palakkad local

കോണ്‍ഗ്രസ് ജില്ലാ നേതാവിന്റെ ആജ്ഞ ധിക്കരിച്ച വില്ലേജ് ഓഫിസറെ സ്ഥലം മാറ്റാന്‍ ഉത്തരവ്

ആനക്കര: മണ്ണ് മാഫിയ സംഘത്തെ തൊടരുതെന്ന കോണ്‍ഗ്രസ് നേതാവിന്റെ നിര്‍ദേശം അവഗണിച്ച വില്ലേജ് ഓഫിസറെ സ്ഥലം മാറ്റാന്‍ നീക്കം തുടങ്ങി. ഇദ്ദേഹത്തെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിലും പുതുതായി ഇവിടേക്ക് ആരെ നിയയമിക്കണമെന്ന കാര്യവും മാത്രമാണ് ഇനി ബാക്കിയുള്ളത്.
കപ്പൂര്‍ വില്ലേജ് ഓഫിസര്‍ക്കാണ് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുക വഴി എട്ടിന്റെ പണി കിട്ടുന്നത്. കഴിഞ്ഞ കുറേ കാലമായി സ്ഥിരം ഓഫിസറില്ലാതെ നട്ടം തിരിഞ്ഞ കപ്പൂരില്‍ എട്ടുമാസം മുമ്പാണ് ഇദ്ദേഹം ചുമതലയേറ്റത്. എന്നാല്‍ അന്നുതൊട്ട് മേഖലയില്‍ നടന്നുവരുന്ന പരിസ്ഥിതി നശീകരണത്തിന് കാരണമായേക്കുന്ന അനധികൃത പ്രവര്‍ത്തികള്‍ക്ക് ശക്തമായ നടപടി എടുക്കുക വഴി പൊതുജനങ്ങളുടെയും മേലധികാരികളുടെയും പ്രശംസയ്ക്ക് പാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഓഫിസിലെ ഔദ്യോഗിക ഫോണിലേക്ക് കോണ്‍ഗ്രസ്സിന്റെ ജില്ലയിലെ തല മൂത്ത നേതാവിന്റെ വിളിവരുന്നത്. ഫോണിലാണെങ്കില്‍ കൂടി രാഷ്ട്രീയ നേതാവെന്ന നിലയില്‍ വേണ്ടത്ര പരിഗണന നല്‍കിയെങ്കിലും ഭീഷണിയായിരുന്നു ഫലമെന്ന് ഓഫിസര്‍ പറയുന്നു. തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഇനി മുതല്‍ കപ്പൂരില്‍ മണ്ണുകടത്ത് മേഖലയിലുള്ളവരെ പിടികൂടരുതെന്നായിരുന്നു ആവശ്യം.
എന്നാല്‍ തന്റെ കര്‍ത്തവ്യത്തില്‍ നിന്നും പിന്‍വലിയാന്‍ തയ്യാറല്ലെന്ന് ഓഫിസര്‍ തുറന്നു പറഞ്ഞതോടെ പടിഞ്ഞാറങ്ങാടിയിലെ ഒരു മണ്ണെടുപ്പ് ഗ്രൂപ്പിന്റെ പേരെടുത്ത് പറഞ്ഞ് ഇവരെ നടപടിയില്‍ നിന്നും ഒഴിവാക്കണമെന്നായി അടുത്ത ആവശ്യം. ഇതിനും വഴങ്ങാതിരുന്ന ഓഫിസറെ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. വഴങ്ങാതിരുന്നതോടെ കഴിഞ്ഞ ദിവസം ഉത്തരവ് വരുകയും ചെയ്തു. എന്നാല്‍ കൊല്ലം സ്വദേശിയായ ഓഫിസറെ എവിടേക്ക് വിടുന്നു എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
പട്ടിത്തറ പഞ്ചായത്തിന് മുന്നില്‍ നടക്കുന്ന മണ്ണെടുപ്പ് തടഞ്ഞ പട്ടിത്തറ വില്ലേജ് ഓഫിസറും ഇപ്പോള്‍ സ്ഥലംമാറ്റ ഭീഷണിയിലാണ്. കലക്ടറുടെ ഉത്തരവ് പാലിച്ച പട്ടിത്തറ പഞ്ചായത്ത് സെക്രട്ടറിയെ കഴിഞ്ഞ ആഴ്ചയാണ് സ്ഥലം മാറ്റിയത്.
കപ്പൂര്‍ പഞ്ചായത്തിലെ കൊഴിക്കര മേഖലയില്‍ നിന്ന് മണ്ണെടുക്കാന്‍ ജിയോളജി വകുപ്പ് വ്യാപകമായി അനുമതി നല്‍കിയിട്ടുണ്ട്. പരിസ്ഥിതി പഠനം പോലും നടത്താതെയാണ് മലപ്പുറം ജില്ലയിലേക്ക് കുന്നിടിച്ച് മണ്ണെടുക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
ഇലക്ഷന്‍ വിജ്ഞാപനം ഇറങ്ങുന്നതിന് മുമ്പ് വ്യാപകമായി പാസ് നല്‍കാനുളള ശ്രമമാണ് ജിയോളജി വകുപ്പ് എടുത്തിരിക്കുന്നതെന്നാണ് പരാതി. ഓരോ പാസ് അനുവദിക്കുമ്പോഴും ലക്ഷങ്ങളാണ് കൈക്കൂലി ഇനത്തില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്.
ഒരു ടിപ്പര്‍ മണ്ണിന് 2000 രൂപ വെച്ചാണ് ആവശ്യക്കാരില്‍ നിന്ന് മണ്ണ് മാഫിയ വാങ്ങുന്നത്. ഭരണ വകുപ്പുമായി അടുത്ത ബന്ധമുള്ളവരാണ് മണ്ണ് മാഫിയ സംഘത്തിലുള്ളവര്‍.
Next Story

RELATED STORIES

Share it