കോണ്‍ഗ്രസ് പട്ടിക ഇന്ന് ഹൈക്കമാന്‍ഡിന് കൈമാറും

ന്യൂഡല്‍ഹി: കെപിസിസി തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടിക ഇന്ന് ഹൈക്കമാന്‍ഡിനു കൈമാറും. ഇതിനായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഇന്നലെ വൈകീട്ടോടെ ഡല്‍ഹിയിലെത്തി. ഇന്നു തുടങ്ങുന്ന കേന്ദ്ര സ്‌ക്രീനിങ് കമ്മിറ്റിയില്‍ ആദ്യവട്ട ചര്‍ച്ച നടക്കും. പട്ടികയില്‍ നിന്ന് പരമാവധി പേരുകള്‍ നീക്കം ചെയ്ത ശേഷമാണ്  സോണിയാ ഗാന്ധി നേതൃത്വംനല്‍കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമര്‍പ്പിക്കുക.കമ്മിറ്റിയുടേതാണ് അന്തിമ തീരുമാനം. കേരളത്തില്‍നിന്നു പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി മാത്രമാണ് കമ്മിറ്റിയിലെ സ്ഥിരാംഗം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും അംഗമാണ്. പട്ടികക്ക് അംഗീകാരം നല്‍കാന്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. നിരവധി തര്‍ക്കങ്ങള്‍ക്കിടയിലാണ് പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുന്നത്. ബെന്നിബഹ്‌നാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമടക്കം പകരക്കാരെ ഉള്‍പ്പെടുത്തിയ വി എം സുധീരന്റെ നടപടിയില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും കടുത്ത അമര്‍ഷമുണ്ട്. നേതൃമാറ്റ ആവശ്യവുമായി ചെന്നിത്തലയും മുഖ്യമന്ത്രിപദത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയും അഞ്ചുവര്‍ഷത്തിനിടെ പലതവണകളായി ഡല്‍ഹിയില്‍ ഹൈക്കമാന്റിനെ സമീപിച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തില്‍ ഇരുവരും സുധീരനെതിരേ ഒറ്റക്കെട്ടാണ്. നാലു തവണ എംഎല്‍എമാരായവരും ആരോപണ വിധേയരും മല്‍സരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സുധീരന്‍ ഉറച്ചുനില്‍ക്കുകയാണ്. ഭരണ തുടര്‍ച്ചയ്ക്ക് ഇത് അനിവാര്യമാണെന്നാണ് സുധീരന്റെ അഭിപ്രായം. എന്നാല്‍, പരിചയസമ്പന്നരെ മാറ്റിനിര്‍ത്തിയാല്‍ അത് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് ഇടയാക്കുമെന്ന് ഇരു ഗ്രൂപ്പ് നേതാക്കളും പറയുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ തന്നെ അതികായര്‍ക്ക് പകരം സ്ഥാനാര്‍ഥികളെ നിര്‍ത്തി പട്ടിക തയ്യാറാക്കിയതുതന്നെ കോണ്‍ഗ്രസ്സില്‍ പതിവില്ലാത്തതാണ്. തിരുവഞ്ചൂരിന്റെ മണ്ഡലമായ കോട്ടയത്ത് ഇദ്ദേഹത്തിനൊപ്പം ഡിസിസി പ്രസിഡന്റിന്റെ പേരാണുള്ളത്. ബെന്നി ബഹ്‌നാന്റെ സിറ്റിങ് മണ്ഡലമായ തൃക്കാക്കരയില്‍ ഇദ്ദേഹത്തിന്റെ പേരിനൊപ്പം മുന്‍ ഇടുക്കി എംപി പി ടി തോമസിന്റെ പേരുമുണ്ട്.
Next Story

RELATED STORIES

Share it