കോണ്‍ഗ്രസ് ഇഫ്താര്‍ വിരുന്നില്‍ പ്രണബ് മുഖര്‍ജിക്ക് ക്ഷണമില്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നടത്തുന്ന ഇഫ്താര്‍ വിരുന്നില്‍ നിന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിയെ ഒഴിവാക്കി.
നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തു കഴിഞ്ഞയാഴ്ച നടന്ന പരിശീലന ക്യാംപിനെ അഭിസംബോധന ചെയ്ത പ്രണബിന്റെ നടപടി വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ ഇഫ്താറില്‍ നിന്ന് ഒഴിവാക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആര്‍എസ്എസ് പ്രചാരകര്‍ക്കുള്ള 25 ദിവസത്തെ പരിശീലന ക്യാംപായ സംഘ് ശിക്ഷാ വര്‍ഗിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രണബിന്റെ നടപടിയാണ് വിവാദമായത്.
കോണ്‍ഗ്രസ്സിന്റെ ന്യൂനപക്ഷ വിഭാഗമാണ് പരിപാടിയുടെ സംഘാടകര്‍. നാളെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ഉള്‍പ്പെടെ യുപിഎ ഘടകകക്ഷികള്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, സിപിഎം, എന്‍സിപി ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ക്കും ക്ഷണമുണ്ട്. പ്രണബ് മുഖര്‍ജിക്കു പുറമേ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.
ഈ മാസം 5നു കെജ്‌രിവാള്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിന് കോണ്‍ഗ്രസ് നേതാക്കളെയാരെയും ക്ഷണിച്ചിരുന്നില്ല. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെ പ്രണബിന്റെ സാന്നിധ്യത്തിനെതിരേ അഹ്മദ് പട്ടേല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയും പരസ്യമായി രംഗത്തുവന്നിരുന്നു. പട്ടേലിന്റെ അഭിപ്രായ പ്രകടനം സോണിയയുടെ അറിവോടെയായിരിക്കുമെന്നതിനാല്‍ നാഗ്പൂരിലേക്കുള്ള പ്രണബിന്റെ യാത്രയില്‍ സോണിയക്കും പ്രശ്‌നമുള്ളതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it