kozhikode local

കോണ്‍ഗ്രസ് നേതാവിനെതിരേ നടപടിയില്ലെങ്കില്‍ പ്രക്ഷോഭം: എസ്ഡിപിഐ

വടകര: വൃദ്ധയെ വീട്ടില്‍ കയറി മര്‍ദിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയെടുക്കുന്നതില്‍ പോലിസ് അലംഭാവം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എസ്ഡിപിഐ.
തിരുവള്ളൂരില്‍ 67കാരിയെ കഴിഞ്ഞ ദിവസം വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദിച്ച കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ  തിരുവള്ളൂര്‍ മുരളിയെ പോലിസ് സംരക്ഷിക്കുകയാണെന്ന് എസ്ഡിപിഐ കുറ്റിയാടി മണ്ഡലം ഭാരവാഹികള്‍  വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമായി എസ്ഡിപിഐ ഇന്ന് തിരുവള്ളൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ബഹുജനങ്ങളെ അണിനിരത്തിയുള്ള മാര്‍ച്ച് രാവിലെ പത്തിന് ആരംഭിക്കും.
പ്രദേശത്തെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ട  തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി മനോരോഗിയെ പോലെയാണ്  ഇപ്പോള്‍  പെരുമാറുന്നത്.വഴിയോരത്ത് മണ്ണ് ഇറക്കിയതുമായി ബന്ധപ്പെട്ടാണ്  പെരുന്താറ്റില്‍ താഴക്കുനി ആയിശ എന്ന വൃദ്ധയേയും  മകന്‍ സമീറി(45)നെയും  നേതാവ് അസഭ്യം പറയുകയും വീട്ടില്‍ കയറി അക്രമിക്കുകയും ചെയ്തത്.  ഇയാളുടെ ചെയ്തി   ജനപ്രതിനിധികള്‍ക്കും  ജനങ്ങള്‍ക്കും  അപമാനമാണ്.
കടുത്ത മനുഷ്യാവകാശ ലംഘനവും ക്രിമിനല്‍ കുറ്റവും ചെയ്ത  തിരുവള്ളൂര്‍ മുരളിയെ  ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അനുവദിച്ചുകൂടാ. ജനവിരുദ്ധ നിലപാടുകളും ഗുണ്ടായിസവും കാണിക്കുന്ന ഇദ്ദേഹത്തെ  ആ  സ്ഥാനത്ത് നിന്നു പുറത്താക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും ആര്‍ജ്ജവം കാട്ടണം. തിരുവള്ളൂര്‍ മുരളിക്കെതിരേ നടപടിയില്ലെങ്കില്‍ വരുംദിനങ്ങളില്‍  പ്രക്ഷോഭം ശക്തമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
എസ്ഡിപിഐ ജില്ലാ സെക്രട്ടറി സാലിം  പുനത്തില്‍, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി  സുഹറാബി, ഡെയ്‌സി ബാലസുബ്രഹ്മണ്യന്‍, എസ്ഡിപിഐ കുറ്റിയാടി മണ്ഡലം വൈസ് പ്രസിഡന്റ് ആര്‍എം റഹീം മാസ്റ്റര്‍, യൂസുഫ് ചെമ്മരത്തൂര്‍, അബ്ദുല്‍കരീം തോടന്നൂര്‍ (പഞ്ചായത്ത് എസ്ഡിപിഐ പ്രസിഡന്റ്) വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it