Flash News

കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പ് സഖ്യം: സിപിഐയില്‍ ഭിന്നത



ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ബിജെപിയെ ചെറുക്കാന്‍ രൂപീകരിക്കുന്ന മതേതര ഐക്യമുന്നണിയില്‍ കോണ്‍ഗ്രസ്സിനെ ഉള്‍പ്പെടുത്തണമെന്ന സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെതിരേ കേരള ഘടകം. ഡല്‍ഹിയില്‍ ഇന്നലെ സമാപിച്ച സിപിഐ കൗണ്‍സിലില്‍ കേരളഘടകം ഈ നിലപാടിനെ എതിര്‍ത്തു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കേണ്ടെന്നും ബിജെപിക്കെതിരായി വിശാലവേദി രൂപീകരിച്ചാല്‍ മതിയെന്നും കൗണ്‍സിലില്‍ ധാരണയായി. കോണ്‍ഗ്രസ് അടക്കമുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുമായി യാതൊരുവിധ തിരഞ്ഞെടുപ്പ് സഖ്യവും പാടില്ലെന്ന പോണ്ടിച്ചേരി പാര്‍ട്ടി കോണ്‍ഗ്രസ്സിലെ തീരുമാനത്തില്‍ വെള്ളംചേര്‍ക്കരുതെന്ന് കേരളത്തില്‍നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി സ്വാധീനമുള്ള കോണ്‍ഗ്രസ്സിനെ ഒഴിച്ചുനിര്‍ത്തി രൂപീകരിക്കുന്ന മതേതരമുന്നണി പൂര്‍ണമാവില്ലെന്ന നിലപാടായിരുന്നു സിപിഐ കേന്ദ്ര നേതൃത്വത്തിനുണ്ടായിരുന്നത്. ഈ തീരുമാനത്തിന് അംഗീകാരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസമായി ഡല്‍ഹയില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയായത്. സംസ്ഥാനത്ത് കോണ്‍ഗ്രസ്സാണ് എല്‍ഡിഎഫിന്റെ മുഖ്യ രാഷ്ട്രീയ ശത്രുവെന്നും ഇടതുമുന്നണിയുടെ ഭാഗമായിരിക്കുമ്പോള്‍ ഒരു സാഹചര്യത്തിലും കോണ്‍ഗ്രസ്സുമായുള്ള തിരഞ്ഞെടുപ്പ് സഖ്യത്തെ അനുകൂലിക്കാനാവില്ലെന്നും കേരളഘടകം നിലപാടെടുത്തു. അതേസമയം, മറ്റു ചില സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കളും കേന്ദ്ര നേതൃത്വവും കോണ്‍ഗ്രസ്സുമായുള്ള സഹകരണത്തിന് അനുകൂലമായിരുന്നു. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനെ ഒഴിച്ചുനിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യനിരയ്ക്ക് സാധിക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷം കേരളത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചു. 2018 ഏപ്രില്‍ അവസാനവാരമോ മെയ് ആദ്യവാരമോ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കും. 16 വര്‍ഷത്തിനു ശേഷമാണ് കേരളം സിപിഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ്സിന് വേദിയാവുന്നത്.
Next Story

RELATED STORIES

Share it