കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയ്ക്ക് മറുപടി പറയുന്നില്ലെന്ന് കെ എം മാണി

കോട്ടയം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടി പറയാനില്ലെന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. കോണ്‍ഗ്രസ്സുമായി അകല്‍ച്ചയുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സിനെതിരേ നടത്തിയ പ്രസ്താവനകള്‍ക്ക് മാണി ഖേദപ്രകടനം നടത്തണമെന്ന വി എം സുധീരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മാണി. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റില്‍ യാതൊരു താല്‍പ്പര്യവുമുണ്ടായിരുന്നില്ല. എന്നാല്‍, നിര്‍ണായക ഘട്ടത്തിലാണ് കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസ്സിന് സീറ്റ് നല്‍കിയത്.  കോണ്‍ഗ്രസ് ത്യാഗം സഹിച്ചു നല്‍കിയ സീറ്റിലേക്ക് പ്രമുഖനായ ഒരാളെ അയക്കണമെന്നു പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. അക്കാര്യമാണ് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് പ്രഖ്യാപിച്ചത്. അതേസമയം, ഖേദം പ്രകടിപ്പിക്കേണ്ട ഒരു പ്രസ്താവനയൊന്നും താന്‍ നടത്തിയിട്ടില്ലെന്നു വി എം സുധീരന് മറുപടിയായി കെ എം മാണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെയായിരിക്കും യുഡിഎഫിന് വേണ്ടി മല്‍സരിക്കുകയെന്നു ജോസ് കെ മാണി എംപി. ഇതുസംബന്ധിച്ചു കൃത്യമായ ധാരണ കോണ്‍ഗ്രസ് നേതൃത്വവുമായി എത്തിച്ചേര്‍ന്നിട്ടുണ്ട്. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്നതിനും ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും പൂര്‍ണമായും ജനങ്ങള്‍ക്കൊപ്പം തുടര്‍ന്നുമുണ്ടാവുമെന്നും ജോസ് കെ മാണി പറഞ്ഞു. നിലവില്‍ ലോക്‌സഭാംഗമായ ജോസ് കെ മാണി ഈ സ്ഥാനം രാജിവയ്ക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷത്തില്‍ താഴെ മാത്രമേ സമയമുള്ളൂ എന്നതിനാല്‍ കോട്ടയം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുണ്ടാവില്ലെന്നാണു സൂചന.
Next Story

RELATED STORIES

Share it