kasaragod local

കോണ്‍ഗ്രസ്-ഡിഡിഎഫ് പോര്; സംഘര്‍ഷമൊഴിയാതെ ചിറ്റാരിക്കാല്‍

ചിറ്റാരിക്കാല്‍: ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ ആസ്ഥാനമായ ചിറ്റാരിക്കാല്‍ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭീതിയില്‍. കോണ്‍ഗ്രസും ജനകീയ വികസന മുന്നണിയും തമ്മിലുള്ള പോര് ശക്തമായതോടെ ടൗണിലെ സമാധാന അന്തരീക്ഷം തകര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമാക്കലിന്റെ നേതൃത്വത്തില്‍ ജനകീയ വികസന മുന്നണി രൂപീകരിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടുകയും വന്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍വരികയും ചെയ്തിരുന്നു. ജനകീയ വികസന മുന്നണിയിലെ ജെസി ടോമാണ് ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ്. ജയിംസ് പന്തമാക്കല്‍ വൈസ് പ്രസിഡന്റുമാണ്.
കോണ്‍ഗ്രസിന് ഒരു അംഗം മാത്രമാണ് നിലവിലുള്ളത്. പഞ്ചായത്ത് രൂപീകരിച്ചത് മുതല്‍ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു ഇവിടത്തെ ഭരണം. പ്രതിപക്ഷം പോലും പേരിന് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ജയിംസ് പന്തമാക്കലിന്റെ വ്യക്തിപ്രഭാവവും പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ വികസന നേട്ടങ്ങളും പഞ്ചായത്തില്‍ ജനകീയ വികസന മുന്നണിക്ക് വന്‍ സ്വാധീനമുണ്ടാക്കി. ഇത് കോണ്‍ഗ്രസിന് കനത്ത ആഘാതവുമായി.
ഇതേ തുടര്‍ന്ന് കോണ്‍ഗ്രസും ജനകീയ വികസന മുന്നണിയും തമ്മിലുള്ള സംഘര്‍ഷങ്ങളും പതിവാണ്. തോമാപുരം സെന്റ് തോമസ് ഫെറോന പള്ളിയുടെ സെമിത്തേരി നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പഞ്ചായത്ത് എടുത്ത നിലപാടിനെ പള്ളി വികാരി പരസ്യമായി എതിര്‍ക്കുകയും ഇതിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുകയും ചെയ്തതോടെ ഈസ്റ്റ് എളേരിയിലെ രാഷ്ട്രീയ ചിത്രത്തിന് പുതിയ മാനം കൈവരികയായിരുന്നു.
കഴിഞ്ഞ മാസം പള്ളിയിലുണ്ടായിരുന്ന പ്രശ്‌നത്തെ ചൊല്ലി കോണ്‍ഗ്രസും ജനകീയ വികസന മുന്നണി പ്രവര്‍ത്തകരും തമ്മില്‍ ടൗണില്‍ സംഘര്‍ഷമുണ്ടാകുകയും ജയിംസ് പന്തമാക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജയിംസിനെ അക്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോടതി റിമാന്റ് ചെയ്തിരുന്നു. ഇതില്‍ പുറത്തിറങ്ങിയ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം പഞ്ചായത്ത് അതിര്‍ത്തി പ്രദേശത്ത് നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കോണ്‍ഗ്രസ് സ്വീകരണം നല്‍കിയത്. ഇതേ ദിവസം തന്നെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന വിവരാവകാശ പ്രവര്‍ത്തകനായ അബ്ദുല്‍സലാമിന്റെ പരാതിയില്‍ തലശ്ശേരി വിജിലന്‍സ് കോടതിയുടെ ഉത്തരവ് പ്രകാരം കോഴിക്കോട് നിന്നെത്തിയ വിജിലന്‍സ് സംഘം ജയിംസ് പന്തമ്മാക്കലിന്റെ വീട് റെയ്ഡ് ചെയ്തിരുന്നു.
എന്നാല്‍ കോണ്‍ഗ്രസുകാരായ ചില വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ഗൂഡാലോചനയാണ് റെയ്ഡിന് പിന്നിലെന്ന് വാര്‍ത്താസമ്മേളനത്തില്‍ ജനകീയ വികസന മുന്നണി നേതാക്കള്‍ ആരോപിച്ചു. കുഴല്‍ ഏജന്റായി ജോലി ചെയ്തിരുന്ന ജയിംസിന് പഞ്ചായത്ത് പ്രസിഡന്റായതിന് ശേഷം 55 ലക്ഷം രൂപയുടെ കടബാധ്യതയാണുള്ളതെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഡിഡിഎഫ് നേതാവുമായ ഫിലോമിന ജോണി പറഞ്ഞു. തോമാപുരം പള്ളിയുടെ മറവില്‍ രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും ജനങ്ങള്‍ തങ്ങളോടൊപ്പമാണെന്നും ജയിംസ് പന്തമ്മാക്കല്‍ പറയുമ്പോള്‍ പള്ളി വികാരിയെ അവഹേളിക്കുകയും ഭരണത്തിന്റെ മറവില്‍ സിപിഎമ്മിനെ ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യാനുള്ള നടപടിയാണ് ജയിംസ് പന്തമാക്കല്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. മാത്യു നായിക്കാംപറമ്പില്‍ പറയുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ഉണ്ടായ ക്ഷീണം മാറ്റിയെടുക്കാന്‍ ചെറിയ രാഷ്ട്രീയ പൊതുയോഗങ്ങളില്‍ പോലും ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍, സതീഷന്‍ പാച്ചേനി തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ കൊണ്ടുവരാനും പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കാനും കോണ്‍ഗ്രസ് നടപടി സ്വീകരിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഈസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന തിഞ്ഞെടുപ്പില്‍ ഡിഡിഎഫിന് പരാജയപ്പെടുത്താനും കോണ്‍ഗ്രസിന് കഴിഞ്ഞു. എന്നാല്‍ ഇതിന് ശേഷമാണ് ചിറ്റാരിക്കാലില്‍ സംഘര്‍ഷം പതിവായത്.
ജയിംസ് പന്തമ്മാക്കലിനും പഞ്ചായത്തിനും എതിരെയുള്ള ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് വീട് വീടാന്തരം കയറിയുള്ള പ്രവര്‍ത്തനങ്ങളാണ് ഡിഡിഎഫ് നടത്തുന്നത്. ഒരു പാര്‍ട്ടിയിലുണ്ടായിരുന്നവര്‍ രണ്ട് വിഭാഗമായി തിരിഞ്ഞതോടെ ചിറ്റാരിക്കാലിലും പരിസരപ്രദേശങ്ങളിലും എന്നും സംഘര്‍ഷാവസ്ഥയാണ്. രാത്രി ഏഴരയോടെ കടകള്‍ അടക്കുന്നതോടെ ടൗണില്‍ നിന്നും ആളുകള്‍ വീട്ടിലേക്ക് പോകുന്ന സ്ഥിതിയാണ് കഴിഞ്ഞ രണ്ട്മാസമായി ഇവിടെയുണ്ടായിരിക്കുന്നത്. എല്‍ഡിഎഫ് ജയിംസ് പന്തമാക്കല്‍ നയിക്കുന്ന ഡിഡിഎഫിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസുകാര്‍ പറയുമ്പോള്‍ തങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിനെതിരെ പോരാടുന്നവരാണെന്നും സ്വതന്ത്രമായി നില്‍ക്കുമെന്നുമാണ് ഡിഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്.
Next Story

RELATED STORIES

Share it