കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് (എം) ചര്‍ച്ചയില്‍ തീരുമാനമായില്ല

തിരുവനന്തപുരം: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് (എം) ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല. ഒരു സീറ്റെങ്കിലും അധികം വേണമെന്ന കേരളാ കോണ്‍ഗ്രസ്സിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളി. പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ ഏറ്റെടുക്കാമെന്ന കോണ്‍ഗ്രസ് നിര്‍ദേശം കേരളാ കോണ്‍ഗ്രസ്സും അംഗീകരിച്ചില്ല. പാര്‍ട്ടിക്കുള്ളിലെ സമവാക്യങ്ങള്‍ ശരിയാവണമെങ്കില്‍ ഒരു സീറ്റ് അധികം വേണമെന്നു ചെയര്‍മാന്‍ കെ എം മാണി ആവശ്യപ്പെട്ടു. ഒരുവിഭാഗം നേതാക്കള്‍ പാര്‍ട്ടി വിട്ടതിനു ശേഷവും അധികം സീറ്റ് ആവശ്യപ്പെടുന്നതില്‍ ന്യായമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച വീണ്ടും ചര്‍ച്ച തുടരും.  ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. സ്ഥാനാര്‍ഥികളെയും തര്‍ക്കമുള്ള സീറ്റുകളിലെ കാര്യവും തീരുമാനിക്കാന്‍ കെ എം മാണിയെ ചുമതലപ്പെടുത്തി. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പരാജയപ്പെട്ട അങ്കമാലി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും.   ഇതോടെ ജേക്കബ് വിഭാഗത്തിന് പിറവത്തിനു പുറമെ മറ്റൊരു സീറ്റുകൂടി നല്‍കും. ഇടഞ്ഞുനില്‍ക്കുന്ന മുസ്‌ലിംലീഗ് ചടയമംഗലം സീറ്റ് എറ്റെടുക്കില്ല. പകരം ലീഗ് ആവശ്യപ്പെട്ട കരുനാഗപ്പള്ളി വിട്ടുനല്‍കില്ലെന്ന് കോണ്‍ഗ്രസ്സും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇരവിപുരത്തിനു പകരം കുന്ദമംഗലമോ, തവനൂരോ വേണമെന്ന് ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ്സിനെ അറിയിച്ചു.
Next Story

RELATED STORIES

Share it