Flash News

കോണ്‍ഗ്രസ് നേതാവ് റാണെക്ക് പുതിയ പാര്‍ട്ടി



മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപീകരിച്ചു. മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷ് എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്നു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷ് ബിജെപിയെ പിന്തുണയ്ക്കുമെന്നു റാണെ അറിയിച്ചു. പാര്‍ട്ടി ഉടന്‍ രജിസ്റ്റര്‍ ചെയ്യും. അതിനുശേഷം കൊടിയും ചിഹ്നവും പ്രഖ്യാപിക്കുമെന്നും റാണെ പറഞ്ഞു. കര്‍ഷകരുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും വികസനത്തിനായി പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും റാണെ അറിയിച്ചു. 2005ല്‍ ശിവസേനയില്‍ നിന്നു രാജിവച്ചാണ് റാണെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. റാണെയെ പാര്‍ട്ടിയിലെടുക്കുന്ന വിഷയത്തില്‍ ബിജെപി തണുത്ത സമീപനം സ്വീകരിച്ചതോടെയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചതെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. റാണെ ബിജെപിയില്‍ ചേരുന്നതിനെയും മന്ത്രിസഭയില്‍ ചേരുന്നതിനെയും എതിര്‍ക്കുന്നത് ശിവസേനയാണെന്നാണ് അദ്ദേഹത്തിന്റെ അണികളുടെ ആരോപണം. ഇതോടെ, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയുടെ ഭാഗമാവാന്‍ റാണെ തീരുമാനിക്കുകയായിരുന്നു.ശിവസേനയെയും അതിന്റെ നേതാവ് ഉദ്ധവ് താക്കറെയെയും റാണെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഉദ്ധവ് താക്കറെ ആരാണെന്നും തന്നെ വിമര്‍ശിക്കാന്‍ അയാള്‍ക്ക് എന്ത് അര്‍ഹതയാണുള്ളതെന്നും റാണെ ചോദിച്ചു. മോദിയെയും നോട്ട് അസാധുവാക്കലിനെയും താക്കറെ വിമര്‍ശിക്കുന്നു. എന്നാല്‍, അവരുടെ മന്ത്രിമാര്‍ നിശ്ശബ്ദരായിരിക്കുന്നതിന്റെ കാരണമെന്താണ്. മന്ത്രിസഭാ യോഗത്തില്‍ അവരില്‍ പലരും ഉറങ്ങാറാണ് പതിവ്. നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പിലും പരാജയപ്പെടുകയും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മകന്‍ നിലേഷ് തോല്‍ക്കുകയും ചെയ്തതോടെയാണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചത്.   മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ ശക്തമായ സ്വാധീനമാണ് റാണെയ്ക്കുള്ളത്.
Next Story

RELATED STORIES

Share it