Flash News

കോണ്‍ഗ്രസ്സുമായി സഹകരണം : സിപിഐ നിലപാട് നാളെ ചേരുന്ന ദേശീയ കൗണ്‍സില്‍ ചര്‍ച്ചചെയ്യും



ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സുമായി സഹകരിക്കാതെ ബിജെപിയെ ചെറുക്കാന്‍ രൂപീകരിക്കുന്ന മതേതര പ്രതിപക്ഷ ഐക്യമുന്നണി പൂര്‍ണമാവില്ലെന്ന സിപിഐ നിലപാട് നാളെ ചേരുന്ന സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും. നേരത്തേ നടന്ന സിപിഐ ദേശീയ നിര്‍വാഹക സമിതി യോഗം കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പ് സഹകരണമാവാമെന്ന നിലപാട് കൈക്കൊണ്ടിരുന്നു. ഈ തീരുമാനമാണ് നാളെ നടക്കുന്ന ദേശീയ കൗണ്‍സില്‍ ചര്‍ച്ചചെയ്യുക.     രാജ്യവ്യാപകമായി സ്വാധീനമുള്ള കോണ്‍ഗ്രസ്സിനെ ഒഴിച്ചുനിര്‍ത്തി രൂപീകരിക്കുന്ന മതേതരമുന്നണി പൂര്‍ണമാവില്ലെന്ന നിലപാടാണ് സിപിഐക്കുള്ളത്. ബിജെപിയെ തിരഞ്ഞെടുപ്പ് രംഗത്ത് പ്രതിരോധിക്കണമെങ്കില്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയും സ്വാധീനവും ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കണമെന്നും സിപിഐ ദേശീയ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചിരുന്നു. ഈ തീരുമാനം സിപിഐ നേതാക്കള്‍ സിപിഎം നേതാക്കളെ അറിയിച്ചിരുന്നെങ്കിലും അവര്‍ തള്ളി. കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പ് സഖ്യം പാടില്ലെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ്സും കൊല്‍ക്കത്ത സമ്പൂര്‍ണ പ്ലീനവും തീരുമാനിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ സാധ്യമല്ലെന്നുമായിരുന്നു സിപിഎമ്മിന്റെ നിലപാട്. എന്നാല്‍, കോണ്‍ഗ്രസ്സുമായുള്ള സഖ്യമെന്ന മുന്‍ നിലപാടുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് സിപിഐയുടെ തീരുമാനം.    രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടക്കമുള്ള മേഖലകളില്‍ ബിജെപിക്കെതിരേ രൂപീകരിച്ച പ്രതിപക്ഷ ഐക്യനിരയില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ഒന്നിച്ചാണുള്ളത്. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രതിയോഗികളായി അറിയപ്പെടുന്ന ഒട്ടേറെ പാര്‍ട്ടികളും ഇത്തരത്തില്‍ ഒന്നിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിനെ പ്രതിപക്ഷത്തിന്റെ പൊതു പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കാമെന്നാണ് സിപിഐയുടെ നിലപാട്.
Next Story

RELATED STORIES

Share it