കോണ്‍ഗ്രസ് നേതാവിനും ഒരു ചാനലിനുമെതിരേ അന്വേഷണം

ന്യൂഡല്‍ഹി: കേന്ദ്ര തിരെഞ്ഞടുപ്പ് കമ്മീഷന്‍ കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ബിജെപി നേതാവ് അമിത് മാളവ്യയും സംഘപരിവാര അനുകൂല ചാനലായ ടൈംസ് നൗവും തിയ്യതി പ്രഖ്യാപിച്ചതിനെ കുറിച്ച് ഇലക്ഷന്‍ കമ്മീഷന്‍ രൂപീകരിച്ച അന്വേഷണ സംഘം അന്വേഷിക്കില്ല. മറിച്ച്, കോണ്‍ഗ്രസ് നേതാവിനെതിരേയും ഒരു ചാനലിനെതിരേയും അന്വേഷണമുണ്ടാവും.
തിയ്യതി ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ഉമേഷ് സിന്‍ഹയുടെ അധ്യക്ഷതയില്‍ ആറുപേരടങ്ങുന്ന സമിതിക്ക് ചൊവ്വാഴ്ച വൈകീട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം നല്‍കി. ഈ അന്വേഷണ കമ്മീഷന്റെ പരിഗണന വിഷയങ്ങളില്‍ അമിത് മാളവ്യക്കോ ടൈംസ് നൗ ചാനലിനോ തിയ്യതി ചോര്‍ന്നുകിട്ടിയത് എങ്ങനെ എന്നത് ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍,  കമ്മീഷന്റെ പരിഗണന വിഷയത്തിലെ രണ്ടാമത്തെ ഇനം  കര്‍ണാടക കോണ്‍ഗ്രസ്സിന്റെ സോഷ്യല്‍ മീഡിയയുടെ ചുമതല വഹിക്കുന്ന ബി ശ്രീവാസ്തവയ്ക്ക് തിയ്യതി ചോര്‍ന്നുകിട്ടിയതെങ്ങനെയാണെന്നതാണ്. മൂന്നാമത്തെ ഇനം, ബിജെപി എംപിയുടെ ഉടമസ്ഥതയിലുള്ള കന്നഡ വാര്‍ത്താ ചാനലായ സുവര്‍ണയ്ക്ക് എവിടെ നിന്നാണ് വിവരം ലഭിച്ചതെന്ന്  അന്വഷണ സമിതി പരിശോധിക്കുമെന്നാണ്.
അന്വേഷണ റിപോര്‍ട്ട് ഏഴു ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ടൈംസ് നൗവില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു തന്റെ ട്വീറ്റെന്ന് അമിത് മാളവ്യയും കര്‍ണാടകത്തിലെ സുവര്‍ണ ചാനലില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു തന്റെ ട്വീറ്റെന്ന് ശ്രീവാസ്തവയും അവകാശപ്പെട്ടിരുന്നു. ഇക്കാര്യം അമിത് മാളവ്യ തിരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിച്ചിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പു തിയ്യതി ബിജെപി നേതാവിനും ബിജെപി അനുകൂല ചാനലുകള്‍ക്കും ചോര്‍ന്നു കിട്ടിയതോടെ നേരത്തേ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരേയും വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ കുറിച്ചും ഉയര്‍ന്ന ആരോപണങ്ങള്‍ കൂടുതല്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it