Flash News

കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റ് സംഘപരിവാര വേദിയില്‍

കാസര്‍കോട്: സംഘപരിവാര സംഘടനകളുടെ നേതൃത്വത്തില്‍ ബദിയടുക്കയില്‍ സംഘടിപ്പിച്ച ഹിന്ദു സമാജോല്‍സവത്തില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചതിനെ തുടര്‍ന്ന് ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു.
വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗ്ദള്‍, ആര്‍എസ്എസ് സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചത്. വര്‍ഗീയ വിഷം വമിക്കുന്ന പ്രസംഗം നടത്തുന്ന വിശ്വഹിന്ദു പരിഷത്തിന്റെ അഖിലേന്ത്യാ നേതാവ് സ്വാധി ബാലിക സരസ്വതിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ഈ ചടങ്ങിന് ആമുഖപ്രഭാഷണം നടത്തിയ കര്‍ണാടകയിലെ ആര്‍എസ്എസ് നേതാവ് പ്രഭാകര്‍ ഭട്ട് ഹിന്ദു സംസ്‌കാരം അംഗീകരിക്കാത്തവര്‍ പാകിസ്താനില്‍ പോവണമെന്നു പറഞ്ഞു. ഇന്നലെ രാവിലെ ബദിയടുക്ക പഞ്ചായത്ത് ഓഫിസിന് മുമ്പില്‍ ഹിന്ദുസമാജോല്‍സവത്തിന് ആശംസയര്‍പ്പിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ബാനര്‍ സ്ഥാപിച്ചിരുന്നു. ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃഷ്ണഭട്ടിന്റെ പിതാവ് സായിറാം ഭട്ടിനെ ആദരിച്ചിരുന്നു. ബിജെപിക്കും യുഡിഎഫിനും തുല്യ ബലമുള്ള ബദിയടുക്ക പഞ്ചായത്തില്‍ കൃഷ്ണഭട്ട് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് മുസ്‌ലിംലീഗിന് നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.
ഇത് മനസ്സിലാക്കിയാണ് ബിജെപി പാളയത്തിലേക്ക് ചേക്കേറിയതെന്ന് സംസാരമുണ്ട്. എന്നാല്‍ ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ അനുമതിയോടെയാണ് കെ എന്‍ കൃഷ്ണഭട്ട് ചടങ്ങില്‍ പങ്കെടുത്തതെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ പറഞ്ഞു. എന്നാല്‍ പരിപാടിക്ക് ആശംസയര്‍പ്പിച്ച് ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് ഓഫിസ് പരിസരത്ത് ബാനര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
Next Story

RELATED STORIES

Share it