malappuram local

കോണ്‍ഗ്രസ്സില്‍ ചര്‍ച്ച വേണമെന്ന് വി ടി ബല്‍റാം എംഎല്‍എ

മലപ്പുറം: മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനെത്ത അനുകൂലിച്ച കോണ്‍ഗ്രസ്സ് നേതാക്കന്‍മാര്‍ അത് തിരുത്താന്‍ തയ്യാറാവണമെന്ന് വി ടി ബല്‍റാം എംഎല്‍എ. മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ 'ഭരണഘടനാധിഷ്ഠിത സംവരണം' യൂത്ത് ചാറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ജാതി സംവരണത്തെ തുരങ്കം വയ്ക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മുന്നാക്കക്കാരിലെ പിന്നോക്കകാര്‍ക്കുള്ള സംവരണമെന്ന ആശയം ശുദ്ധ അസംബന്ധമാണ്. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ജാതി സംവരണം എന്തിന് എന്ന ഗ്രാഹ്യം ഉണ്ടാവണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ജാതി സംവരണം തന്നെയാണ് വേണ്ടത്. ദാരിദ്രം തീര്‍ക്കാനുള്ള ഏര്‍പ്പാടല്ല ജാതി സംവരണം. അത് പ്രാതിനിധ്യത്തിന്റെ പ്രശ്‌നമാണ്. ഇന്നത്തെ സാമൂഹിക  നീചത്വങ്ങള്‍ക്ക് കാരണം ജാതിയാണ്. അതുകൊണ്ട് തന്നെ അതിന്റെ പരിഹാരം ജാതി സംവരണമാണ്. സിപിഎം ചെയ്യുന്നത് സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയെന്നതാണ്. ഇത്ര പരസ്യമായി ആര്‍എസ്എസ് പോലും ഈ സംവരരണത്തെ നടപ്പാക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല. ജാതി സംവരണത്തില്‍ നിന്ന് വ്യതിചലിച്ച് ഒരു സംവരണമാനദണ്ഡത്തെയും അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാവരുതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it