കോണ്‍ഗ്രസ്- ജെഡിഎസ് ധാരണ

ബംഗളൂരു: കര്‍ണാടകയയില്‍ മന്ത്രിസഭാ വികസനം സംബന്ധിച്ച് കോണ്‍ഗ്രസ്സും ജെഡിഎസും ധാരണയിലെത്തി. അടുത്ത ബുധനാഴ്ചയോടെ മന്ത്രിസഭാ വികസനം പൂര്‍ത്തിയാവും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മല്‍സരിക്കുമെന്നും ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്.
മന്ത്രിസഭയുടെ അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാവുന്നതുവരെ ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി തന്ന മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി സ്ഥാനം കോണ്‍ഗ്രസ്സിനായിരിക്കും. നേരത്തേ കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചിരുന്ന ധനവകുപ്പ് ജെഡിഎസിന് വിട്ടുകൊടുക്കും. അഞ്ചുതവണ യോഗം ചേര്‍ന്നശേഷമാണ് കോണ്‍ഗ്രസ്സും ജെഡിഎസും മന്ത്രിസഭാ വികസനം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ചത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും കര്‍ണാടകയില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായിരുന്നില്ല. മെയ് 23ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിസഭാ വികസനം സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടതായി  കുമാരസ്വാമിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ണാടക എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. മന്ത്രിസഭാ വികസനം ജൂണ്‍ ആറിന് നടക്കുമെന്ന് കുമാരസ്വാമിയും വ്യക്തമാക്കി. ഇരുപാര്‍ട്ടികളിലെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ഏകോപന സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.  ആഭ്യന്തരത്തിനു പുറമേ വ്യവസായം, ആരോഗ്യം, കൃഷി, ജലസേചനം, റവന്യൂ, എന്നിവയടക്കം 22 വകുപ്പുകള്‍ കോണ്‍ഗ്രസ്സിന് ലഭിക്കും. ധനകാര്യത്തിനു പുറമേ വിദ്യാഭ്യാസം, പൊതുമരാമത്ത്, ഗതാഗതം എക്‌സൈസ്,  ടൂറിസം, എന്നിവയടക്കം 12 വകുപ്പുകള്‍ ജെഡിഎസിന് ലഭിക്കും.
Next Story

RELATED STORIES

Share it