Middlepiece

കോണ്‍ഗ്രസ് ഇനി തിരിച്ചുവരുമോ?

കോണ്‍ഗ്രസ് ഇനി തിരിച്ചുവരുമോ?
X
slug-indraprasthamഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന ചിരപുരാതനമായ രാഷ്ട്രീയകക്ഷി ഇന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത്? രാജ്യം സ്വാതന്ത്ര്യം നേടിയ നാള്‍ മുതല്‍ അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യയുടെ ഭരണവും ഭാഗധേയവും നിര്‍ണയിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു. തകര്‍ച്ചയില്‍നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെണീറ്റ ചരിത്രവും കോണ്‍ഗ്രസ്സിനുണ്ട്. എന്നാല്‍, ഇന്ന് കോണ്‍ഗ്രസ് അത്തരം എന്തെങ്കിലും പ്രതീക്ഷ ജനങ്ങളില്‍ അവശേഷിപ്പിക്കുന്നുണ്ടോ?
കോണ്‍ഗ്രസ്സിന്റെ മുന്‍കാല ചരിത്രവും പാരമ്പര്യവും അറിയുന്ന ആരും ഇന്ന് ആ കക്ഷി എത്തിച്ചേര്‍ന്നിരിക്കുന്ന പതനത്തിന്റെ ഭീകരത തിരിച്ചറിയാതിരിക്കുകയില്ല. അടിയന്തരാവസ്ഥയായിരുന്നു കോണ്‍ഗ്രസ് തകര്‍ച്ചയുടെ നെല്ലിപ്പടിയായി ഇത്രയും കാലം കരുതപ്പെട്ടിരുന്നത്. ഇന്ദിരാഗാന്ധിയെ ഇന്ദിരയക്ഷി എന്നാണു ജനം വിളിച്ചുവന്നത്. അതിഭീകരമായിരുന്നു നാട്ടിലെ അന്നത്തെ അവസ്ഥ. പോലിസും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും ചേര്‍ന്ന് കാപാലികനൃത്തമാടിയ കാലം. കേരളത്തില്‍ കരുണാകരന്റെ പോലിസ് തേര്‍വാഴ്ചയുടെ കാലം. എതിരാളികളെ എല്ലാ ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന കാലം. എതിര്‍ശബ്ദമുയര്‍ത്തിയ കൊച്ചുകുട്ടികളെപ്പോലും കക്കയം ക്യാംപ് പോലുള്ള പീഡനകേന്ദ്രങ്ങളില്‍ തല്ലിച്ചതച്ച കാലം. പീഡനമേറ്റ് മരിച്ചുപോയവരുടെ ജഡം ഉരക്കുഴിയുടെ അഗാധതകളില്‍ തള്ളുന്ന കാലം.
എന്നിട്ടും അടിയന്തരാവസ്ഥ കഴിഞ്ഞ് രണ്ടുവര്‍ഷത്തിനകം കോണ്‍ഗ്രസ് വീണ്ടും ജനഹൃദയങ്ങളിലേക്കു തിരിച്ചുവന്നു. പിന്നീട് അങ്ങനെയൊരു തകര്‍ച്ചയുണ്ടായത് രാജീവ്ഗാന്ധിയുടെ കാലത്ത് വി പി സിങും കൂട്ടരും വിട്ടുപോയ വേളയിലാണ്. അന്ന് കോണ്‍ഗ്രസ്സിനെ അധികാരത്തിനു പുറത്തിരുത്തി വി പി സിങ് പ്രധാനമന്ത്രിയായി. ആ കാലഘട്ടം അവസാനിച്ചത് രാജ്യത്ത് പ്രധാന രാഷ്ട്രീയകക്ഷിയായി ബിജെപി രംഗപ്രവേശം ചെയ്തുകൊണ്ടാണ്. അടല്‍ ബിഹാരി വാജ്‌പേയി 1999ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ കാലത്ത് ഇനി കോണ്‍ഗ്രസ് തലപൊക്കില്ല എന്നാണു മിക്കവാറും ആളുകള്‍ നിശ്ചയിച്ചത്.
ഡല്‍ഹിയിലെ മാധ്യമങ്ങളും അപ്രകാരം തന്നെയാണു ചിന്തിച്ചത്. 2004ലെ തിരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസ്സിന്റെ വാര്‍ത്തകളും പ്രസ്താവനകളും അവഗണിക്കുന്ന പരിപാടി മാധ്യമങ്ങള്‍ തുടരരുത് എന്നു തൊഴുകൈയോടെ അന്നത്തെ നേതാക്കളായ പ്രണബ് മുഖര്‍ജിയും മന്‍മോഹന്‍ജിയും ഇന്ദ്രപ്രസ്ഥത്തിലെ മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുന്നതിന് ഈ നിരീക്ഷകന്‍ ദൃക്‌സാക്ഷിയാണ്.
കാരണം, അന്ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് കയറാന്‍ പല പത്രക്കാര്‍ക്കും നേരമുണ്ടായിരുന്നില്ല. ഭാരതീയ പശുവാദിപ്പാര്‍ട്ടിയുടെ ആസ്ഥാനത്തും അതിന്റെ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ വസതിയിലെ പത്രസമ്മേളനങ്ങളില്‍ വിളമ്പിയ പരമരസികന്‍ ഉച്ചഭക്ഷണത്തിലുമായിരുന്നു പലര്‍ക്കും പഥ്യം. കോണ്‍ഗ്രസ് ഉണങ്ങിക്കരിഞ്ഞ പുല്‍മേട് പോലെ വരണ്ടുകിടന്നു. മറുവശത്ത് പശുവാദികള്‍ അങ്ങനെ തടിച്ചുകൊഴുത്ത് 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യവുമായി ആര്‍ത്തുവിളിച്ചുനടന്നു.
അന്നും എല്ലാ കണക്കുകൂട്ടലുകളും ഭേദിച്ച് കോണ്‍ഗ്രസ് തിരിച്ചെത്തി. പിന്നീട് 10 കൊല്ലക്കാലം കോണ്‍ഗ്രസ് തന്നെയാണു നാടുഭരിച്ചത്. ജനങ്ങള്‍ക്ക് എന്നും കോണ്‍ഗ്രസ്സിനോട് ഉണ്ടായിരുന്ന സ്‌നേഹബഹുമാനങ്ങളും താല്‍പര്യവും തന്നെയാണു തിരിച്ചുവരവിന്റെ ആ ഗംഭീര മുഹൂര്‍ത്തത്തിലും തെളിഞ്ഞുകണ്ടത്.
അന്നൊക്കെ സോണിയ ആയിരുന്നു കോണ്‍ഗ്രസ്സിന്റെ ശക്തി. ഇപ്പോള്‍ അവര്‍ ക്ഷീണിതയായി കാണപ്പെടുന്നു. മന്‍മോഹന്‍ജിയെപ്പോലുള്ളവര്‍ അരങ്ങത്തുനിന്ന് ഒഴിഞ്ഞുപോയ മട്ടാണ്. പകരം വന്നിരിക്കുന്ന കൂട്ടരില്‍ പലരും ദുര്‍ബലരാണ്. രാഹുല്‍ഗാന്ധിയെ മുന്നില്‍ നിര്‍ത്തി പടനയിക്കാനാണ് ഇനി കോണ്‍ഗ്രസ് നീക്കം. വൈകാതെ രാഹുല്‍ അമ്മയില്‍നിന്നു പദവി ഏറ്റെടുക്കുമെന്നാണു പറയുന്നത്.
പക്ഷേ, രാഹുലിന് കോണ്‍ഗ്രസ്സിനെ വീണ്ടും ശക്തിയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ കഴിയുമോ? ഒരുപക്ഷേ കഴിഞ്ഞേക്കാം. പക്ഷേ, അത് എളുപ്പമാവില്ല. കാരണം, നെഹ്‌റു കുടുംബം ഇന്ന് പഴയപോലെ ജനഹൃദയങ്ങളിലില്ല. രാഹുലിന്റെ സഹോദരി പ്രിയങ്ക എന്തുകൊണ്ടാണ് പൊതുരംഗത്തുനിന്ന് മറഞ്ഞുനില്‍ക്കുന്നത്?
ഒരു കാരണം അവരുടെ ഭര്‍ത്താവിന്റെ ഇടപാടുകള്‍ തന്നെ. വദ്രയുടെ ബിസിനസ് ഇടപാടുകള്‍ കുടുംബത്തിന്റെ വിശ്വാസ്യതയുടെ മേലാണ് കരിനിഴല്‍ വീഴ്ത്തുന്നതെന്ന് ഒരുമാതിരി എല്ലാവര്‍ക്കും അറിയാം. അത് ഏറ്റവും നന്നായി അറിയുന്നത് ഭരണകക്ഷിയായ ബിജെപിക്കുതന്നെ. അതിനാല്‍ കോണ്‍ഗ്രസ്സിന് ഇന്ദിരയുടെ പ്രതിച്ഛായ നല്‍കാന്‍ കരുത്തുള്ള പ്രിയങ്കയെ അവര്‍ ഒരിക്കലും പുറത്തിറങ്ങാന്‍ സമ്മതിക്കില്ല. അതിനുള്ള തുറുപ്പുചീട്ട് അവരുടെ കൈയില്‍ത്തന്നെയുണ്ടുതാനും.
Next Story

RELATED STORIES

Share it