Kollam Local

കോണ്‍ഗ്രസ്-ആര്‍എസ്പി ഓഫിസുകള്‍ക്ക് നേരെ ആക്രമണം; കൊട്ടാരക്കരയില്‍ ഇന്ന് ഹര്‍ത്താല്‍

കൊട്ടാരക്കര:കൊട്ടാരക്കരയിലെ കോണ്‍ഗ്രസ് ഓഫിസിനും ആര്‍എസ്പി മണ്ഡലം കമ്മിറ്റിയുടെ ഓഫിസിനുനേരെയും ആക്രമണം.ആക്രമികള്‍ ഓഫിസുകളുടെ ജനലുകളും ഗ്ലാസ് ഭിത്തികളും ഫര്‍ണ്ണിച്ചറുകളും എറിഞ്ഞു തകര്‍ത്തു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലായിരുന്നു പാറകല്ലിന്റെ ചീളുകള്‍ ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനുശേഷം കൊട്ടാരക്കരയിലെ യുഡിഎഫ് നേതാക്കളുടെ വീടുകള്‍ക്ക് നേരെയും സ്ഥാപനങ്ങള്‍ക്ക് നേരെയു വ്യാപകമായ ആക്രമണമാണ് നടന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.യുഡിഎഫ് നേതാക്കളായ ബ്രിജേഷ് ഏബ്രഹാം, സാംസണ്‍ വാളകം, സി മോഹനന്‍പിള്ള, നെല്‍സണ്‍ തോമസ് എന്നിവരുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസത്തെ ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയായിരുന്നു കൊട്ടാരക്കര ചന്തമുക്കിലെ ആര്‍എസ്പി മണ്ഡലം കമ്മിറ്റി ഓഫിസിനുനേരെ അക്രമികള്‍ കല്ലേറ് നടത്തിയത്. ഓഫിസിലെ ജനലിന്റെ ഗ്ലാസ്സുകള്‍ മുഴുവന്‍ തകര്‍ന്നിട്ടുണ്ട്. ചില ജനലുകള്‍ പാറചീളുകള്‍ വച്ച് ഇടിച്ച് തകര്‍ത്തനിലയിലാണ്.ഓഫിസില്‍ രാത്രിയില്‍ ഉണ്ടായിരുന്നയാള്‍ ലൈറ്റിട്ടപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.ഇതിന് തൊട്ട് മുമ്പോ പിമ്പോ ആകാം കോണ്‍ഗ്രസ് ഭവനുനേരെ ആക്രമണം നടന്നതെന്നാണ് സൂചന.ആക്രമണത്തിന് പിന്നില്‍ കേരളാ കോണ്‍ഗ്രസ് (ബി) യില്‍പ്പെട്ട ചിലരാണെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ ആരോപിച്ചു. കൊട്ടാരക്കര പോലിസ് സ്ഥലതെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കൊട്ടാരക്കര മുനിസിപാലിറ്റി പരിധിയില്‍ ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുരെയാണ് ഹര്‍ത്താല്‍. സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് അഞ്ചിന് കൊട്ടാരക്കര ചന്തമുക്കില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു.
Next Story

RELATED STORIES

Share it