palakkad local

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ്



പട്ടാമ്പി: യുഡിഎഫ് ഭരിക്കുന്ന പട്ടാമ്പി മുനിസിപ്പാലിറ്റിക്കെതിരേ നിരന്തരമായി അടിസ്ഥാന രഹിതമായ അഴിമതിയാരോപണമുന്നയിക്കുന്ന കോണ്‍ഗ്രസ്സ് നേതാവും മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ടി പി ഷാജി, ഡിസി സി സെക്രട്ടറിയായ കെ പി ഷാഹിദ് എന്നിവര്‍ക്കെതിരേ അടിയന്തരമായി അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പട്ടാമ്പി നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി.  സംസ്ഥാന യുഡിഎഫ് കമ്മിറ്റിയോടും കെപിസിസി പ്രസിഡന്റിനോടും ഡിസിസി പ്രസിഡന്റിനോടും ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു. വരള്‍ച്ചയുടെ കാഠിന്യത്തില്‍ കൂടി വെള്ള വിതരണത്തിന് ഒരു മാര്‍ഗവുമില്ലാത്ത സമയത്ത് ഭാരതപ്പുഴയില്‍ നിര്‍മിച്ച താല്‍ക്കാലിക തടയണയുടെ പേരില്‍ അഴിമതി ഉന്നയിച്ചു കൊണ്ട് ഡിസിസി സെക്രട്ടറി കെ പി ഷാഹിദ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പട്ടാമ്പി മുനിസിപാലിറ്റിയിലെ അരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ ടി പി ഷാജിയാകട്ടെ നിരന്തരം സിപിഎമ്മുമായി ചേര്‍ന്ന് പ്രശ്‌നമുണ്ടാക്കുകയും കൗണ്‍സില്‍ യോഗത്തില്‍ നിന്ന് സിപിഎമ്മിന്റെ കൂടെ ഇറങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്. ഇത് യുഡിഎഫിന്റെ പ്രതിഛായക്കുണ്ടാക്കിയ നഷ്ടം നിസാരമല്ല. ഈ രണ്ടു പേരെയും വച്ച് പാര്‍ട്ടി പ്രവര്‍ത്തനമോ യുഡിഎഫ് പ്രവര്‍ത്തനമോ ഒരിക്കലും നടത്താന്‍ പറ്റാത്ത സാഹചര്യമാണ് പട്ടാമ്പിയില്‍ ഉണ്ടായിത്തീര്‍ന്നിട്ടുള്ളത്. ആയതിനാല്‍ ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജൂലൈ ഒന്നിന് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ പാലക്കാട് കലക്ടറേറ്റിനു മുന്നില്‍ നടത്തുന്ന യുഡിഎഫ് ധര്‍ണ വിജയിപ്പിക്കാനും, ഓങ്ങല്ലൂര്‍ കാരക്കാട് പ്രദേശത്ത് പടര്‍ന്ന് പിടിച്ച പനി നിയന്ത്രിക്കുന്നതിനും മരിച്ച കുടുംബങ്ങള്‍ക്കും ചികില്‍സ തേടുന്നവര്‍ക്കും ധനസഹായം ലഭ്യമാക്കാനും, മുന്‍ സര്‍ക്കാരിന്റെ കാലത്തെ പോലെ പ്രത്യേക മെഡിക്കല്‍ സംഘത്തെ പട്ടാമ്പിയിലേക്ക് അയക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  യോഗത്തില്‍ ചെയര്‍മാന്‍ വി എം മുഹമ്മദലി അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ കെ ആര്‍ നാരായണസ്വാമി, മുന്‍ എം എല്‍എ സിപി മുഹമ്മദ്, കെഎസ്ബിഎ തങ്ങള്‍, പട്ടാമ്പി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി വാപ്പുട്ടി, ബ്ലോക്ക് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍, എം ടി മുഹമ്മദലി, പികെ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it