കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ എന്ന വൈറസ്

കണ്ണേറ് - കണ്ണന്‍
എ ഒ ഹ്യൂം എന്ന സായിപ്പിനാല്‍ സ്ഥാപിതമായ കാലം മുതല്‍ക്കേയുണ്ട് കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസത്തിന്റെ കളി. ദാദാഭായ് നവറോജിയും ബാലഗംഗാധര തിലകനും ഗോപാലകൃഷ്ണ ഗോഖലെയും സുഭാഷ് ചന്ദ്രബോസും ജവഹര്‍ലാല്‍ നെഹ്‌റുവുമെന്നുവേണ്ട സാക്ഷാല്‍ മഹാത്മാ ഗാന്ധി പോലും ഗ്രൂപ്പ് കളിച്ചിട്ടുണ്ടെന്നാണ് പട്ടാഭി സീതാരാമയ്യ എഴുതിയ കോണ്‍ഗ്രസ്സിന്റെ ചരിത്രം സൂക്ഷ്മമായി വായിച്ചാല്‍ മനസ്സിലാവുക. അതായത് ഗ്രൂപ്പുകളിയെന്നത് കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിന്റെ ചോരയിലും ഞരമ്പിലുമുള്ളതാണ്. ജാത്യാലുള്ളത് തൂത്താല്‍ പോവില്ലല്ലോ.
സൂര്യനസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്തോടുള്ള ഐതിഹാസികമായ പോരാട്ടത്തിനിടയില്‍ പോലും കോണ്‍ഗ്രസ്സുകാര്‍ ഗ്രൂപ്പ് കളിച്ചിട്ടുണ്ടെങ്കില്‍ സജി ചെറിയാന്‍ എന്ന ചെങ്ങന്നൂര്‍ സഖാവിനെ ഉപതിരഞ്ഞെടുപ്പില്‍ നേരിടുമ്പോള്‍ ആ കളി ആവര്‍ത്തിച്ചില്ലെങ്കിലല്ലേ കുഴപ്പം? അതിനാല്‍ വി എം സുധീരന്‍ പറയുന്നതൊന്നും കാര്യമാക്കേണ്ടതില്ല. 'എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാവില്ലെ'ന്ന അഭിപ്രായക്കാരാണ് കോണ്‍ഗ്രസ് നേതാക്കളെല്ലാവരും. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സംഘപരിവാരത്തിന്റെ അജണ്ട ഇങ്ങനെ പോയാല്‍ അവര്‍ വൃത്തിയായും ഭംഗിയായും നടപ്പാക്കിത്തരുമെന്ന് മൂന്നു തരം.
അതിനിടയില്‍ വി എം സുധീരന്‍ പലതും പറഞ്ഞെന്നിരിക്കും. കുറേക്കാലം 'ചങ്ങായി'യുടെ കൈയിലായിരുന്നുവല്ലോ പാര്‍ട്ടിയുടെ പൂട്ടും താക്കോലും. എന്നിട്ട് എന്തുണ്ടായി? ഗ്രൂപ്പ് മാനേജര്‍മാരായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് 'സുധീരന്‍ മുക്ത കെപിസിസി' എന്ന അജണ്ട കിറുകൃത്യമായി നടപ്പാക്കി; യുഡിഎഫിനു കൈയിലിരുന്ന ഭരണം പോയി; സുധീരന് പ്രസിഡന്റ് സ്ഥാനവും പോയി. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പെരുത്ത് സന്തോഷം. മോന്‍ ചത്താലെന്താ, മരുമോളുടെ കണ്ണീരു കാണാന്‍ കഴിഞ്ഞല്ലോ. അതാണ് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിന്റെയൊരു ശക്തി!
ഈ രാഹുല്‍ ഗാന്ധിയുടെ കാര്യമാണ് കഷ്ടം. പക്വതയില്ല, പൊട്ടനാണ്, ചരിത്രം അറിയില്ല, പ്രവര്‍ത്തന പാരമ്പര്യമില്ല എന്നൊക്കെ പറഞ്ഞ് പുറത്തുള്ളവര്‍ കുത്തിപ്പരിക്കേല്‍പിക്കുന്നതിനിടയിലാണ് സ്വന്തം കൂട്ടത്തില്‍ തന്നെയുള്ള ഘടാഘടിയന്മാരുടെ വക ഇങ്ങനെ നൂറായിരം ഏടാകൂടങ്ങള്‍. പ്രതിപക്ഷ പാര്‍ട്ടികളിലുള്ള സകലമാന നേതാക്കളെയും കാലും കൈയും പിടിച്ച് ഒരുവിധത്തിലൊരു സഖ്യം തട്ടിപ്പടച്ചുണ്ടാക്കുന്നേയുള്ളൂ കക്ഷി. അതിനുതന്നെ എന്തൊരു പാട്! സത്യം പറഞ്ഞാല്‍ പഴയ പാമ്പു വേലായുധന്റെ അവസ്ഥയിലാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍. കൂട്ടില്‍ ചുറ്റുമുള്ളത് ഉഗ്രവിഷമുള്ള രാജവെമ്പാല മുതല്‍ രക്തമണ്ഡലി വരെയുള്ള പാമ്പുകളാണ്. അവയുടെ കടിയേല്‍ക്കാതിരിക്കണമെങ്കില്‍ ചില്ലറ മെയ്‌വഴക്കമൊന്നും പോരാ.
അതിനിടയില്‍ അത്യാവശ്യം ജനസ്വാധീനമുള്ള സംസ്ഥാനങ്ങളിലെ നേതാക്കന്‍മാര്‍ തന്നെ പാര്‍ട്ടിയുടെ ശവമടക്ക് നടത്തിയ ശേഷം മാത്രമേ പച്ചവെള്ളം കുടിക്കൂ എന്നു നിശ്ചയിച്ച് ഇറങ്ങിപ്പുറപ്പെട്ടാലോ! ഏതായാലും കേരളത്തിലെ നേതാക്കളെ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിക്കുന്നുണ്ട്; ചെങ്ങന്നൂരില്‍ മരിച്ചു മണ്ണടിഞ്ഞുപോയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശരീരത്തില്‍ നിന്നു ശേഖരിച്ച സകല സ്രവങ്ങളുടെയും സാംപിളുമായി ഡല്‍ഹിയിലെത്താനാണ് ഉത്തരവ്. ഗ്രൂപ്പിസമെന്ന നിപാ വൈറസാണ് മരണകാരണമെന്ന് ഉറപ്പിക്കാന്‍ രോഗലക്ഷണങ്ങള്‍ മാത്രം മതിയാവും. ഈ വൈറസ് എങ്ങനെയെത്തി എന്നതിലേയുള്ളൂ സംശയം. പഴംതീനി വവ്വാലുകളായും പ്രാണിപിടിയന്‍ വവ്വാലുകളായും വൈറസും പേറി നടക്കുന്ന മുയല്‍, കോഴി, പന്നി തുടങ്ങിയ ഇതര മൃഗങ്ങളായുമൊക്കെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു ചുറ്റും ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍, കെ മുരളീധരന്‍ തുടങ്ങിയ വിവിധ പേരുകളോടുകൂടിയ വ്യത്യസ്ത ജനുസ്സുകളില്‍പ്പെട്ട കുറേയെണ്ണം കുടിപാര്‍ക്കുന്നുണ്ട്. ഇവരില്‍ ഏതു ജീവിയാണ് രോഗബാധയ്ക്ക് കാരണമെന്നാണ് കോണ്‍ഗ്രസ്സിന്റെ വൈറോളജി ലാബില്‍ പരിശോധിക്കേണ്ടത്. ഇനി ഇവരെല്ലാവരും ചേര്‍ന്ന് പരസ്പരം മല്‍സരിച്ച് വൈറസ് ബാധ ഉണ്ടാക്കിയതാണോ എന്നും പരിശോധിക്കണം.
ഇമ്മാതിരി മാരക രോഗ വൈറസുകള്‍ പേറിനടക്കുന്ന സാധനങ്ങളെ അതീവ സുരക്ഷാ നടപടികള്‍ കൈക്കൊണ്ട് അകറ്റിനിര്‍ത്തിയാല്‍ മാത്രമേ കോണ്‍ഗ്രസ് രക്ഷപ്പെടുകയുള്ളൂ എന്നു പറയുന്ന യുവശിങ്കങ്ങളും പാര്‍ട്ടിയില്‍ ധാരാളമുണ്ട്. എഴുപതും എണ്‍പതും കഴിഞ്ഞവര്‍ കട്ടിലൊഴിയാത്തതുമൂലം യുവ കോണ്‍ഗ്രസ് നേതാക്കളുടെ കാര്യം കഷ്ടമാണെന്നതില്‍ സംശയമൊന്നുമില്ല. അതിനാല്‍, ചെങ്ങന്നൂരിലെ വൈറസ് ബാധ മൂലം അവര്‍ക്ക് ഒരവസരം വീണുകിട്ടിയിരിക്കുന്നു. യുവാവായ രാഹുല്‍ ഗാന്ധി യുവനേതാക്കളുടെ പരാതി പരിഹരിച്ചുകൊടുക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. അതല്ല, മൂന്നു തവണ രാജ്യസഭാംഗവും ആറു തവണ ലോക്‌സഭാംഗവുമായ ആളെത്തന്നെ വീണ്ടും എംപിയാക്കി യുവാക്കളുടെ കഞ്ഞിയില്‍ പാറ്റ വീഴ്ത്തുമോ എന്നും അറിയണം. ഏതായാലും ഇതുപോലെയുള്ള ഊരാക്കുടുക്കില്‍ രാഹുല്‍ ഗാന്ധി ഇതേവരെ ചെന്നുചാടിയിട്ടില്ലെന്ന് തീര്‍ച്ച.
സംസ്ഥാനത്തെ ഒന്നടങ്കം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ തിരഞ്ഞെടുപ്പായിരുന്നു ചെങ്ങന്നൂരിലേത്. പക്ഷേ, പിടിച്ചതിനേക്കാള്‍ വലുത് മാളത്തില്‍ എന്നതായിരിക്കുന്നു തിരഞ്ഞെടുപ്പാനന്തര വിശേഷങ്ങള്‍. ഉദ്വേഗം അവസാനിക്കുന്നില്ലെന്ന് മാത്രമല്ല, വര്‍ധിക്കുകയുമാണ്. ചാനലുകാര്‍ക്ക് നല്ല കോളായി; പത്രക്കാര്‍ക്ക് ഹരവുമായി.
ഈ കോലാഹലങ്ങളില്‍പ്പെട്ട സാദാ കോണ്‍ഗ്രസ്സുകാരന്റെ കാര്യവും കഷ്ടം തന്നെ. ഉമ്മന്‍ചാണ്ടിക്ക് നേരെ ഡല്‍ഹിയിലേക്കു വിമാനം കയറാം. പുതുപ്പള്ളിയില്‍ എല്ലാം ഭദ്രം. ഹരിപ്പാട്ട് സംഗതി അത്ര ഭദ്രമല്ലാത്തതിനാല്‍ രമേശ് ചെന്നിത്തലയ്ക്ക് ഗത്യന്തരമില്ലെങ്കില്‍ ഖദര്‍ കുപ്പായം ഊരിവച്ച് ബിജെപിയിലേക്കു നൂണ്ടുകയറാവുന്നതേയുള്ളൂ. പക്ഷേ, മതേതരത്വവും ജനാധിപത്യവും സോഷ്യലിസവുമൊക്കെ ശരിക്കും തങ്ങളുടെ പാര്‍ട്ടിയില്‍ ഉള്ളതാണെന്നു കരുതുന്ന പട്ടാങ്ങുകാരായ സാധാരണ കോണ്‍ഗ്രസ്സുകാര്‍ എന്തു ചെയ്യും?

*****

'ബെറിഡന്റെ കഴുത' എന്നൊരു സിദ്ധാന്തമുണ്ട് ഫിലോസഫിയില്‍. തുല്യ അകലത്തില്‍ വച്ച രണ്ടു പുല്ലുകെട്ടുകള്‍ക്കിടയില്‍ പെട്ടുപോയ കഴുത, ഏതെടുത്തു തിന്നണമെന്ന് ആലോചിച്ച് രണ്ടും തിന്നാന്‍ കഴിയാതെ വിശന്നു ചാവുകയേയുള്ളൂ എന്നാണ് അതിന്റെ പൊരുള്‍. കുറച്ചു കാലമായി കേരള രാഷ്ട്രീയത്തില്‍ കെ എം മാണി ബെറിഡന്റെ കഴുതയായിരുന്നു. ഒരുഭാഗത്ത് എല്‍ഡിഎഫിന്റെ പുല്ലുകെട്ട്, തുല്യ അകലത്തില്‍ തന്നെ യുഡിഎഫ് പുല്ലുകെട്ട്- ഏതു തിന്നുമെന്ന് ആലോചിച്ചാലോചിച്ച് മാണിസാര്‍ വശംകെട്ടു. ഒടുവില്‍ രണ്ടും കല്‍പിച്ച് ചെങ്ങന്നൂരില്‍ യുഡിഎഫ് പുല്‍ക്കെട്ട് തിന്നാമെന്നു വച്ചുവെങ്കിലും ആ തന്ത്രം ഏശാതെ പോയതാണ് കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് ചരിത്രത്തില്‍ സംഭവിച്ച ഏറ്റവും വലിയ ദുര്യോഗം.
മാണിസാര്‍ തന്നെ സ്വയം പറഞ്ഞപോലെ, വഴിയോരത്ത് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കന്യകയായിരുന്നു കേരളാ കോണ്‍ഗ്രസ്. മൊഞ്ചും മിനുപ്പും കണ്ടാല്‍ ആര്‍ക്കും 'ഹാജത്ത്' തോന്നുന്ന അതിസുന്ദരി. 'വൈരാഗ്യമേറിയ വൈദിനകനാട്ടെ,യേറ്റ വൈരിക്കു മുമ്പുഴറിയോടിയ ശത്രുവാട്ടെ', മിഴിയുള്ളവരാരാകിലും നോക്കിയൊന്നു കടക്കണ്ണെറിയുമെന്നും അതിലെന്തു തെറ്റ് എന്നുമാണ് മാണിസാര്‍ അന്നു ചോദിച്ചത്. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും സുന്ദരിക്കു നേരെ കടക്കണ്ണെറിഞ്ഞു എന്നതു നേര്. പക്ഷേ, കൈപിടിച്ചപ്പോള്‍ സുന്ദരിക്കു പിഴച്ചു. കുഞ്ഞാലിക്കുട്ടി സാഹിബ് കൊണ്ടുവന്ന കല്യാണാലോചനയ്ക്ക് സമ്മതിച്ചുകൊടുത്തതാണ് പാളിപ്പോയത്. എല്ലാം സഹിക്കാം, ഇനിയെങ്ങനെയാണ് ആ കാനം രാജേന്ദ്രന്റെയൊക്കെ മുഖത്തു നോക്കുക എന്നതിലാണ് മാണിസാറിന്റെ ദുഃഖം.
കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി കേരളത്തില്‍ വളര്‍ന്നിട്ടേയുള്ളൂ. അതുകൊണ്ടാണല്ലോ ഒറ്റ പാര്‍ട്ടിക്കു പകരം ഒത്തിരി പാര്‍ട്ടികളായി അതു നിലനില്‍ക്കുന്നത്. വളരുന്തോറും പാര്‍ട്ടി പിളര്‍ന്നുകൊണ്ടിരുന്നു. അപ്പോഴൊന്നും ഉണ്ടാവാത്തത്ര ആപത്താണ് ഇപ്പോള്‍ സംഭവിച്ചത്. പി ജെ ജോസഫിനെയും കൂട്ടരെയും പിളര്‍ന്നുപോയി യുഡിഎഫ് പാളയത്തില്‍ കയറിച്ചെല്ലാന്‍ അനുവദിക്കുകയായിരുന്നു നല്ലതെന്ന് മാണിസാര്‍ ഇപ്പോള്‍ കരുതുന്നുണ്ടാവും. എന്നിട്ട് എല്‍ഡിഎഫിന്റെ കൈയേലങ്ങു കയറിപ്പിടിക്കുക. എത്ര നന്നായേനെ അത്!

*****

മാണിസാര്‍ തോറ്റേടത്ത് ജയിച്ചത് നടേശന്‍ മുതലാളിയാണ്. വലിയ മുതലാളിയുടെയും കൊച്ചുമുതലാളിയുടെയും ഉള്ളിലിരിപ്പ് ഒന്നാണെങ്കിലും രണ്ടു പേരും രണ്ടു ഭാഗത്തു നിന്നാണ് പയറ്റിയത്. അച്ഛന്‍ വെള്ളാപ്പള്ളി ഒന്നു പറഞ്ഞു, മകന്‍ വെള്ളാപ്പള്ളി മറ്റൊന്നും. 'തന്നതില്ല പരനുള്ളു കാട്ടുവാനുള്ളൊരുപായമീശ്വരന്‍' എന്നാണല്ലോ കവിവചനം. തിരഞ്ഞെടുപ്പു കഴിഞ്ഞ് സജി ചെറിയാന്‍ ജയിച്ചപ്പോള്‍ രണ്ടു പേര്‍ക്കുമുണ്ട് അതിന്‍മേല്‍ തങ്ങളുടേതായ അവകാശവാദങ്ങള്‍.
ബിഡിജെഎസിന്റെ വോട്ട് മൊത്തവും ഇടതുമുന്നണിക്ക് കിട്ടിയത് കൊണ്ടാണ് സജി ചെറിയാന്‍ ജയിച്ചതെന്ന് വെള്ളാപ്പള്ളി പറഞ്ഞാല്‍ എങ്ങനെയാണ് നിഷേധിക്കുക? ബിഡിജെഎസിന്റെ വോട്ടില്‍ ബഹുഭൂരിപക്ഷവും എന്‍ഡിഎക്ക് തന്നെ ചെയ്തിട്ടുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുമ്പോള്‍ അതു നിഷേധിക്കാനുമില്ല യാതൊരു ന്യായവും.
കണ്ണന്‍ രണ്ടു പേര്‍ക്കും മുമ്പില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നു.

അവശിഷ്ടം: കോണ്‍ഗ്രസ്സില്‍ അഴിച്ചുപണി അനിവാര്യം- കെ മുരളീധരന്‍.
എന്നിട്ടു മതി നേതാക്കളുടെ വക പണി കൊടുക്കല്‍. ി

Next Story

RELATED STORIES

Share it