അഹിംസാമുറകളുമായി രണ്ടാം ദണ്ഡി യാത്രക്കിറങ്ങിയ ആദര്‍ശ ധീരന്‍ കെ.പി.സി.സി പ്രസിഡന്റ് ക്ലീന്‍ ബൗള്‍ഡ്. കോണ്‍ഗ്രസില്‍ ആദര്‍ശത്തിന്റെ ഉല്‍പാദനവും വിപണനവും മൊത്തമായി ഏറ്റെടുത്ത ആദര്‍ശ സാമ്രാട്ടും എ ഐ സി സി യില്‍ നെഹ്‌റു കുടുംബത്തെക്കഴിഞ്ഞാല്‍ അവസാന വാക്കുമായ എ കെ ആന്റണിയുടെ പിന്‍ബലവും ഉപാധ്യക്ഷന്‍ രാഹുല്‍ജിയുടെ പിന്തുണയുമൊക്കെ സുധീരനു ലഭിച്ചിട്ടും ചാണ്ടിയൊട്ടും അയഞ്ഞില്ല.
ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രതിഛായയെ ഭീകരമായി പോറലേല്‍പിച്ച സംസ്ഥാന മന്ത്രിമാരുള്‍പ്പെടെയുളള ചിലരെ തിരഞ്ഞെടുപ്പില്‍ മാറ്റി നിര്‍ത്തി കോണ്‍ഗ്രസിന്റെ പ്രതിഛായ വീണ്ടെടുക്കണമെന്ന സുധീരന്റെ നിര്‍ദ്ദേശമാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാടു മൂലം നിരുപാധികം പിന്‍വലിക്കേണ്ടി വന്നത്. മന്ത്രി സഭയിലെയും പാര്‍ട്ടിയിലെയും രണ്ടാമനായ രമേശ് ചെന്നിത്തലയുടെ മാധ്യസ്ഥ ശ്രമമോ സാക്ഷാല്‍ സോണിയാഗാന്ധിയുടെ ഇടപെടലോ ഉമ്മന്‍ ചാണ്ടിയില്‍ യാതൊരു കുലുക്കവുമുണ്ടാക്കിയില്ല.
[related]കേവലം രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിനു കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ ചാണക്യന്റെ നയചാതുര്യം കാരണമെന്ന കാര്യത്തില്‍ വി എം സുധീരന്‍ പോയിട്ട് ഉമ്മന്‍ ചാണ്ടിയുടെ ബദ്ധവൈരി വി.എസ് പോലും വിയോജിക്കുമെന്നു തോന്നുന്നില്ല. ഊണും ഉറക്കുവുമില്ലാതെ എണ്ണയിട്ട യന്ത്രം പോലെ രാവും പകലും അതിവേഗം ബഹു ദൂരം കേരളത്തിലങ്ങോളമിങ്ങോളം ഓടി ജനസമ്പര്‍ക്ക പരിപാടികളും പെന്‍ഷനുകളുടെ വിതരണവും പോലുളള പരിപാടികള്‍ നടത്തി കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് സക്രിയവും സജീവവുമായ ഒരു സര്‍ക്കാര്‍ ഇവിടെ നിലനില്‍ക്കുന്നു പ്രതീതി സൃഷ്ടിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി വിജയിക്കുകയും ചെയ്തിരുന്നു. സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം, സ്റ്റാര്‍ട്ടപ്പ് വില്ലേജ് പോലുളള പദ്ധതികള്‍ വഴി അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരിലും പ്രത്യാശ വളര്‍ത്താന്‍ ഈ സര്‍ക്കാരിനു സാധിച്ചിട്ടുണ്ടെന്നതും വാസ്തവമാണ്. അതിന്റെ മൂര്‍ത്തമായ തെളിവുകളാണ് നിയമസഭയിലേക്കു നടന്ന വിവിധ ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും രാജ്യത്തിന്റെ മറ്റെല്ലായിടത്തും ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എട്ടില്‍ പൊട്ടിയപ്പോള്‍ കൊച്ചു കേരളത്തില്‍ കോണ്‍ഗ്രസ്്് പിടിച്ചു നിന്നത്. അതുകൊണ്ടു തന്നെ മുന്നണികളുടെ മാറി മാറിയുളള ഭരണം എന്നതില്‍ നിന്ന് ഭരണ തുടര്‍ച്ച എന്ന സ്വപ്ത്തിലേക്ക ഭരണ മുന്നണി നീങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞത് വളരെ പെട്ടന്നായിരുന്നു. പ്രബുദ്ധ മലയാളി കുടുംബങ്ങള്‍ക്ക് സദാചാര ബോധത്തിന്റെ തൊലി ഉരിഞ്ഞു പോകാതെയും കുടുംബന്ധങ്ങളിലെ മാന്യതയുടെ പരസ്പര ബഹുമാനം ഊര്‍ന്നു പോകാതെയും ടി വി വാര്‍ത്തകളോ പത്രമാധ്യമങ്ങളോ കുടംബസമേതം വായിക്കാനോ കേള്‍ക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു പിന്നീടങ്ങോട്ട്. വല്ലാത്തൊരു ശരീരഭാഷയും പശ്ചാത്തലങ്ങളുമുളള ഒരു സ്ത്രീയുടെ വെളിപ്പെടുത്തലുകളുടെ മുള്‍മുനയിലാണ് സര്‍ക്കാരിന്റെ ഭാവി എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. അങ്ങനെ സോളാറില്‍ തുടങ്ങിയ കോഴ വിശേഷങ്ങള്‍ ബാറിലും ഭൂമി ദാനത്തിലും പടര്‍ന്നു പന്തലിച്ച് കാഴ്ച്ചു നില്‍ക്കവെയാണ് തിരഞ്ഞെടുപ്പ് കടന്നു വരുന്നത്. നാലു കാശു കയിലുള്ള തന്റെ അനുയായികളെ ഒഴിവാക്കാനാവില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കോണ്‍ഗ്രസിന് താന്‍ നേതൃത്വം നല്‍കുന്ന ടീമിനെ വേണമെങ്കില്‍ ഇവരെയും സ്വീകരിച്ചേ മതിയാവൂ. കാരണം അവര്‍ സര്‍ക്കാരിനു വേണ്ടി അഥവാ മുഖ്യമന്ത്രിയായ തനിക്കു വേണ്ടി പ്രവര്‍ത്തിച്ചവരാണ്. അവര്‍ കളങ്കിതരണെങ്കില്‍ താനും കളങ്കിതനാണ്. അവരെ മാറ്റി നിര്‍ത്തുന്നുവെങ്കില്‍ താനും മാറി നില്‍ക്കാം.
സത്യസന്ധമാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട് എന്നഭിനന്ദിക്കാതിക്കാന്‍ നിര്‍വാഹമില്ല. നേരം വെളുക്കുവോളം കളവു നടത്തി സൂര്യനുദിച്ചപ്പോള്‍ കൂടെയുളളവനെ തളളിപ്പറയുന്ന സാദാ രാഷ്ട്രീയക്കാരുടെ സ്വഭാവം എല്ലാ ഞായറായ്ചയും പുതുപ്പളളിയില്‍ കുര്‍ബാന കൂടുന്ന സത്യ ക്രിസ്ത്യാനിയായ കുഞ്ഞൂഞ്ഞ് കാണിച്ചില്ല. എന്നാല്‍ ഒരു കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട് സര്‍. ഈ സര്‍ക്കാരിനും അങ്ങേക്കും വേണ്ടി അഞ്ചു വര്‍ഷം കൂടെ നിന്ന മറ്റു ചിലരും കൂടി ഉണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുമ്പോള്‍ അങ്ങയുടെ നോമിനികളായി യുവാക്കളുടേയും പുതുമുഖങ്ങളുടേയും വനിതകളുടേയും ക്വാട്ടയില്‍ അവരെക്കൂടി ഉള്‍പ്പെടുത്താമായിരുന്നു. ഏതു യുവാവും അസൂയപ്പെടുന്ന യുവത്വം തുളുമ്പുന്ന ഇവരാണ് ആ യുവാക്കള്‍. സലീം രാജ്, ജോപ്പന്‍, ജിക്കു മുതലായവരും പുതുമുഖ താരം അങ്ങേക്കു വേണ്ടി ഡല്‍ഹിയിലെ കൊടും തണുപ്പും ചൂടും സഹിച്ച് കഷ്ടപ്പെട്ട തോമസ് കുരുവിളയും പട്ടികയിലെ ഏക വനിതാ അംഗം സരിതാ എസ് നായരും. ഓര്‍മ്മയുണ്ടോ സാര്‍ ഈ മുഖങ്ങള്‍.
ഉപ ദംശം: ടുജി സ്‌പ്രെക്ട്രം, കല്‍ക്കരി, ആദര്‍ശ് ഫഌറ്റ് തുടങ്ങി സാധാരണക്കാരനു പോയിട്ട് സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കു പോലും ഉള്‍ക്കൊളളാനാവാത്ത ഡസന്‍ കണക്കിനു കംഭകോണങ്ങള്‍ നടത്തിയവരെയും കൊണ്ട്് തിരഞ്ഞെടുപ്പിനെ നേരിട്ട് പൊട്ടി പാളീസായി ലോ കമാന്റായി മാറിയ കോണ്‍ഗ്രസ് ഹൈക്കമാന്റിനടുക്കലാണ് ചില്ലറ അഴിമതി നടത്തിയവരെ കുറിച്ച് പരാതി പറയാന്‍ വി എം. സുധീരന്‍ പോയത്. യു.പി എ ഭരണ കാലത്തെ പത്ര കട്ടിംഗുകള്‍ ഉമ്മന്‍ ചാണ്ടിയെങ്ങാനും പുറത്തെടുത്തിരുന്നുവെങ്കില്‍ മാഡം ബോധം കെട്ടു വീണേനെ. ഭാഗ്യത്തിനു ഹൈക്കമാന്റിനെ ബുദ്ധി മുട്ടിക്കാനില്ലെന്ന് സുധീരന്‍ പ്രസ്താവിച്ചതിനാല്‍ അത്രയൊന്നും വേണ്ടി വന്നില്ല. അതാണ് കോണ്‍ഗ്രസ് സംസ്‌കാരം.

[related]
Next Story

RELATED STORIES

Share it